2017-08-01 18:30:00

‘ഹിസോപ്പു’കൊണ്ടു ശുദ്ധീകരിക്കണേ! വിലാപഗീതത്തിന്‍റെ പഠനം (3)


സങ്കീര്‍ത്തനം 51-ന്‍റെ പഠനം. മൂന്നാം ഭാഗം

ഒന്നു മുതല്‍ ആറുവരെയുള്ള പദങ്ങളുടെ വ്യാഖ്യാനത്തെ തുടര്‍ന്ന്, ഇനി 7-മുതല്‍ 12-വരെയുള്ള പദങ്ങള്‍ നമുക്കു പരിശോധിക്കാം. നാം ആചരിക്കുന്ന കരുണയുടെ ജൂബിലവത്സരത്തില്‍ ഈ വിലാപസങ്കീര്‍ത്തന്‍റെ അര്‍ത്ഥവ്യാപ്തിയിലേയ്ക്കു ധ്യാനാത്മകമായി പ്രവേശിക്കാം. അനുതപിക്കുന്ന വ്യക്തി ദൈവത്തെ വിളിച്ചപേക്ഷിക്കുന്നതാണ് ഈ ഗീതത്തിന്‍റെ പൊരുള്‍. വ്യക്തി വിലപിക്കുന്നുവെന്നു പറയുമ്പോള്‍, തീര്‍ച്ചയായും മാനുഷികമായ നിസ്സാഹായതയാണ് അത് പ്രകടമാക്കുന്നത്. അത് ദൈവത്തിന്‍റെ നേര്‍ക്കു തിരിഞ്ഞുള്ള വിലാപമാകയാല്‍ ദൈവിക സാന്നിദ്ധ്യവും പ്രാധാന്യവും അയാള്‍ ജീവിതത്തില്‍ അംഗീകരിക്കുന്നുവെന്നാണ് അര്‍ത്ഥം. ദൈവത്തിന്‍റെ മുന്നില്‍ കാരുണ്യത്തിനായി വിലപിക്കുന്ന വ്യക്തി സമ്പൂര്‍ണ്ണമായി അവിടുന്നില്‍ ആശ്രയിക്കുന്നു. അതുകൊണ്ടാണ് പദങ്ങളില്‍ വിലാപത്തോടൊപ്പം യാചനയുടെ ഭാവങ്ങളുള്ള വരികളും കാണുന്നത്. സങ്കീര്‍ത്തകന്‍ പദങ്ങളില്‍ പ്രകടമാക്കുന്ന മനോവ്യഥയുടെ വിവരണത്തിനൊപ്പം, പിന്നെ ആവശ്യങ്ങളുടെ അവതരണം, ആവലാതിയുടെ വിസ്താരം തുടങ്ങിയവയും പദങ്ങളില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത് വ്യാഖ്യാനപഠനത്തിലൂടെ നമുക്ക് കൂടുതല്‍ മനസ്സിലാക്കാന്‍ ശ്രമിക്കാം.

51-‍Ɔ൦ സങ്കീര്‍ത്തനം ഗാനാവിഷ്ക്കാരം ചെയ്തത് ഫാദര്‍ മാത്യു മുളവനയും ജെറി അമല്‍ദേവുമാണ്. ആലാപനം, രാജലക്ഷ്മിയും സംഘവും...

   Musical Version of Ps. 51
    കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
   നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ!  - കാരുണ്യ..

ജീവിതത്തിലെ കെടുതിയില്‍ അല്ലെങ്കില്‍ ദുരിതത്തില്‍ ദൈവത്തിന്‍റെ കൃപയ്ക്കും കാരുണ്യത്തിനുവേണ്ടി അപേക്ഷിക്കുന്ന മനുഷ്യന്‍റെ ചിത്രമാണതില്‍!. ദൈവസന്നിധിയില്‍ നില്ക്കാന്‍ പാപിയായ മനുഷ്യന്‍ അയോഗ്യനാണെന്ന നല്ല ബോധ്യത്തോടും വിചാരത്തോടും, വികാരത്തോടുംകൂടെയാണ് സങ്കീര്‍ത്തകന്‍ അപേക്ഷിക്കുന്നത്. മാനുഷികാപരാധങ്ങള്‍ ദൈവ-മനുഷ്യബന്ധത്തിന് വിഘാതമാണെന്ന എളിയ ബോധ്യത്തോടെയുമാണ് സങ്കീര്‍ത്തകന്‍ തുടര്‍ന്നും പ്രാര്‍ത്ഥിക്കുന്നത്. 7-മുതല്‍ 9-വരെയുള്ള പദങ്ങള്‍ നമുക്കത് ശ്രദ്ധിക്കാം.

