2017-07-28 10:14:00

ഫ്രാന്‍സിസ്ക്കന്‍ സാന്നിദ്ധ്യം 800-Ɔ൦ വാര്‍ഷികം ആചരിച്ചു


വിശുദ്ധ ഫ്രാന്‍സിസ് സഹോദരങ്ങളെ വിശുദ്ധനാട്ടിലേയ്ക്ക് അയച്ചതിന്‍റെ എട്ടാം ശതാബ്ദിവര്‍ഷം!

1217 ജൂണ്‍ 11-നാണ് ഇറ്റലിയിലെ അസ്സീസിയില്‍നിന്നും വിശുദ്ധ ഫ്രാന്‍സിസ് തന്‍റെ സഹോദരങ്ങളില്‍ കൊര്‍ത്തോണായിലെ ഫ്രയര്‍ ഏലിയായെയും കൂട്ടുകാരെയും വിശുദ്ധ നാട്ടിലേയ്ക്ക് അയച്ചത്. അവരെ പിന്‍തുടര്‍ന്ന് വിശുദ്ധ ക്ലാരയുടെ ഫ്രാന്‍സിസ്ക്കന്‍ സഹോദരിമാരും ക്രിസ്തുവിന്‍റെ പാദസ്പര്‍ശമേറ്റ ഭൂമിയില്‍ പ്രേഷിതപ്രവര്‍ത്തനം ആരംഭിക്കുകയുണ്ടായി.

പലസ്തീന, ജോര്‍ദാന്‍, സിറിയ, സൈപ്രസ് എന്നിങ്ങനെ വിശുദ്ധനാടിന്‍റെ മെഡിറ്ററേനിയന്‍ തീരങ്ങളാണ് ഫ്രാന്‍സിസ്ക്കന്‍ സഹോദരന്മാരും സഹോദരിമാരും തങ്ങളുടെ പ്രേഷിത തട്ടകമായി തിരഞ്ഞെടുത്തത്. ഇന്നും ഫ്രാന്‍സിസ്ക്കന്‍ സാന്നിദ്ധ്യം വിശുദ്ധനാട്ടില്‍ ശക്തമാണ്. അതിനാല്‍ വിശുദ്ധനാടിന്‍റെ സംരക്ഷകര്‍ എന്നവരെ വിശേഷിപ്പിക്കാറുമുണ്ട്. ഫ്രയര്‍ ഫ്രാന്‍സിസ് പത്തോണ്‍ കപ്പൂച്ചിനാണ് ഇന്ന് വിശുദ്ധനാടിന്‍റെ സംരക്ഷണത്തിന്‍റെ നേതൃത്വം വഹിക്കുന്നത് (Custodian of the Holy Land).

വിശുദ്ധ ഫ്രാന്‍സിസിന്‍റെ സാന്നിദ്ധ്യത്തില്‍ അസ്സീസിയിലെ പോര്‍സിങ്കോളായിലെ മാലാഖമാരുടെ രാജ്ഞിയുടെ നാമത്തിലുള്ള മഹാദേവാലയത്തില്‍ 1217-ല്‍ നടന്ന സഭാകൂട്ടായ്മയിലാണ് ഫ്രാന്‍സിസ്ക്കന്‍ സഭയുടെ പ്രേഷിതദൗത്യവും ക്രിസ്തുസ്നേഹവുമായി ഇറങ്ങി പുറപ്പെടാനുള്ള വെളിച്ചവും അവര്‍ക്കു ലഭിച്ചത്. ലോകത്തെ ഇതര രാജ്യങ്ങളില്‍ വിശ്വസാഹോദര്യത്തിന്‍റെയും സമാധാനത്തിന്‍റെയും സാക്ഷ്യമായി ജീവിക്കാനും, അസീസിയിലെ സിദ്ധന്‍ പഠിപ്പിച്ച സമാധാനത്തിന്‍റെ ഉപകരണമാകാനുമുള്ള ദൗത്യവുമായി ഇറങ്ങിപ്പുറപ്പെടാനും ഫ്രാന്‍സിസ്ക്കന്‍ സഹോദരങ്ങള്‍ക്ക് പ്രചോദനം ലഭിച്ചതിന്‍റെ എട്ടാം ശതാബ്ദിവര്‍ഷമാണിത്. 

Cf. Terrasanta, July-August 2017.








All the contents on this site are copyrighted ©.