2017-07-22 19:36:00

‘ഡെങ്കി’ക്കു പിന്നിലെ ജനപ്പെരുപ്പവും പരിസ്ഥിതി മലിനീകരണവും


നാടിനു ദുരിതമാകുന്ന ഡെങ്കി വൈറല്‍ പനിക്കുപിന്നില്‍ പരിസ്ഥിതി മലിനീകരണവും ജനനിബിഡമാകുന്ന നഗരങ്ങളും നഗരപ്രാന്തങ്ങളുമെന്ന് ഡോക്ടര്‍ എല്‍വിസ് പീറ്റര്‍ അഭിപ്രായപ്പെട്ടു.

ധാരാളം പച്ചപ്പും ജലസമ്പത്തുമുള്ള കേരളത്തിന്‍റെ പരിസ്ഥിതി പ്രത്യേകിച്ച് പൊതുസ്ഥലങ്ങള്‍ ശുചിത്വപൂര്‍ണ്ണമാകാത്തതാണ് ഇക്കൊല്ലം ആഞ്ഞടിച്ച വര്‍ഷകാലത്തെ അനാരോഗ്യകരമാക്കുകയും, കൂടുതള്‍ ശാരീരിക വൈഷമ്യങ്ങളുള്ള വൈറല്‍ പനിയും ടെങ്കിയും കേരളത്തില്‍ പടരാന്‍ കാരണമായതെന്ന് ജൂലൈ 21-Ɔ൦ തിയതി വെള്ളിയാവ്ച വത്തിക്കാന്‍ റോ‍ഡിയോയ്ക്കു നല്കിയ അഭിമുഖത്തില്‍ ഡോക്ടര്‍ എല്‍വിസ് പറഞ്ഞു. ഒരു പഠനം നടത്തിയിട്ടല്ലെങ്കിലും, പൊതുനിരീക്ഷണത്തില്‍ കേരളത്തിലെ മെട്രോനഗരങ്ങളിലും അവയ്ക്കു ചുറ്റും വര്‍ദ്ധിച്ചിരിക്കുന്ന അമിതമായ ജനപ്പെരുപ്പവും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങളും, കൊതുകുപരത്തുന്ന ഈ വൈറല്‍ പനിക്ക് കാരണമായിട്ടുണ്ട്. യുഎസില്‍ വിസ്കോണ്‍സില്‍ ജോലിചെയ്യുന്ന കാര്‍ഡിയോളജിസ്റ്റ്, ഡോക്ടര്‍ എല്‍വിസ് വിശദീകരിച്ചു. അവധിക്കാലത്തെ ഏതാനും ദിവസങ്ങള്‍ റോമില്‍ ചെലവഴിക്കാനും പറ്റുമെങ്കില്‍ പാപ്പാ ഫ്രാന്‍സിസിനെ കാണാനുമുള്ള ആഗ്രഹത്തില്‍ എത്തിയതാണ് ഡോക്ടര്‍ എല്‍വിസും കുടുംബവും.

പൊതുവെ നല്ല ശുചിത്വബോധമുള്ള കേരളീയര്‍ വീടും പരിസരവും വൃത്തിയാക്കുമെങ്കിലും പൊതുസ്ഥലങ്ങളും, തോടും തൊടിയും പുഴയും കായലുമെല്ലാം മാലിന്യനിക്ഷേപ സ്ഥലങ്ങളായി മാറ്റുന്ന ശീലം വര്‍ദ്ധിച്ചിട്ടുണ്ട്. ‘ദൈവത്തിന്‍റെ നാടെ’ന്ന് ആലങ്കാരിക ഭാഷയില്‍ വിളിക്കപ്പെടുന്ന കൊച്ചുകേരളം മലിന്യക്കൂമ്പാരങ്ങളുടെ നാടായി മാറിയിട്ടുണ്ട്. മാലിന്യങ്ങളില്‍ പെരുകുന്ന പ്രത്യേകതരം കൊതുകുകളാണ് വേദനാജനകമായ ഈ വൈറല്‍ പിനിയുടെ വാഹകരെന്ന് ഡോക്ടര്‍ എല്‍വിസ് ചൂണ്ടിക്കാട്ടി. കടുത്തപനിയും സന്ധിവേദനയും പൊതുവെ രോഗ ലക്ഷണങ്ങളാണ്.

പൊതുജനത്തിന്‍റെ ആരോഗ്യത്തിനും പൊതുസ്ഥലങ്ങളുടെ ശുചിത്വത്തിലും ശ്രദ്ധിക്കേണ്ട സര്‍ക്കാരും പൊതുമേഖലസ്ഥാപനങ്ങളും അവയുടെ തൊഴിലാളികളും ഈ മേഖലയില്‍ കാണിക്കുന്ന അനാസ്ഥയും ഇതുമായി ബന്ധപ്പെട്ട അഴിമതിയുമാണ് കേരളം വര്‍ഷംചെല്ലുന്തോറും പൊതുആരോഗ്യമേഖലയില്‍ പിന്നോട്ടു പോകുന്നതെന്ന് ഡോക്ടര്‍ എല്‍വിസ് നിരീക്ഷിച്ചു.   മുന്‍വര്‍ഷങ്ങളില്‍വന്ന ഡെങ്കിപ്പനിയെക്കാള്‍ ശക്തമായിട്ടും വ്യാപകമായിട്ടുമാണ് ഇക്കുറി രോഗം കേരളത്തെ പിടികൂടിയിരിക്കുന്നതെന്നാണ് വിദഗ്ദ്ധാഭിപ്രായം. ഡെങ്കിയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഏകോപിതമായ അഭിപ്രായവും ചികിത്സാക്രമവും ഇനിയും തയ്യാറാകുന്നതേയുള്ളൂ. നാട്ടിലെ ആശുപത്രികളെല്ലാം നിറഞ്ഞിരിക്കയാണ്. 100-ല്‍ അധികം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മരണങ്ങളുമുണ്ട്. കൂടാതെ പനിയുടെ ഇനം തിരിച്ചറിയാതെ ഡെങ്കിയുടെ പിടിയിലമരുന്ന നിരവധി പാവങ്ങള്‍ എണ്ണപ്പെടാതെയും പോകുന്നുണ്ട്. സര്‍ക്കാരും സര്‍ക്കാരേതര സ്ഥാപനങ്ങളും മതസ്ഥാപനങ്ങളും കൈകോര്‍ത്തുനിന്ന് നാടിന്‍റെ ഈ അടയന്തിരാവസ്ഥയെ നേരിടേണ്ടാതാണെന്നും ഡോക്ടര്‍ എല്‍വിസ് അഭിപ്രായപ്പെട്ടു. 








All the contents on this site are copyrighted ©.