2017-07-01 13:14:00

വിശ്വാസകാര്യസംഘത്തിന് പുതിയ മേധാവി


ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കൊ ലദാറിയ ഫെറെറിനെ വത്തിക്കാന്‍റെ വിശ്വാസകാര്യസംഘത്തിന്‍റെ പുതിയ തലവനായി (പ്രീഫെക്ട്) ആയി ഫ്രാന്‍സീസ് പാപ്പാ ശനിയാഴ്ച (01/07/17) നിയമിച്ചു.

എക്ലേസിയദ ദേയി പൊന്തിഫിക്കല്‍ സമിതിയുടെയും, ബൈബിള്‍ പൊന്തിഫിക്കല്‍  സമിതിയുടെയും, അന്താരാഷ്ട്ര ദൈവവിജ്ഞാനീയ സമിതിയുടെയും ചുമതലയും അദ്ദേഹത്തില്‍ നിക്ഷിപ്തമാണ്.

ഈ നാലു വിഭാഗങ്ങളുടെയും മേധാവിയായിരുന്ന കര്‍ദ്ദിനാള്‍ ഗെര്‍ഹാഡ് ലുഡ്വിഗ് മ്യുള്ളര്‍ 5 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് പുതിയ നിയമനം.

വിശ്വാസകാര്യസംഘത്തിന്‍റെ കാര്യദര്‍ശിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു ആര്‍ച്ച്ബിഷപ്പ് ഫെറെര്‍

ഈശോസഭാംഗമായ അദ്ദേഹം സ്പെയിന്‍ സ്വദേശിയാണ്. അന്നാട്ടിലെ മനകോര്‍ എന്ന സ്ഥലത്ത് 1944 ഏപ്രില്‍ 19നായിരുന്നു ആര്‍ച്ച്ബിഷപ്പ് ഫെറെറിന്‍റെ ജനനം.

1973 ജൂലൈ 29 ന് പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം 2008 ജൂലൈ 26 ന് ആര്‍ച്ചുബിഷപ്പായി അഭിഷിക്തനായി.

പൗരനിയമത്തില്‍ ബിരുദമുള്ള ആര്‍ച്ച്ബിഷപ്പ് ഫെറെര്‍ ദൈവവിജ്ഞാനീയത്തില്‍ റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.








All the contents on this site are copyrighted ©.