2017-07-10 17:26:00

സങ്കീര്‍ത്തനം ചുരുളഴിയിക്കുന്ന യുഗാന്ത്യദര്‍ശനം


സങ്കീര്‍ത്തനം 84-ന്‍റെ പഠനം.

സങ്കീര്‍ത്തനം 84-ന്‍റെ പഠനം ഒരു ആസ്വാദനത്തോടെ നമുക്കിന്ന് ഉപസംഹരിക്കാം. ഈ ഗീതത്തിന്‍റെ പഠനത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് ഇതിന്‍റെ അടിസ്ഥാന സ്വഭാവമായ ശരണം തന്നെയാണ്. ദൈവത്തില്‍ ശരണം പ്രാപിക്കുന്ന ഒരു മനുഷ്യന്‍റെ വളരെ സ്വാഭാവികവും, എന്നാല്‍ ഏറെ ഹൃദയസ്പര്‍ശിയുമായ വികാരങ്ങള്‍ 12 വരികളില്‍ കോറിയിട്ടിരിക്കുന്നതാണ്  ഈ സങ്കീര്‍ത്തനം. പദങ്ങളുടെ വ്യാഖ്യാനം, ആത്മീയാവലോകനം എന്നിവയിലൂടെ വിശദാംശങ്ങള്‍  മനസ്സിലാക്കിയതാണ്.

ദൈവത്തിന്‍റെ സൃഷ്ടിയായ മനുഷ്യന്‍റെ അടിസ്ഥാന സ്വഭാവങ്ങളില്‍ ഏറ്റവും ആദ്യത്തേതാണ് ഈശ്വരവിശ്വാസം. അതായത് മനുഷ്യനു ദൈവത്തോടുള്ള, അല്ലെങ്കില്‍ മനുഷ്യന് ഉണ്ടായിരിക്കേണ്ട ആത്മീയ ബന്ധം എന്നു നമുക്ക് പറയാം. ഈശ്വരവിശ്വാസിയായ ഒരു മനുഷ്യന്‍, അയാള്‍ ഏതു മതസ്ഥനായിരുന്നാലും ദൈവത്തില്‍ ശരണപ്പെടുക എന്നത് അടിസ്ഥാന ഭാവവും സ്വഭാവവുമാണ്. കാരണം ഒരു വ്യക്തി ഏതു തരക്കാരനോ, മതക്കാരനോ, വംശക്കാരനോ ആവട്ടെ, അടിസ്ഥാന പരമായി ദൈവത്തില്‍ വിശ്വാസിക്കുന്നവന്‍റെ ജീവിതത്തില്‍ നന്മ, സ്നേഹം സത്യം സമാധാനം, മനുഷ്യത്വം എന്നീ മൂല്യങ്ങള്‍ ഉണ്ടാകും. സംശയമില്ല. കാരണം ‘ദൈവഭക്തിയാണ് ജ്ഞാനത്തിന്‍റെ ആരംഭം,’ എന്നു സുഭാഷിതങ്ങളുടെ ഗ്രന്ഥം പറയുന്നു. അതുപോലെ 111-Ɔ‍൦ സങ്കീര്‍ത്തനവും പ്രസ്താവിക്കുന്നുണ്ട് (111, 10). അതിനാല്‍ ദൈവമനുഷ്യബന്ധത്തിന്‍റെ കണ്ണിപോലെ വിശുദ്ധ ഗ്രന്ഥത്തിന്‍റെ ഏടുകളില്‍ കാണുന്ന മനോഹരമായ പ്രാര്‍ത്ഥനയാണ് നാം പഠിച്ച 84-Ɔ൦ സങ്കീര്‍ത്തനമെന്ന്  ഈ ആസ്വാദനത്തിന്‍റെ ആമുഖത്തില്‍ പറയാവുന്നതാണ്. ഗീതത്തിന്‍റെ ഈ അടിസ്ഥാനസ്വഭാവം ഗീതത്തിന്‍റെ ആമുഖ പദങ്ങള്‍തന്നെ വെളിപ്പെടുത്തുന്നു.

  “കര്‍ത്താവേ, അങ്ങേ വാസസ്ഥലം എത്ര മോഹനം, മനോഹരം...!”

