2017-06-29 19:09:00

‘വിശ്വാസം ജീവിതസാക്ഷ്യ’മെന്ന് പാപ്പാ ഫ്രാന്‍സിസ്


“ക്രിസ്തുവിനെ ഏറ്റുപറയുന്നവര്‍ അവിടുത്തേയ്ക്കുവേണ്ടി ജീവിക്കണം...!”

വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാരുടെ മഹോത്സവത്തില്‍, ജൂണ്‍ 29-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ രാവിലെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍, ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ ഉള്‍പ്പെടെ 36-പേരുടെ പാലിയം ഉത്തരീയദാന കര്‍മ്മം നടന്നത് ഈ ദിവ്യബലിമദ്ധ്യേയായിരുന്നു. മെത്രാപ്പോലീത്തമാരോടും ചത്വരം തിങ്ങിനിന്ന ആയിരങ്ങളോടും സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന പത്രോസ്ലീഹായുടെ വിശ്വാസപ്രഘോഷണത്തെ ആധാരമാക്കി പാപ്പാ വചനചിന്തകള്‍ പങ്കുവച്ചു (മത്തായി 16, 13-19).

1. ജീവിതസാക്ഷ്യം : ക്രിസ്തുവിനെക്കുറിച്ച് ഭംഗിയായി സംസാരിക്കുന്നതല്ല (Parlour Conversation) ക്രൈസ്തവ ജീവിതം. ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്ന ക്രിസ്തുവിനെ ജീവിക്കുന്നവരാണ് ക്രൈസ്തവര്‍. അതാണ് ക്രിസ്തുസാക്ഷ്യം! ക്രിസ്തുവിനെ ഹൃദയത്തിലേറ്റിയ പത്രോസ് പൗലോസ് അപ്പസ്തോലന്മാര്‍ ഇറങ്ങി പുറപ്പെട്ടതുപോലെ, അനുദിന ജീവിത നവീകരണത്തിലൂടെ ക്ലേശങ്ങള്‍ മറികടന്നും സ്വയാര്‍പ്പണത്തിലൂടെയും നാമും ജീവിക്കണം. ക്രിസ്തുവിന്‍റെ സ്നേഹത്തിനും ത്യാഗത്തിനും സാക്ഷികളായി ക്രൈസ്തവര്‍ സമൂഹത്തിലും കുടുംബത്തിലും സമര്‍പ്പിക്കണം. ക്രിസ്തുവിന്‍റെ‍ ജീവിതം ഉത്ഥാനത്തിന്‍റെ സന്തോഷത്തില്‍ എത്തിയത് കുരിശും പീഡകളും മറികടന്നപ്പോഴാണ്. അതുപോലെ ക്രിസ്തുവിനെ ഏറ്റുപറയുന്നവര്‍ (Confession), അതിനാല്‍  പീഡനങ്ങള്‍ സഹിക്കുകയും (Persecution), എന്നും പ്രാര്‍ത്ഥനയില്‍ ജീവിക്കുകയും, ദൈവോത്മുഖരായി വളരുകയുംവേണം.

2. പീഡനങ്ങള്‍ :  കുരിശില്ലാതെ ക്രിസ്തുവില്ല. അതുപോലെ കുരിശില്ലെങ്കില്‍ ക്രൈസ്തവര്‍ക്കും അസ്തിത്വമില്ല. ഇന്ന് ലോകത്തിന്‍റെ നനാഭാഗങ്ങളിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയാണ്. അവരെ തിരഞ്ഞെടുത്തു പീഡിപ്പിക്കുകയാണ്. ക്രൈസ്തവര്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുകയും, അധിക്ഷേപിക്കപ്പെടുകയും, വിവേചിക്കപ്പെടുകയും ചെയ്യുന്നു.

