2017-07-01 12:27:00

ജീവനെ സംരക്ഷിക്കല്‍ സ്നേഹദൗത്യം -പാപ്പായുടെ ട്വീറ്റ്


മനുഷ്യജീവന് സംരക്ഷണമേകല്‍ സ്നേഹാധിഷ്ഠിത ധര്‍മ്മമെന്ന് മാര്‍പ്പാപ്പാ.

തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി വെള്ളിയാഴ്ച (30/06/17) കണ്ണിചേര്‍ത്ത 2 ട്വിറ്റര്‍ സന്ദേശളില്‍ അവസാനത്തെതിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉദ്ബോധനം നല്കിയിരിക്കുന്നത്.     

“മനുഷ്യ ജീവനെ, സര്‍വ്വോപരി, അത് രോഗത്താല്‍ മുറിപ്പെട്ടിരിക്കുമ്പോള്‍, കാത്തുപരിപാലിക്കുക എന്നത്, ദൈവം ഓരോ മനുഷ്യനെയും ഭരമേല്‍പ്പിച്ചിരിക്കുന്ന   സ്നേഹത്തിന്‍റെ കടമയാണ്” എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

തങ്ങളുടെ പത്തുമാസം പ്രായമുള്ള മകന്‍ ചാര്‍ളി ഗാഡ്, ദേദമാക്കാനാകാത്തതെന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ അസാധാരണമായ ഒരു രോഗത്തിന്‍റെ   പിടിയിലമര്‍ന്നതിനാല്‍ ഇംഗ്ലണ്ടുകാരായ കോണ്ണി യാറ്റെസ്, ക്രിസ് ഗാര്‍ഡ്  യുവദമ്പതികള്‍ പുത്രനെ അമേരിക്കയില്‍ കൊണ്ടു പോയി ചികിത്സിക്കാന്‍ അനുമതി തേടിക്കൊണ്ട് സമര്‍പ്പിച്ച അപേക്ഷ, ഭിഷഗ്വരസംഘത്തിന്‍റെ അഭിപ്രായത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട്, പരമോന്നത കോടതി തള്ളുകയും കുഞ്ഞിന്‍റ ജീവന്‍ കൃത്രിമമായി  നിലനിറുത്തുന്ന ഉപകരണം നീക്കാന്‍ അനുമതി നല്കുകയും ചെയ്തതിനാല്‍ വെള്ളിയാഴ്ച(30/06/17) അതു നീക്കം ചെയ്യാനായിരുന്നു തീരുമാനം. ഈ ഒരു പശ്ചാത്തലത്തിലാണ് പാപ്പാ ജീവന്‍റെ സംരക്ഷണത്തെക്കുറിച്ച് ഇങ്ങനെയൊരു ട്വിറ്റര്‍ സന്ദേശം നല്കിയത്.

ചാര്‍ളി ചികിത്സയില്‍ കഴിയുന്ന ഗ്രെയ്റ്റ് ഓര്‍മണ്ട് സ്ട്രീറ്റ് ആശുപത്രിയിലെ (Great Ormond Street Hospital) ഭിഷഗ്വരന്മാര്‍ കൃത്രിമ ശ്വാസോച്ഛ്വാസോപകരണം വെള്ളിയാഴ്ച നീക്കം ചെയ്യാനായിരുന്നു തീരുമാനിച്ചതെങ്കിലും അന്ന് അത് ചെയ്തില്ല. കോടതിയുടെ വാതിലുകള്‍ അടഞ്ഞപ്പോള്‍ കോണ്ണി, ക്രിസ് ദമ്പതികള്‍ സ്വപുത്രന്‍റെ അന്ത്യനിമിഷങ്ങള്‍ വീട്ടില്‍ ആകട്ടെയെന്ന ആഗ്രഹത്തോടെ ഭവനത്തിലേക്കുകൊണ്ടു പോകാന്‍ തേടിയ അനുമതിയും ആശുപത്രി അധികൃതര്‍ നിഷേധിക്കുകയുണ്ടിയ.

വേദനയുടെ ഈ നിമിഷങ്ങളില്‍ തങ്ങള്‍ക്കു താങ്ങായി നിലകൊള്ളുന്ന എല്ലാവര്‍ക്കും ഈ ദമ്പതികള്‍ ഫെയ്സ് ബുക്കിലൂടെ നന്ദിയര്‍പ്പിച്ചു.

ചാര്‍ലിയുടെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ട പണം സമാഹരിക്കുന്നതിന് രൂപം കൊണ്ട “ചാര്‍ളി സേന” 14 ലക്ഷം പൗണ്ട് , ഏകദേശം 11 കോടി 80 ലക്ഷം രൂപ സമാഹരിച്ചിരുന്നു.

വിവിധഭാഷകളിലായി 3 കോടി 30 ലക്ഷത്തിലേറെ അനുയായികളുള്ള ഫ്രാന്‍സീസ് പാപ്പായുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍,  ഇംഗ്ളീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 








All the contents on this site are copyrighted ©.