കര്‍ത്താവിന്‍റെ ഭവനത്തില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്ന സങ്കീര്‍ത്തകന്‍, അതുവഴി ദൈവത്തിലുള്ള ആഴമായ വിശ്വാസവും ശരണവുമാണ് പ്രകടമാക്കുന്നത്. സങ്കീര്‍ത്തകന്‍ പിന്നെയും മറ്റൊരു പദത്തില്‍, ഗീതത്തിന്‍റെ 10-Ɔമത്തെ പദത്തില്‍, കര്‍ത്താവിന്‍റെ ആലയത്തില്‍ ആയിരിക്കുന്നതിന്‍റെ സന്തോഷം (ആമുഖപദം പോലെതന്നെ) ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നുണ്ട്.

10. അന്യസ്ഥലത്ത് ആയിരം ദിവസങ്ങള്‍ ആയിരിക്കുന്നതിലും ഭേദം,
      അങ്ങയുടെ അങ്കണത്തില്‍ ഒരു ദിവസം ആയിരിക്കുന്നത് കൂടുതല്‍
      അഭികാമ്യമാണ്.

അങ്ങനെ ശരണത്തിന്‍റെ തീവ്രമായ വികാരം പ്രകടമാക്കുന്നതാണ് 84-Ɔ‍൦ സങ്കീര്‍ത്തനം എന്നു നമുക്ക് സ്ഥാപിക്കാവാനുത്താണ്. ശരണം വിശ്വാസത്തിന്‍റെ തീവ്രതയാണെന്ന് ആത്മീയ ഗുരുക്കന്മാര്‍ വിവരിക്കുന്നുണ്ട്. ശരണം എന്ന വാക്കിന് ആശ്രയം എന്നു മാത്രമേ, അര്‍ത്ഥം ഉള്ളൂവെങ്കിലും, മനുഷ്യന്‍ തന്‍റെ രക്ഷിതാവില്‍ ആശ്രയിച്ചു ജീവിക്കുന്നതിനാണ് ശരണം എന്നു പറയുന്നത്. അതിനാല്‍ ദൈവത്തില്‍ ശരണം പ്രാപിക്കുന്നെന്നു നാം പറയുമ്പോള്‍, ദൈവം എന്‍റെ രക്ഷകനാണ്, എന്‍റെ രക്ഷിതാവാണ്, എന്‍റെ അഭയമാണ് എന്നു ഏറ്റുപറയുകയാണ്. അതിനാള്‍ ശരണപ്പെടുക എന്നു പറഞ്ഞാല്‍ പൂര്‍ണ്ണമായി വിശ്വസിക്കുക എന്നാണര്‍ത്ഥം. അത് സമ്പൂര്‍ണ്ണ സമര്‍പ്പണമാണ്. അങ്ങനെ 84-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആദ്യത്തെ ആസ്വാദനം അതിന്‍റെ ശരണഭാവംതന്നെയെന്ന് നമുക്ക് സ്ഥാപിക്കാം.  

ഈ ഗീതം ഗാനാവിഷ്ക്കാരംചെയ്തത് ഫാദര്‍ വില്യം നെല്ലിക്കലും ഹാരി കൊറയയുമാണ്.  ആലാപനം, രമേഷ് മുരളിയും സംഘവും...

            Musical Version of Ps. 84
           കര്‍ത്താവേ, അങ്ങേ വാസസ്ഥലം
          എത്രമോഹനം മനോഹരം! (2).

