2017-07-15 12:29:00

പൈശാചിക കുറ്റക‍ൃത്യങ്ങള്‍ തടയുക -ആര്‍ച്ചുബിഷപ്പ് ഔത്സ


നിഷ്ഠൂര കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഏറെ സംഭാവനചെയ്യാന്‍ മതനേതാക്കള്‍ക്കും അഭിനേതാക്കള്‍ക്കും സാധിക്കുമെന്ന്, ഐക്യരാഷ്ട്രസഭയില്‍ പരിശുദ്ധസിംഹാസനത്തിന്‍റെ സ്ഥിരം നിരീക്ഷകനായ ആര്‍ച്ചുബിഷപ്പ് ബെര്‍ണ്ണര്‍ദീത്തൊ ഔത്സ.

പൈശാചികമായ കുറ്റകൃത്യങ്ങളിലേക്കു നയിക്കാവുന്നതായ പ്രകോപനങ്ങള്‍ക്കും   സംഘര്‍ഷങ്ങള്‍ക്കും തടയിടാന്‍ മതനേതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമുള്ള കഴിവിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍, 3 വര്‍ഷം നീണ്ട പരിശ്രമങ്ങളുടെ ഫലമായി തയ്യാറാക്കപ്പെട്ട കര്‍മ്മപരിപാടി അമേരിക്കന്‍ ഐക്യനാടുകളില്‍, ന്യുയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് വെള്ളിയാഴ്ച (14/07/17) അവതരിപ്പിക്കപ്പെട്ട വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തങ്ങളു‌ടെ അനുയായികളുടെ പെരുമാറ്റരീതിയെയും മനോഭാവങ്ങളെയും സ്വാധീനിച്ചുകൊണ്ട് അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് അവരെ തടയാന്‍ മതനേതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമുള്ള സാധ്യതകള്‍ ഏറെയാണെന്നു വ്യക്തമാക്കിയ ആര്‍ച്ചുബിഷപ്പ് ഔത്സ, എന്നാല്‍ വലിയതോതിലുള്ള നിഷ്ഠൂരാക്രമണങ്ങള്‍ക്ക് തടയിടാനുള്ള വിഭവങ്ങളും ഉപാധികളും അവര്‍ക്കില്ലയെന്നും ക്രൂരമായ കുറ്റകൃത്യങ്ങളില്‍ നിന്നും, അവയിലേക്കു നയിക്കാവുന്ന പ്രകോപനപരമായ കാര്യങ്ങളില്‍ നിന്നും പൗരജനത്തെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വം പ്രഥമവും പ്രധാനവുമായി രാഷ്ട്രത്തിന്‍റെതാണെന്നും വിശദീകരിച്ചു.

വംശവിച്ഛേദം, കൂട്ടക്കൊല, നരകുലത്തിനെതിരായ കുറ്റകൃത്യങ്ങള്‍ എന്നിവ തടയുന്നതിന് നാമെല്ലാവരുടെയും സമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണം ആവശ്യമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.








All the contents on this site are copyrighted ©.