      Recitation Ps. 51, Verses 7-9.
      ഹിസ്സോപ്പുകൊണ്ട് എന്നെ പവിത്രീകരിക്കണമേ.
      ഞാന്‍ നിര്‍മ്മലനാകും, എന്നെ കഴുകണമേ.
      മഞ്ഞിനെക്കാള്‍ ഞാന്‍ വെണ്മയുള്ളവനാകും.
     എന്നെ സന്തോഷഭരിതനാക്കണമേ!
     അവിടുന്നു തകര്‍ത്ത എന്‍റെ അസ്ഥികള്‍ ആനന്ദിക്കട്ടെ
     എന്‍റെ പാപങ്ങളില്‍നിന്നും മുഖം മറയ്ക്കണമേ!
     എന്‍റെ അകൃത്യങ്ങള്‍ മായിച്ചുകളയണമേ!

ദൈവകൃപയ്ക്കും പാപമോചനത്തിനുമായി സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍.. ഹിസോപ്പുകൊണ്ട് എന്ന് പവിത്രീകരിക്കണമേ.. എന്നാരംഭിക്കുമ്പോള്‍... എന്താണ് ഹിസോപ്പ്..? പഴയനിയമത്തില്‍ ശുദ്ധീകരണത്തിന് അല്ലെങ്കില്‍ ശുദ്ധികര്‍മ്മത്തിന് ചെടികളുടെ കമ്പില്‍നിന്ന് ഉണ്ടാക്കിയ ഹിസോപ്പു തുഞ്ചം.. ചെറുകെട്ട് ഉപയോഗിച്ചിരുന്നു. പഴയനിയമത്തിലെ ഹിസോപ്പിനെക്കുറിച്ച് ലേവ്യരുടെ ഗ്രന്ഥം അവര്‍ത്തിച്ചു പരാമര്‍ശിക്കുന്നുണ്ട്. ഇസ്രായേലില്‍ ഇന്നും ലഭ്യാകുന്ന ‘മിന്‍റ്’ ഇനത്തില്‍പ്പെടുന്ന ചെറിയ ഔഷധച്ചെടിയാണ് ഹിസോപ്പ്. പിന്നീട് ഹിസോപ്പിന്‍റെ കമ്പുകള്‍ കൂട്ടിയുണ്ടാക്കുന്ന ‘തുഞ്ചം’ വെള്ളത്തില്‍ മുക്കി തളിച്ചുകൊണ്ട് പുരോഹിതന്‍ കര്‍മ്മാദികള്‍ക്കു മുന്‍പ് സ്ഥലശുദ്ധിയും ദേശശുദ്ധിയും  നടത്തുന്നത് ഇന്നും തുടരുന്ന ഹെബ്രായ പാരമ്പര്യമാണ്.