ഈ സങ്കീര്‍ത്തനത്തിന്‍റെ ആസ്വാദനത്തില്‍ രണ്ടാമതായി ശ്രദ്ധേയമാകുന്ന കാര്യം, കുടുംബത്തിന്‍റെ പങ്കാളിത്തമാണ്. ഈ ശരണഗീതത്തിന്‍റെ സാമൂഹ്യമാനം അത് വ്യക്തമാക്കുന്നു. വ്യക്തി എന്നതിനെക്കാള്‍ കുടുംബങ്ങളാണ് ദൈവത്തില്‍ ശരണപ്പെടുന്നത്. കുടുംബങ്ങള്‍ - മക്കളും മാതാപിതാക്കളും പ്രായമായവരും കര്‍ത്താവിന്‍റെ മലയിലേയ്ക്ക് പുറപ്പെടുന്നതെന്ന്, സങ്കീര്‍ത്തനം വരച്ചുകാട്ടുന്നത്. വിളവെടുപ്പുകാലം കഴിഞ്ഞ്, പുതുവത്സരനാളില്‍ ഇസ്രായേലിലെ കുടുംബങ്ങള്‍ക്ക് ദൈവത്തിലുള്ള തങ്ങളുടെ പ്രത്യാശയുടെയും ശരണത്തിന്‍റെയും വിശ്വാസത്തിന്‍റെയും പ്രതീകമായി സിയോനിലേയ്ക്ക്, ജരൂസലത്തേയ്ക്ക്, കര്‍ത്താവിന്‍റെ മലയിലേയ്ക്ക് പുറപ്പെടുവാന്‍ ഒരുങ്ങുന്നതാണ് ഈ ശരണഗീതത്തിന്‍റെ പശ്ചാത്തലം. അവരുടെ ഗ്രാമങ്ങളും കൃഷിയിടങ്ങളും താല്ക്കാലികമായി ഉപേക്ഷിച്ച്, സിയോനില്‍ കര്‍ത്താവിന്‍റെ മലയിലേയ്ക്ക്, ജരൂസലത്ത് കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്ക് ജനം പുറപ്പെട്ടുപോകുന്ന വിശ്വാസജീവിതത്തിന്‍റെ വളരെ സാമൂഹികമായ മനോഹരമായ രംഗമാണ് സങ്കീര്‍ത്തന പദങ്ങളില്‍ ചിത്രീകരിക്കപ്പെടുന്നത്. ജനം കര്‍ത്താവിന്‍റെ അങ്കണത്തിനായി, ദേവാലയത്തിന്‍റെ തിരുമുറ്റത്തിനായി കൊതിക്കുകയാണ്. അതുകൊണ്ട് സങ്കീര്‍ത്തകന്‍ പറയുന്നത്, കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍ എന്‍റെ ആത്മാവു തീവ്രമായ് ആഗ്രഹിക്കുന്നു. എന്‍റെ മനസ്സും ശരീരവും ജീവിക്കുന്നവാനായ ദൈവത്തിന് ആനന്ദഗാനമാലപിക്കുന്നു.  അങ്ങനെ ‘ജീവിക്കുന്ന ദൈവത്തില്‍’ ശരണപ്പെട്ടുകൊണ്ടാണ്, ജനം പുറപ്പെട്ടു പോകുന്നത്  placing their hope in the Living God. ഇതില്‍നിന്നും നമുക്കു ലഭിക്കുന്ന ശ്രദ്ധേയമായ ആസ്വാദനം, വിളവെടുപ്പിനുശേഷം നിര്‍ജ്ജീവമായിരുന്ന നിലവും വിലയും, മനുഷ്യഹൃദയങ്ങളും വരള്‍ച്ചയും വിള്ളലും, അതിന്‍റെ നിര്‍ജ്ജീവമായ ആത്മീയ അവസ്ഥയും നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്‍റെ, സജീവനായ ദൈവത്തിന്‍റെ അനുഗ്രഹത്താല്‍ തങ്ങളുടെ ജീവിതങ്ങള്‍ നിറയ്ക്കുന്നതിനും സമ്പന്നമാക്കുന്നതിനും അങ്ങനെ നവോന്മേഷവും നവജീവനും പ്രാപിക്കുക എന്ന ലക്ഷ്യവുമായിട്ടാണ്, അവര്‍ ശരണപ്പെട്ട് കര്‍ത്താവിന്‍റെ സന്നിധിയിലേയ്ക്ക് ഒറ്റയായും കൂട്ടമായും, ശരണംവിളിച്ചു നീങ്ങുന്നത്. നമുക്ക് കര്‍ത്താവിന്‍റെ സന്നിധാനത്തിലേയ്ക്കു പോകാം, അവിടുത്തെ വിശുദ്ധഗിരിയില്‍ പ്രവേശിക്കാം, ഇതാണ്... മാതാപിതാക്കളും മക്കളും മുതര്‍ന്നവരും ഒക്കെയുള്ള സകുടുംബമുള്ള ഈ ജനസമൂഹത്തിന്‍റെ ഏകലക്ഷ്യം. ആത്മീയതയുടെ സാമൂഹികമാനവും തീര്‍ത്ഥാടനത്തിന്‍റെ ആന്തരീകാനുഭൂതിയും തെളിഞ്ഞുനില്ക്കുന്ന ഈ പദങ്ങളെക്കുറിച്ച്, ദൈവസന്നിധിയില്‍ മനുഷ്യന്‍ സമ്പന്നനാകുവാനും, നിറയ്ക്കുവാനുമുള്ള ആത്മീയ ആവേശത്തോടെയാണ് ജനം കര്‍ത്താവിന്‍റെ മലയിലേയ്ക്കും പുറപ്പെട്ടുപോകുന്നത് എന്നുവേണം നാം മനസ്സിലാക്കാന്‍.

