2017-06-29 08:49:00

മാനവികതയെ മുന്നോട്ടു നയിക്കുന്ന പ്രേരകശക്തിയാണ് തൊഴില്‍


ഇറ്റലിയിലെ തൊഴിലാളി യൂണിയനുകളുടെ കൂട്ടായ്മയോട്... പാപ്പാ ഫ്രാന്‍സിസ്.

ജൂണ്‍ 28-‍Ɔ൦ തിയതി ബുധനാഴ്ച രാവിലെ ഇറ്റലിയിലെ തൊഴിലാളി യൂണിയനുകളുടെ കൂട്ടായ്മയെ (Italian Confederation of Workers’ Unions) വത്തിക്കാനില്‍ അഭിസംബോധനചെയ്യവെണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ പ്രസ്താവിച്ചത്.

1. സമൂഹത്തെ നയിക്കേണ്ട പൗരസ്നേഹം    ചരിത്രത്തില്‍ മനുഷ്യരെ കൂട്ടിയിണക്കുന്ന പൊതുഘടകമാണ് തൊഴില്‍. ജനകോടികളാണ് തൊഴില്‍ മേഖലയില്‍ കൈകോര്‍ക്കുന്നതും സഹകരിക്കുന്നതും. ലോകത്തെ ഒന്നിച്ചുകൂട്ടാനും മനുഷ്യകുലത്തെ മുന്നോട്ടുനയിക്കാനും കരുത്തുള്ള പൗരസ്നേഹവും പരസ്നേഹവുമാണ് തൊഴില്‍. അതിനാല്‍ സത്യസന്ധവും ആത്മാര്‍ത്ഥവുമായ കൂട്ടായ്മയും പരസ്പരധാരണയും ഈ മേഖലയില്‍ അനിവാര്യമാണ്. പാപ്പാ സമര്‍ത്ഥിച്ചു.

2.  വ്യക്തിയും തൊഴിലും    “വ്യക്തികള്‍ക്കും തൊഴിലിനുംവേണ്ടി…,” എന്ന് ആപ്തവാക്യവുമായിട്ടാണ് ഇറ്റലിയിലെ തൊഴിലാളി സംഘടനകളുടെ കൂട്ടായ്മ പാപ്പായെ കാണാനെത്തിയത്. “വ്യക്തിയും തൊഴിലും,” രണ്ടും ഒരുമിച്ചുപോകുന്ന വാക്കുകളാണ്. വ്യക്തിയില്ലാത്ത തൊഴില്‍, അല്ലെങ്കില്‍ വ്യക്തിയെ മറന്നും അവഗണിച്ചും മുന്നോട്ടുപോകുന്ന തൊഴില്‍ മനുഷ്യത്വമില്ലാത്തതാണ്. തൊഴിലിലൂടെ പുരോഗമിച്ച് മറ്റുള്ളവരിലേയ്ക്കും സമൂഹത്തിലേയ്ക്കും ഇഴുകിച്ചേരുമ്പോഴാണ് വ്യക്തി വളരുന്നത്. അതിനാല്‍ തൊഴിലില്ലായ്മ വ്യക്തിയുടെ അപൂര്‍ണ്ണതയാണെന്ന് പാപ്പാ വ്യക്തമാക്കി. രോഗങ്ങളെ ശമനിപ്പിക്കുനുള്ള കരുത്തും തൊഴിലിനുണ്ട്. മറ്റുള്ളവരോട് ചേര്‍ന്നും  മറ്റുള്ളവര്‍ക്കുവേണ്ടിയും ഒരാള്‍ അദ്ധ്വാനിക്കുമ്പോള്‍ ആലസ്യങ്ങള്‍ അപ്രത്യക്ഷമാകും, രോഗം മാറിപ്പോകുമെന്ന് പാപ്പാ പ്രസ്താവിച്ചു.