ഇന്ത്യയില്‍ പൗരസ്ത്യറീത്തുകളിലും, വടക്കന്‍ പ്രവിശ്യകളിലെ മിഷന്‍ കേന്ദ്രങ്ങളിലും ആരുവേപ്പ്, തുളസിപ്പോലുള്ള ഔഷധച്ചെടികളുടെ കമ്പുകള്‍ അല്ലെങ്കില്‍ ചെറുശിഖിരങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ തുഞ്ചംകൊണ്ടുള്ള “ഹിസോപ്പു തളിക്കല്‍” ഇപ്പോഴും നിലവിലുള്ളത് ശ്രദ്ധേയമാണ്. ഹെബ്രായ പാരമ്പര്യത്തില്‍ വിശുദ്ധജലം തളിച്ച് ഗൃഹശുദ്ധിചെയ്യുന്നതും ഈ രീതിയില്‍ തന്നെയാണ്.  ബാഹ്യമായ ശുദ്ധികലശത്തോട് ഒരു പ്രവാചകശൈലി...മഞ്ഞുപോലെ കഴുകി നിര്‍മ്മലാനാക്കണമേ... പ്രയോഗത്തില്‍ ബന്ധപ്പെടുത്തി ഉപയോഗിച്ചുകൊണ്ട് ആന്തരികവും ആദ്ധ്യാത്മികവുമായ ശുദ്ധീകരണത്തിനുവേണ്ടി സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നു. പാപമോചനംവഴി ലഭിക്കേണ്ട രക്ഷയുടെ ഫലമായി ലഭിക്കുന്നു. ആന്തരിക സന്തോഷത്തിനും ആനന്ദത്തിനുംവേണ്ടി സങ്കര്‍‍ത്തകന്‍ അപേക്ഷിക്കുന്നതായി പദങ്ങള്‍ വെളിപ്പെടുത്തുന്നു. അങ്ങനെ ഹിസോപ്പ് തളിച്ച് മഞ്ഞിനെക്കാള്‍ വെണ്മയണിയുന്ന മനസ്സിന്‍റെയും ആത്മാവിന്‍റെയും ആനന്ദം കൈവരിക്കാമെന്നാണ് പദങ്ങള്‍ വെളിപ്പെടുത്തുന്നത്. പിന്നെ ‘തകര്‍ക്കപ്പെട്ട അസ്ഥി’യെന്ന്... സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുമ്പോള്‍, മനുഷ്യനെ മുഴുവനായിട്ടും പദങ്ങളില്‍  പ്രതിനിധാനംചെയ്യുകയാണ്, വരച്ചുകാട്ടുകയാണ്. പാപാവസ്ഥ തകര്‍ത്ത അസ്ഥിതകള്‍, അതായത്... തന്‍റെ ദേഹവും ദേഹിയും - തന്നെ മുഴുവനായും മോചിപ്പിക്കണമേ.. എന്നാണ് ഗായകന്‍റെ യാചന!

          Recitation : 9-ാമത്തെ പദം :
         എന്നെ സന്തോഷഭരിതനാക്കണമേ!
         അവിടുന്നു തകര്‍ത്ത എന്‍റെ അസ്ഥികള്‍ ആനന്ദിക്കട്ടെ

         Musical Version Ps. 51
         കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
         നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ.
         കേവലം നിന്നോടു ഞാന്‍ ചെയ്തുപോയി പാപങ്ങള്‍
         നീതി നീ തന്നീടുന്നു നിഷ്പക്ഷം അഹോ വിധി – കാരുണ്യ
         മനുഷ്യന്‍റെ ആന്തരിക നവീകരണത്തിനുള്ള അപേക്ഷയാണ് തുടര്‍ന്നുള്ള 10-12 വരെ പദങ്ങളില്‍ നാം കാണുന്നത്. നമുക്ക് പദങ്ങള്‍         പരിശോധിക്കാം.

        Recitation Verses 10-12.
        ദൈവമേ, നിര്‍മ്മലമായ ഹൃദയം എന്നില്‍ സൃഷ്ടിക്കണമേ!
        അചഞ്ചലമായ ഒരു നവചചൈതന്യം എന്നില്‍ നിക്ഷേപിക്കണമേ!
        അങ്ങയുടെ സന്നിധിയില്‍നിന്ന് എന്നെ തള്ളിക്കളയരുതേ!
        അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
        ഒരുക്കമുള്ള ഹൃദയം നല്‍കി എന്നെ താങ്ങണമേ!

പുതിയ ജീവിത വീക്ഷണമാണ് സങ്കീര്‍ത്തകന്‍റെ പ്രധാന ലക്ഷ്യം. ഇതു അനുതാപത്തിന്‍റെ ആത്മാര്‍ത്ഥതയും തീക്ഷ്ണതയും കാണിക്കുന്നു. പക്ഷേ, പുതിയ ജീവിതശൈലി കെട്ടിപ്പടുക്കാനും,  നമ്മുടെ ജീവിതങ്ങളെ നവീകരിക്കുവാനും ദൈവസഹായം കൂടിയേതീരൂ. അതുകൊണ്ടാണ് പുതുസൃഷ്ടിക്കായി സങ്കീര്‍ത്തകന്‍ പ്രാര്‍ത്ഥിക്കുന്നത്. നിര്‍മ്മലമായ ഹൃദയം സൃഷ്ടിക്കാനുള്ള വ്യക്തിയുടെ അപേക്ഷ ധീരമായ ഒരു കാല്‍വയ്പാണ്. ഇത് നന്മയ്ക്കും നവജീവനുമുള്ള വിനീതഭാവവും തുറവുമാണ്. ലളിതമായ ഭാഷയില്‍പ്പറഞ്ഞാല്‍ വലിയ എളിമയാണ് വ്യക്തി പ്രകടമാക്കുന്നത്. ഇതാണ്, പലപ്പോഴും നമുക്ക് ഇല്ലാതെ പോകുന്നതും. ദൈവം നമ്മുടെ സ്രഷ്ടാവാണ്. അവിടുത്തെ സൃഷ്ടി അതുല്യമാണ്. അതിന് മുന്‍ധാരണയുടെ ആവശ്യമില്ല.