Musical Version of  Ps. 84
എന്‍റെ ആത്മാവ് കര്‍ത്താവിന്‍റെ അങ്കണത്തിലെത്താന്‍
തീവ്രമായ് ആഗ്രഹിക്കുന്നു
എന്‍റെ മനസ്സും ശരീരവും ജീവനുള്ള ദൈവത്തിനു
സ്തോത്രഗീതം ആലപിക്കുന്നു.

ഗീതത്തില്‍ സങ്കീര്‍ത്തകന്‍ വരച്ചുകാട്ടുന്ന കുരുവിയും ചെങ്ങാലിയുമൊക്കെ ആര്‍ക്കും വിചിത്രമായി തോന്നാവുന്ന ഘടകങ്ങളാണ്. കര്‍ത്താവിന്‍റെ ആലയത്തില്‍ വസിക്കുന്ന കുരുകില്‍ പക്ഷിയെയും മീവല്‍പ്പക്ഷിയെയും കുറിച്ച് സങ്കീര്‍ത്തകന്‍ പ്രതിപാദിക്കുമ്പോള്‍, ദൈവസന്നിധിയിലെ‍ പ്രാപഞ്ചിക സൗന്ദര്യവും പ്രകൃതി രമ്യതയുമാണ് നാം ആസ്വദിക്കുന്നത്. കര്‍ത്താവിന്‍റെ സന്നിധിയില്‍ മനുഷ്യര്‍ക്കൊപ്പം രമ്യത പ്രാപിക്കേണ്ട പ്രപഞ്ചികത കണക്കിലെടുക്കുകയാണെങ്കില്‍ the Eco-friendly situation, ഒരു പാരിസ്ഥിതികമായ കൂട്ടായ്മയും, രമ്യതയും പരസ്പരീകതയും ഈ ഗീതത്തില്‍ നമുക്ക് കണ്ടെത്താവുന്നതാണ്. അങ്ങനെ കര്‍ത്താവിന്‍റെ സന്നിധാനത്തിലെ വാസമെന്ന് സങ്കീര്‍ത്തകന്‍ ഉദ്ദേശിക്കുന്നത് ദേവാലയത്തിലെ താമസമല്ല, മറിച്ച് ദൈവസന്നിധിയില്‍ മനുഷ്യനും പ്രകൃതിയും ജീവജാലങ്ങളുമൊക്കെ, തമ്മില്‍ ആര്‍ജ്ജിക്കേണ്ട പാരിസ്ഥിതികത രമ്യതയാണ്. ഇത് ദൈവസ്നേഹത്തിന്‍റെ ഉടമ്പടിയിലുള്ള രമ്യത തന്നെയാണ് Reconciliation in the Covenantal Love of  God .  മനുഷ്യര്‍ ലോകത്ത് ആഗ്രഹിക്കുന്ന സമാധാനം യാഥാര്‍ത്ഥ്യമാകണമെങ്കില്‍  ഈ രമ്യത, കൂട്ടായ്മ, അടിസ്ഥാനപരവും അനിവാര്യവുമാണ്. ഈ ജീവിതം ഒരു തീര്‍ത്ഥാടനമാണെന്ന് പറയുന്നത് ആലങ്കാരികം മാത്രമല്ലെന്ന് സങ്കീര്‍ത്തകന്‍ ഓര്‍പ്പിക്കുന്നു. ഈ ഭൂമിയില്‍ ഓരോ മനുഷ്യനും തീര്‍ത്ഥാടകനാണ്. ദൈവത്തോടു ചേര്‍ന്നും, ദൈവത്തിലും ചരിക്കുന്നവര്‍ ഭാഗ്യവന്മാര്‍... എന്തെന്നാല്‍ ദൈവത്തില്‍, ഈശ്വരനില്‍ മാത്രമേ, മനുഷ്യന്‍ യഥാര്‍ത്ഥമായ ശാന്തി കണ്ടെത്തുകയുള്ളൂ.., സമാധാനം കൈവരിക്കൂ. എന്നാല്‍  ഈ ജീവിത തീര്‍ത്ഥാനടത്തില്‍ ബേക്കാ താഴ്വാരങ്ങള്‍ എവിടെയും എപ്പോഴും കണ്ടെത്താം.   അത് അനുദിനജീവിതത്തില്‍ മനുഷ്യര്‍ മറികടക്കേണ്ട കണ്ണീര്‍ താഴ്വാരങ്ങളാണ്.

