2017-07-01 12:40:00

സ്വവര്‍ഗ്ഗ വിവാഹത്തിനെതിരെ ജര്‍മ്മനിയിലെ സഭ


ജര്‍മ്മനി സ്വവര്‍ഗ്ഗവിവാഹത്തിന് നൈയമിക അംഗീകാരം നല്കിയ നടപടിയെ അന്നാട്ടിലെ കത്തോലിക്കാസഭ നിശിതമായി വിമര്‍ശിക്കുന്നു.

വിവാഹമെന്നത്, ക്രൈസ്തവര്‍ക്കെന്നല്ല മറ്റു വിഭാഗങ്ങള്‍ക്കും, സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹത്തിന്‍റെയും ജീവന്‍റെയും സംവേദനമാണെന്നും  ജീവന്‍ പകരുന്ന പ്രക്രിയയോട് മൗലികമായി തുറവുള്ള സ്ഥായിയായ ഒരു തത്വത്തോടു ചേര്‍ന്നുപോകുന്ന ഒരു ഐക്യമാണെന്നും ജര്‍മ്മനിയിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയിനാര്‍ഡ് മാര്‍ക്സ് പ്രതികരിച്ചു. ഇത്തരത്തിലുള്ള ഒരു വിവാഹത്തെ സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

വിവാഹം എന്ന പദത്തിന്‍റെ മൗലികമായ പൊരുള്‍ നിയമനിര്‍മ്മാതാക്കള്‍ തള്ളിക്കളഞ്ഞത് ഖേദകരമാണെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാന്‍സംഘത്തിന്‍റെ  കീഴിലുള്ള കുടുംബ അജപാലനവിഭാഗത്തിന്‍റെ ചുമതലയുള്ള, ബെര്‍ലിന്‍ അതിരൂപതയുടെ ആര്‍ച്ചുബിഷപ്പ്, ഹെയ്നെര്‍ കോച്ചു പറഞ്ഞു.

സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത്വം നല്കുന്നതിനെ അധികരിച്ച് ജര്‍മ്മനിയുടെ പാര്‍ലിമെന്‍റില്‍  വോട്ടെടുപ്പ് നടന്നത് വെള്ളിയാഴ്ച (30/06/17) ആയിരുന്നു. 226നെതിരെ 393 വോട്ടോടെയാണ് ഈ പ്രമേയം അംഗീകരിക്കപ്പെട്ടത്.

ജര്‍മ്മനിയുടെ ചാന്‍സലര്‍, അഥവാ, പ്രധാനമന്ത്രി, ശ്രീമതി ആ‍ഞ്ചെല മെര്‍ക്കല്‍  സ്വന്തം പാര്‍ട്ടി അംഗങ്ങളോട് മനസ്സാക്ഷിക്കനുസൃതം സമ്മതിദാനാവകാശം നല്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ശ്രീമതി ആ‍ഞ്ചെല മെര്‍ക്കല്‍ പ്രമേയത്തെ പ്രതികൂലിച്ചാണ് വോട്ടു ചെയ്തത്. പാര്‍ലിമെന്‍റിന്‍റെ ഉപരിമണ്ഡലം ഈ പ്രമേയത്തിന് നേരത്തെ പച്ചക്കൊടി കാട്ടിയിരുന്നു.

യൂറോപ്പില്‍ 13 രാജ്യങ്ങള്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നൈയമിക അംഗീകാരം നല്കിയിട്ടുണ്ട്.  

ബെല്‍ജിയം, ഡെന്മാര്‍ക്ക്, ഫിന്‍ലാന്‍റ്, ഫ്രാന്‍സ്, ഐസ്ലാന്‍റ്, അയര്‍ലണ്ട്, ലക്സംബര്‍ഗ്, നെതര്‍ലാന്‍റ്സ്, നോര്‍വ്വെ, പോര്‍ട്ടുഗല്‍, സ്പെയിന്‍, സ്വീഡന്‍ ബ്രിട്ടന്‍ എന്നിവയാണ് പ്രസ്തുത നാടുകള്‍.

 








All the contents on this site are copyrighted ©.