എല്ലാ താറുമാറുകളെയും വ്യവസ്ഥകളെയും അസാധ്യതകളെയും അതിലംഘിച്ചുകൊണ്ടും, നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടും അവിടുന്നു സൃഷ്ടിക്കുന്നു. ഇന്നും സൃഷ്ടികര്‍മ്മം ഈ പ്രപഞ്ചത്തില്‍ തുടരുന്നു, സൃഷ്ടികളെ അവിടുന്നു പരിപാലിക്കുന്നു. നിര്‍മ്മഹൃദയം സൃഷ്ടിക്കുന്നതില്‍ മനുഷന്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ ദൈവത്തിന്‍റെ സ്വതന്ത്രമായ സൃഷ്ടികര്‍മ്മം മനുഷ്യനില്‍ ആന്തരിക നവീകരണം സാധിക്കുന്നു. ഈ നവീകരണം യാഥാര്‍ത്ഥ്യമാക്കുന്ന പുതിയതും സ്ഥിരവുമായ ആത്മാവിനുവേണ്ടി സങ്കീര്‍ത്തകന്‍ അപേക്ഷിക്കുകയാണ്.

പഴയനിയമ കാഴ്ചപ്പാടില്‍ ‘ഹൃദയ’മാണ് മനുഷ്യാസ്ഥിത്വത്തിന്‍റെ കേന്ദ്രസ്ഥാനം. വിചാരത്തിന്‍റെയും വികാരത്തിന്‍റെയും, മനസ്സിന്‍റെയും ഗ്രഹണശക്തിയുടെയും ഇരിപ്പിടമാണത്. പരമാര്‍ത്ഥ ഹൃദയവും ശുദ്ധഹൃദയവും തകര്‍ന്ന ഹൃദയവും സങ്കീര്‍ത്തന ശൈലിയില്‍പ്പെട്ടതാണ്. ര്‍ണ്ണഹൃദയത്തോടെയാണ്, ശുദ്ധഹൃദയത്തോടെയാണ് ഇസ്രായേല്‍‍ ദൈവത്തെ സ്നേഹിക്കേണ്ടത്. അതിനായുള്ള പ്രാര്‍ത്ഥനയാണ് നാം പഠനവിഷയമാക്കിയിരിക്കുന്ന 51-Ɔ൦ സങ്കീര്‍ത്തനം! അത് ചരിത്രത്തില്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുള്ളതാണ്. മനുഷ്യര്‍ക്ക് സ്വന്തം ശക്തിയാല്‍ സാധിക്കാത്തത്, നിങ്ങള്‍ക്കും എനിക്കും സ്വന്തശക്തിയാല്‍ സാധ്യമല്ലാത്തത് ദൈവാരൂപിയുടെ സഹായത്താല്‍ സാധിതമാകുന്നു. മനുഷ്യഹൃദയങ്ങളെ മാറ്റുന്നത് ദൈവമാണെന്ന പ്രത്യാശയില്‍ സങ്കീര്‍ത്തകനോടൊപ്പം നമുക്കും പ്രാര്‍ത്ഥിക്കാം, ഏറ്റുപാടാം...!

            Musical Version Ps. 51
           കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ (2).
           നിന്‍ ക്ഷമാവരം ഏകീടൂ മഹേശ്വരാ! കാരുണ്യ.
           പാപിയാണു ഞാനയ്യോ, ഘോരപാപി ഞാനിതാ
          അമ്മതന്‍ ഗര്‍ഭേയിദം ജന്മമാര്‍ന്നു ദേവ ഞാന്‍ - കാരുണ്യ
          കാരുണ്യരൂപനാം പ്രഭോ നീ ദയാലുവാണല്ലോ
           സാന്ത്വനം ക്ഷമാവരം ഏകിടൂ മഹേശ്വരാ – കാരുണ്യ.








All the contents on this site are copyrighted ©.