3. കുടുംബവും തൊഴിലും    യുവജനങ്ങളെ തൊഴില്‍ അഭ്യസിപ്പിക്കേണ്ടതും സമൂഹത്തില്‍ പ്രവര്‍ത്തന നിരതമാക്കേണ്ടതും അനിവാര്യമാണെന്ന് പാപ്പാ തൊഴിലിന്‍റെ കൂട്ടായ്മയെ ചൂണ്ടിക്കാട്ടി. ഏതൊരു യുവാവിനും യുവതിക്കും അവരുടെ വളര്‍ച്ചയില്‍ സാമൂഹിക ജീവിതത്തിലേയ്ക്ക് ചിറകുവിരിച്ചു വളരാനും, പക്വതയാര്‍ജ്ജിക്കാനും കുടുംബ നല്കുന്ന ആദ്യസമ്മാനമായിരിക്കും തൊഴില്‍ അല്ലെങ്കില്‍ തൊഴില്‍ പരിശീലനം. അത്രത്തോളം ഉത്തരവാദിത്തം കുടുംബത്തിനും തൊഴിലിന്‍റെ മേഖലയില്‍ ഉണ്ടെന്ന് പാപ്പാ പ്രസ്താവിച്ചു.

4.  യൂണിയന്‍ നീതിനിഷ്ഠമായ കൂട്ടായ്മ    തൊഴിലാളികളുടെ കൂട്ടായ്മയാണ് യൂണിയന്‍ അല്ലെങ്കില്‍ സിന്‍ഡിക്കേറ്റ്. ‘Syn-dike’ എന്ന ഗ്രീക്കു വാക്കിന്‍റെ മൂലാര്‍ത്ഥം ‘നീതിനിഷ്ഠമായ കൂട്ടായ്മ’ എന്നാണ്. എല്ലാവരെയും, വിശിഷ്യ പാവങ്ങളെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെയും ഉള്‍ക്കൊള്ളാതെ കൂട്ടായ-നീതി യാഥാര്‍ത്ഥ്യമാക്കാനാവില്ല. അതിനാല്‍ യൂണിയനുകള്‍ക്ക് ഒരു പ്രവാചകദൗത്യമുണ്ട്. ദുബലരുടെ അവകാശങ്ങള്‍ക്കായി നീതിയോടെ നില്ക്കേണ്ടത് യൂണിയനുകളുടെയും ഉത്തരവാദിത്വമാണ്. സംഘടനാ പ്രവര്‍ത്തകരെയും പ്രതിനിധികളെയും പാപ്പാ ഉദ്ബോധിപ്പിച്ചു.

5. അഴിമതിയില്ലെങ്കില്‍ സമൂഹത്തെ തുണയ്ക്കാം    സാമൂഹിക നവീകരണം യൂണിയനുകളുടെ വെല്ലുവിളിയാണ്. യൂനിയനില്‍ പ്രവര്‍ത്തിക്കുന്നവരുടെ മാത്രം നന്മയും നവീകരണവുമല്ല, അതിനു പുറത്തുള്ള സമൂഹത്തോടും ജനങ്ങളോടും യൂണിയന്‍ പ്രസ്ഥാനങ്ങള്‍ക്ക് പ്രതിബദ്ധതയുണ്ട്. ഈ പശ്ചാത്തലത്തില്‍ സമൂഹിക മേഖലയില്‍ യൂണിയനുകള്‍ അഴിമതിക്ക് അടിമപ്പെടുകയാണെങ്കില്‍ അത് ഖേദകരമാണ്. എന്നാല്‍ കുടിയേറ്റം, സ്ത്രീകള്‍ യുവജനങ്ങള്‍ എന്നിങ്ങനെ ഇന്നിന്‍റെ സാമൂഹിക പ്രതിസന്ധികളുടെ മേഖലകളിലയ്ക്ക് തൊഴില്‍ യൂണിയനുകള്‍ തിരിയുന്നതും, നീതിക്കായി പോരാടുന്നതും പിന്‍തുണയ്ക്കുന്നതും ശ്ലാഘനീയമായ സമൂഹിക പ്രതിബദ്ധതയാണ്.

സമ്മേളനത്തിനും എല്ലാവരുടെയും അനുദിനപ്രവര്‍ത്തനങ്ങള്‍ക്കും ഭാവുകങ്ങളും ആശീര്‍വ്വാദവും നേര്‍ന്നുകൊണ്ടാണ് പാപ്പാ പ്രഭാഷണം ഉപസംഹരിച്ചത്.  








All the contents on this site are copyrighted ©.