2017-07-07 17:21:00

G20 സമ്മേളനത്തിനു പാപ്പായുടെ അനുഗ്രഹവും ആശംസയും


ജര്‍മനിയിലെ ഹാംബുര്‍ഗില്‍ ജൂലൈ ഏഴാംതീയതി ആരംഭിച്ച ജി 20 രാജ്യങ്ങളുടെ സമ്മേളനത്തിനു സുസ്ഥിരവും സാകല്യതയെ പുല്‍കുന്നതുമായ വികസനത്തിന്‍റെ പുതുയുഗത്തിനു രൂപം നല്‍കാന്‍ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പാ സന്ദേശമയച്ചു.  തന്‍റെ മുന്‍ഗാമിയായ ബെന ഡിക്ട് പതിനാറാമന്‍ പാപ്പാ 2009-ല്‍ തുടങ്ങിവച്ച പാരമ്പര്യം താന്‍ തുടരുന്നുവെന്നു പറഞ്ഞുകൊ ണ്ടാരംഭിക്കുന്ന സന്ദേശം ജെര്‍മന്‍ ചാന്‍സലര്‍ ആഞ്ചെലാ മെര്‍ക്കലിനെ അഭിസംബോധന ചെയ്തു കൊണ്ടുള്ളതാണ്.

ജി 20 രാജ്യങ്ങളുടെ തലവന്മാര്‍ക്ക് അവരുടെ ആഗോളസാമ്പത്തികരംഗത്തു കാഴ്ചവച്ചിട്ടുള്ള സേവനങ്ങളും ഈ രംഗത്തു കാണിക്കുന്ന  താല്പര്യവും അംഗീകരിച്ചുകൊണ്ട്, ഇന്നു ലോകത്തിലെ തുടര്‍ച്ചയായ സംഘട്ടനങ്ങള്‍, കുടിയേറ്റം എന്നീ ആഗോള പ്രശ്നങ്ങളെ ഈ ആഗോളസാമ്പത്തിക പരിഗണനയില്‍ നിന്ന് ഒഴിവാക്കാന്‍ കഴിയില്ല എന്നു തുടക്കത്തിലേ അനുസ്മരിപ്പിക്കുന്നു.

എവാഞ്ചെലീ ഗാവുദിയും എന്ന തന്‍റെ അപ്പസ്തോലിക പ്രബോധനത്തില്‍ നിന്ന്, ''സാഹോദര്യത്തിലൂന്നിയ, നീതിയും സമാധാനവും പുലരുന്ന സമൂഹ നിര്‍മിതിയ്ക്കാവശ്യമായ'' പ്രവര്‍ത്തനത്തി നുള്ള നാലു തത്വങ്ങള്‍ സന്ദേശത്തില്‍ ആവര്‍ത്തിക്കുന്നു.  'സമയം എന്നത് സ്ഥലത്തെക്കാള്‍ വലു താണെന്നും, ഐക്യം സംഘട്ടനത്തെ അതിജീവിക്കുന്നു എന്നും, ആശയങ്ങളെക്കാള്‍ യാഥാര്‍ഥ്യങ്ങള്‍ കൂടുതല്‍ പ്രധാനമാണെന്നും, അംശങ്ങളെക്കാള്‍ സാകല്യത ശ്രേഷ്ഠമാണെന്നുമുള്ള തത്വങ്ങളിലധിഷ്ഠിതമായുള്ള പ്രവര്‍ത്തനപദ്ധതികള്‍ മാനവരുടെ പൗരാണികവിജ്ഞാനത്തിന്‍റെ ഭാഗമാണെന്നും അത് ഹാംബെര്‍ഗ് സമ്മേളനത്തിലെ വിചിന്തനങ്ങള്‍ക്കു സഹായമാകുമെന്നു താന്‍ വിശ്വസിക്കുന്നുവെന്നും പ്രസ്താവിച്ചുകൊണ്ട് ഈ നാലു തത്വങ്ങളെ പാപ്പാ സന്ദേശത്തില്‍ വിശദീകരിക്കുന്നു.

''അന്താരാഷ്ട്രസമൂഹത്തിന്‍റെ ഈ സമ്മേളനത്തില്‍, പരസ്പരികതയിലൂന്നിയ, നൂതനസരണി തുറക്കുന്ന,  സുസ്ഥിര വികസനത്തിനു രൂപം കൊടുക്കുന്നതിന് കഴിയേണ്ടതിന്, അവ പരിസ്ഥിതിയോടുള്ള ആദരവും സകല ജനതകളെയും വ്യക്തികളെയും ഉള്‍ക്കൊള്ളുന്നതുമാകുന്നതിന് ദൈവാനുഗ്രഹം യാചിക്കുന്നു എന്ന പ്രാര്‍ഥനാശംസയോടെയാണ് പാപ്പാ തന്‍റെ സന്ദേശം ഉപസംഹരിക്കുന്നത്''.








All the contents on this site are copyrighted ©.