2017-07-27 08:23:00

“അങ്ങേയ്ക്കു സ്തുതി!” ചാക്രിക ലേഖനത്തിന്‍റെ രണ്ടാം വാര്‍ഷികനാളില്‍


അങ്ങേയ്ക്കു സ്തുതി! Laudato Si’ ചാക്രികലേഖനത്തിന്‍റെ രണ്ടാം വാര്‍ഷികനാളില്‍ പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള സഭയുടെ പരിശ്രമത്തില്‍ വത്തിക്കാന്‍ നവമായ പ്രാരണപദ്ധതികള്‍ ഒരുക്കുന്നു.  

പത്തു ലക്ഷത്തില്‍ അധികം സന്നദ്ധസേവകരുള്ള പരിസ്ഥിതി സംരക്ഷണത്തിനായുള്ള ആഗോള കത്തോലിക്കാ പ്രസ്ഥാനത്തെ (Global Catholic Climate Movement) പങ്കെടുപ്പിച്ചുകൊണ്ടാണ് പൊതുഭവനമായ ഭൂമി സംരക്ഷിക്കാനുള്ള പരിസ്ഥിതി സംബന്ധിയായ പ്രവര്‍ത്തനങ്ങള്‍ വത്തിക്കാന്‍ ശക്തിപ്പെടുത്താന്‍ പോകുന്നത്. ജൂലൈ 26-ന് പുറത്തുവിട്ട സമഗ്ര മാനവ വികസനത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രസ്താവന അറിയിച്ചു.

2015 ജൂണ്‍ 18-ന് പ്രസിദ്ധപ്പെട്ടുത്തിയ പാപ്പാ ഫ്രാന്‍സിസിന്‍റെ ലോകശ്രദ്ധ ആകര്‍ഷിച്ച പരിസ്ഥിതി സംബന്ധിയായ ചാക്രികലേഖനത്തിന്‍റെ (Encyclical Laudato Si’) രണ്ടാം വാര്‍ഷികത്തിലാണ് അതിന്‍റെ വര്‍ദ്ധിച്ച പ്രചാരണത്തിനും പ്രായോഗികമായ നടത്തിപ്പിനുമായുള്ള നവമായ പദ്ധതികള്‍ വത്തിക്കാന്‍ ആവിഷ്ക്കരിക്കുന്നത്.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ആഗോളവീക്ഷണത്തില്‍ മാറ്റം വരുത്തിയ പ്രബോധനമാണ് അങ്ങേയ്ക്കു സ്തുതി! Laudato Si’-യെന്ന് പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ആഗോള കത്തോലിക്കാ പ്രസ്ഥാനത്തിന്‍റെ (Global Catholic Climate Movement) കാര്യനിര്‍വ്വാഹക സമിതി ഡയറക്ടര്‍, തോമസ് ഇന്‍സുവാ ഇതുസംബന്ധിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഇന്നിന്‍റെ വൈവിധ്യമാര്‍ന്ന ആഗോള പരിസ്ഥിതി പ്രതിസന്ധിയില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രബോധനം ജി20 രാഷ്ട്രത്തലവന്മാര്‍ക്കും, അതുപോലെ ലോകത്ത് സമൂഹിക പ്രതിബദ്ധതയുള്ള മറ്റു രാഷ്ട്രനേതാക്കള്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും പൊതുഭവനമായ ഭൂമി സംരക്ഷിക്കുവാനുള്ള ‘മാഞ്ഞാ കാര്‍ത്ത’യാണെന്ന് (Magna Carta) ഇന്‍സുവാ അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.