നിങ്ങള്‍ ബലിയായി അര്‍പ്പിക്കപ്പെടുന്ന സമയം വന്നിരിക്കുന്നുവെന്ന്, പൗലോസ് അപ്പസ്തോലന്‍ പറഞ്ഞിട്ടുണ്ട് (2 തിമോ. 4, 6). ജീവിക്കുകയെന്നാല്‍ നമുക്കുവേണ്ടി ക്രൂശിതനായ ക്രിസ്തുവിനുവേണ്ടി ജീവിക്കുക! അപ്പസ്തോലന്‍റെ ഈ വാക്കുകള്‍ ഇന്ന് ലോകത്ത് അന്വര്‍ത്ഥമാക്കപ്പെടുകയാണ് (ഫിലി. 1, 21). അതിനാല്‍ ജീവിക്കാന്‍വേണ്ടി, അല്ലെങ്കില്‍ ജീവന്‍ സംരക്ഷിക്കാന്‍വേണ്ടി തിന്മയെ അനുവദിക്കുന്നതും, തിന്മയോട് സഹിഷ്ണുത കാട്ടുന്നതും ക്രിസ്തീയമല്ല. അവിടുത്തോടു ചേര്‍ന്ന് തിന്മയെ മറികടക്കേണ്ടവരാണ് നാം. വിശ്വാസത്തോടെ  നല്ല യുദ്ധംചെയ്തുവെന്ന് പൗലോസ് അപ്പസ്തോലന്‍റെ വാക്കുകളില്‍ പറയുമ്പോള്‍ (2 തിമോ. 4, 8), ക്രിസ്തുവിനോടുള്ള സ്നേഹത്തെപ്രതി പീഡനങ്ങളും പ്രലോഭനങ്ങളും തരംതാഴ്ത്തലുമെല്ലാം സഹിച്ചുവെന്നാണ് അര്‍ത്ഥമാക്കുന്നത്. ക്രിസ്തു ആശ്ലേഷിച്ച കുരിശിന്‍റെ രക്ഷാകരശക്തിയാണ് ഇവിടെ തെളിഞ്ഞുകിട്ടുന്നത്.

3. പ്രാര്‍ത്ഥന : ഏറ്റുപറയുന്ന വിശ്വാസം ഒരു സ്വയാര്‍പ്പണമായി മാറുമ്പോള്‍, മുന്നോട്ടു നീങ്ങാന്‍ സഹായമാകുന്ന ശക്തി പതറാത്ത പ്രാര്‍ത്ഥനയാണ്. നമ്മുടെ പ്രത്യാശയെ നനച്ച്, വിശ്വാസത്തെ വളര്‍ത്തുകയും ഫലമണിയിക്കുകയുംചെയ്യുന്ന ജലമാണ് പ്രാര്‍ത്ഥന. ജീവിതത്തിന്‍റെ ഇരുണ്ടയാമങ്ങളില്‍ വഴികാട്ടിയാകുന്ന ദൈവികവെളിച്ചം പ്രാര്‍ത്ഥന തന്നെയാണ്! പ്രതിസന്ധികളെ മറികടന്ന് മുന്നോട്ടു പോകാന്‍ പ്രാര്‍ത്ഥന നമ്മെ സഹായിക്കുന്നു. പ്രാര്‍ത്ഥന നമ്മെ ദൈവിക സംരക്ഷണയില്‍ പങ്കുചേര്‍ക്കുന്നു. നമ്മെത്തന്നെ നാം ദൈവിക പരിപാലനയ്ക്കു സമര്‍പ്പിക്കുന്നത് പ്രാര്‍ത്ഥനയിലാണ്. ഏകാന്തതയില്‍നിന്നും ആത്മീയ ദൗര്‍ബല്യത്തില്‍നിന്നും നമ്മെ ഉണര്‍ത്തുന്ന ശക്തിയും, നമ്മെ ഐക്യപ്പെടുത്തി നിലനിര്‍ത്തുന്ന കേന്ദ്രബിന്ദുവും പ്രാര്‍ത്ഥനയാണ്. ജീവാത്മാവ് ഉണരുന്നത് പ്രാര്‍ത്ഥനയുടെ ഊര്‍ജ്ജത്തോടെയാണ്. അതിനാല്‍ പ്രാര്‍ത്ഥനയില്ലെങ്കില്‍ ആത്മാവ് ബന്ധനത്തിലാഴും ...!








All the contents on this site are copyrighted ©.