2017-07-21 09:09:00

മാനവികതയുടെ സുസ്ഥിതിക്ക് കായികവിനോദങ്ങള്‍ ഉപയോഗപ്പെടുത്താം


‘യുനെസ്ക്കോ’യുടെ റഷ്യയിലെ സമ്മേളനത്തില്‍ ഉരുത്തിരിഞ്ഞ നവമായ പദ്ധതികള്‍!

കായികവിനോദത്തിന്‍റെ മേഖലയില്‍ ഇനിയും സമഗ്രത വളര്‍ത്താം. ഐക്യരാഷ്ട്ര സംഘടയുടെ കലാ-സാംസ്ക്കാരിക-കായിക വിഭാഗത്തിന്‍റെ – ‘യുനെസ്ക്കൊ’യുടെ (UNESCO) നവമായ നിരീക്ഷണമാണിത്.   കായിക വിനോദങ്ങള്‍ ആഗോളതലത്തില്‍ ഇനിയും ഏറെ ശാസ്ത്രീയമായി എല്ലാവര്‍ക്കും ലഭ്യമാക്കുക, സുസ്ഥിതി വികസനത്തിനും ലോകസമാധാനത്തിനും സ്പോര്‍ട്സ് ഉപയോഗപ്പെടുത്തുക, കളികള്‍ നന്മയ്ക്കുള്ള ഉപാധികളാക്കുക. ഈ ലക്ഷ്യങ്ങള്‍ ക്രോഡീകരിച്ചുകൊണ്ടാണ് 115 രാഷ്ട്രങ്ങളിലെ കായികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതിനിധികള്‍ റഷ്യയിലെ കസാനില്‍ ജൂലൈ 15-മുതല്‍ 18-വരെ സംഗമിച്ചത്. 

വളരുന്ന തലമുറയുടെ ജീവിതത്തില്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും മനസ്സുകളില്‍ സ്പോര്‍ട്സിലൂടെയും മറ്റ് കായികാഭ്യാസങ്ങളിലൂടെയും സമാധാനം വളര്‍ത്താനാകുമെന്ന് സമ്മേളനം വിലയിരുത്തി. കായികവിനോദത്തിന്‍റെ ആഗോളസ്വഭാവം, വികസനത്തിനും ഒപ്പം സമാധാനത്തിനും ഉപകരണമാകാനുള്ള സാദ്ധ്യതകള്‍, അവയില്‍നിന്നും വളരേണ്ട നന്മ എന്നിങ്ങനെ സമ്മേളനത്തില്‍ പൊന്തിവന്ന പ്രധാന നിര്‍ദ്ദേശങ്ങള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള കായികസംഘടനകളുമായി പങ്കുവച്ചുകൊണ്ട് പദ്ധതികള്‍ രൂപീകരിക്കുമെന്നു ജൂലൈ 19-Ɔ൦ തിയതി ബുധനാഴ്ച ഇറക്കിയ സമ്മേളനത്തിന്‍റെ പ്രസ്താവന അറിയിച്ചു.

സ്പോര്‍ട്സിന്‍റെ ആഗോളകൂട്ടായ്മയ്ക്ക് നേതൃത്വംനല്കിയ ചൈന, ഫ്രാന്‍സ്, ജപ്പാന്‍, റഷ്യ എന്നീ രാജ്യങ്ങള്‍ മേലുദ്ധരിച്ച ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ദേശീയതലത്തില്‍ ഉടന്‍തന്നെ കര്‍മ്മരേഖ രൂപപ്പെടുത്തുമെന്ന് സമ്മേളനത്തിന് ഉറപ്പുനല്കി. കായികവിനോദങ്ങള്‍ മാനവിക സുസ്ഥിതിക്കായി ആഗോളതലത്തില്‍ നന്മയുടെയും സമാധാനത്തിന്‍റെയും ഉപകരണമാക്കുന്ന നീക്കം ഈ മേഖലയിലെ വലിയ മുന്നേറ്റവും നേട്ടവുമാണെന്ന് പ്രതിനിധി സംഘം അഭിപ്രായപ്പെട്ടു.  

സുസ്ഥിതിവികസനം 2030-ന്‍റെ ഊര്‍ജ്ജിതപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ യുഎന്‍ രാഷ്ട്രങ്ങള്‍ ഇന്ന് വ്യാപൃതരാകുമ്പോള്‍ കായിക വിനോദമേഖലയുടെ ഈ ലക്ഷ്യങ്ങള്‍ അതില്‍ വളരെ അധികം ഇഴുകിച്ചേരുന്നതും ഇണങ്ങുന്നതുമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. 








All the contents on this site are copyrighted ©.