2017-07-20 20:14:00

പാപ്പാ ഫ്രാന്‍സിസിനെ വരവേല്ക്കാന്‍ കൊളംബിയ ഒരുങ്ങുന്നു


സെപ്തംബര്‍ 6-മുതല്‍ 11-വരെ തിയതികളിലാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ കൊളംമ്പിയ അപ്പസ്തോലിക സന്ദര്‍ശനം.

സാഹോദര്യത്തിന്‍റെ അനുരഞ്ജനമാണ് കൊളംബിയയുടെ ഇന്നത്തെ സ്വാതന്ത്ര്യം. ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ ഒര്‍ത്തേഗ നാടിന്‍റെ സ്വാതന്ത്ര്യദിനത്തില്‍ സന്ദേശമയച്ചു. ജൂലൈ 20-Ɔ൦ തിയതി വ്യാഴാഴ്ച രാഷ്ട്രം ആചരിച്ച സ്വാതന്ത്ര്യദിനത്തില്‍ ദേശീയ സഭയ്ക്കു നല്കിയ സന്ദേശത്തിലാണ് ആര്‍ച്ചുബിഷപ്പ് ഓസ്ക്കര്‍ ഒര്‍ത്തേഗ ഇങ്ങനെ പ്രസ്താവിച്ചത്.

207 വര്‍ഷങ്ങള്‍ക്കുമുന്‍പ് സ്പാനിഷ് അധിനിവേശശക്തികളില്‍നിന്നും സ്വതന്ത്രമായ കൊളംബിയ ഇന്ന് ദൈവത്തോടും സഹോദരങ്ങളോടും സൃഷ്ടിയോടും അനുരഞ്ജിതരായി ജീവിക്കാനാണ് പരിശ്രമിക്കേണ്ടത്. വില്ലാവിസെന്‍സിയോയുടെ മെത്രാപ്പോലീത്തയായ ആര്‍ച്ചുബിഷപ്പ് ഓര്‍ത്തേഗാ പ്രസ്താവിച്ചു.

സ്വാതന്ത്ര്യലബ്ധിയുടെ ആനന്ദാരൂപിയില്‍ ദൈവവുമായും സഹോദരങ്ങളുമായുമുള്ള അനുരഞ്ജനത്തിലൂടെ ആത്മീയസ്വാതന്ത്ര്യം ആര്‍ജ്ജിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസിന്‍റെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ഒരുങ്ങണമെന്ന് അതിരൂപതയുടെ ‘പോര്‍ടലില്‍’ ജൂലൈ 20-ന് കണ്ണിചേര്‍ത്ത സന്ദേശത്തിലൂടെ അജപാലനസമൂഹത്തോട് ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ അഭ്യര്‍ത്ഥിച്ചു.  പ്രാര്‍ത്ഥന, പരിത്യാഗം, പരസ്പരം ക്ഷമിക്കാനും അനുര‍ഞ്ജനപ്പെടാനുമുള്ള പ്രായോഗിക ശ്രമങ്ങള്‍ എന്നിവയിലൂടെ ലാറ്റിനമേരിക്കന്‍ പുത്രനായ പാപ്പാ ഫ്രാന്‍സിസിന്‍റെ സന്ദര്‍ശനത്തിന് ഒറ്റയായും കൂട്ടമായും  ഒരുങ്ങണമെന്ന് ആര്‍ച്ചുബിഷപ്പ് ഒര്‍ത്തേഗാ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.