ഈ ജീവിതപ്രതിസന്ധികള്‍ കടക്കാന്‍ കര്‍ത്താവില്‍ ശരണപ്പെടേണ്ടത് അനിവാര്യമാണെന്നും സങ്കീര്‍ത്തകന്‍ നമ്മെ പദങ്ങളിലൂടെ അനുസ്മരിപ്പിക്കുന്നു.      

                                  ദുഷ്ടതയുടെ കൂടാരങ്ങളില്‍ വാഴുന്നതിനെക്കാള്‍,
                                  എന്‍റെ ദൈവത്തിന്‍റെ ആലയ വാതിക്കല്‍
                                  കാവല്‍ക്കാരനാകാനാണു ഞാന്‍ ആഗ്രഹിക്കുന്നത്.

അതുപോലെ പദങ്ങളില്‍ കൂടാരത്തെക്കുറിച്ച് പ്രതിപാദിക്കുമ്പോള്‍  ജീവിതതീര്‍ത്ഥാടനത്തിന്‍റെ മറ്റൊരുവശം സങ്കീര്‍ത്തകന്‍ അനുസ്മരിപ്പിക്കുന്നത്. ഇവിടെ ജീവിതത്തിന്‍റെ താല്ക്കാലികതയും, നൈമിഷികതയും പദങ്ങളിലൂടെ നമ്മെ അനുസ്മരിപ്പിക്കുകയാണ്. കര്‍ത്താവില്‍ ഒരു കൂട്ടായ്മ, ഈശ്വരനെ പ്രാപിക്കുന്നതുവഴി ആര്‍ജ്ജിക്കുന്നു. ദൈവജനത്തിന്‍റെ പരമായ ഐക്യവും സഹവാസവും സങ്കീര്‍ത്തകന്‍ വരികളില്‍ വിവരിക്കുന്നു. സ്വര്‍ഗ്ഗിയ ജരുസലേത്തേയ്ക്കുള്ള യാത്രയുടെ മുന്നോടിയാണ് ഈ ശരണഗീതത്തിന്‍റെ അവസാനഭാഗത്ത് സങ്കീര്‍ത്തകന്‍ ഒളിപ്പിച്ചു വച്ചിരിക്കുന്നത്, അങ്ങനെ നിത്യതയെക്കുറിച്ചുള്ള ചിന്തയോടെ, with an eschatological thought ദൈവോത്മുഖമായ, സ്വര്‍ഗ്ഗോന്മുഖമായ വീക്ഷണത്തോടെ 84-Ɔ൦ സങ്കീര്‍ത്തനത്തിന്‍റെ ആസ്വാദനം ഉപസംഹരിക്കാം..

                     Musical Version of  Ps. 84
                    എന്‍റെ രാജാവും ദൈവവുമായ കര്‍ത്താവേ,
                    അങ്ങേ ബലിപീഠമെന്‍റെ സങ്കേതം
                   എന്നേയ്ക്കുമങ്ങയെ സ്തുതിച്ചു ഞാന്‍
                    അവിടുത്തെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കുന്നു.








All the contents on this site are copyrighted ©.