2017-06-28 20:09:00

രാജകുമാരന്മാരല്ല കര്‍ദ്ദിനാളന്മാര്‍ ശുശ്രൂഷകരാണെന്ന് പാപ്പാ ഫ്രാന്‍സിസ്


നവകര്‍ദ്ദിനാളന്മാരെ വാഴിച്ച സമ്മേളനത്തില്‍ നല്കിയ പ്രഭാഷണം..

ജൂണ്‍ 28-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടന്ന കര്‍ദ്ദിനാളന്മാരുടെ സാധാരണ പൊതുസമ്മേളനത്തില്‍ Consistory-യില്‍ നവകര്‍ദ്ദിനാളന്മാരെ അഭിസംബോധനചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

1. ശുശ്രൂഷകരാന്‍ വിളിക്കപ്പെട്ടവര്‍   കര്‍ദ്ദിനാളന്മാര്‍ രാജകുമാരന്മാരാകാന്‍ വിളിക്കപ്പെട്ടവരല്ല.  ദൈവരാജ്യത്തില്‍ ക്രിസ്തുവിന്‍റെ  ഇടതും വലതും  സ്ഥാനങ്ങല്‍ പിടിച്ചുപറ്റാനുള്ള വരുമല്ല. ക്രിസ്തു വിളിക്കുന്നത് ശുശ്രൂഷിക്കാനാണ്, അവിടത്തെപ്പോലെയും, അവിടുത്തോടുകൂടെയും മനുഷ്യരെ ശുശ്രൂഷിക്കാന്‍. ദൈവപിതാവിനെയും അവിടുത്തെ എളിയ മക്കളെയും ശുശ്രൂഷിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു.  ലോകത്തിന്‍റെ പാപങ്ങളെയും മനുഷ്യകുലത്തിന്മേലുള്ള അവയുടെ പ്രത്യാഘാതങ്ങളെയും ക്രിസ്തു അഭിമുഖീകരിച്ചപോലെ അവയെ അഭിമുഖീകരിക്കാന്‍ ഇന്ന് നാമും വിളിക്കപ്പെട്ടിരിക്കുന്നു. യേശുവിനെ അനുഗമിക്കാം. അവിടുത്തെപ്പോലെ കുരിശിലും ഉത്ഥാനത്തിലും ദൃഷ്ടിപതിച്ച് നമുക്കും ജനങ്ങള്‍ക്കുമുന്നേ നടക്കാം, ജനങ്ങളെ എളിമയോടെ നയിക്കാം. പാപ്പാ നവകര്‍ദ്ദിനാളന്മാരെ ഉദ്ബോധിപ്പിച്ചു.

2.  മുന്നേ നടന്നത് ക്രിസ്തു      “ക്രിസ്തു അവര്‍ക്കുമുന്നേ നടന്നു പോവുകയായിരുന്നു…” എന്നു തുടങ്ങുന്ന വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷരംഗമാണ് സഭയിലെ നവകര്‍ദ്ദിനാളന്മാരുടെ വാഴിക്കല്‍ ശുശ്രൂഷാ കര്‍മ്മത്തിലെ ധ്യാനചിന്തയ്ക്ക് പശ്ചാത്തലമായി പാപ്പാ സ്വീകരിച്ചത്. (മര്‍ക്കോസ് 10, 32-45).  “ക്രിസ്തു നിശ്ചയദാര്‍ഢ്യത്തോടെ അവര്‍ക്കു മുന്നേ നടക്കുന്നു!” ഇനി എന്താണ് സംഭവിക്കുന്നതെന്ന് അവിടുത്തേയ്ക്ക് കൃത്യമായിട്ടറിയാം. ഒന്നില്‍ അധികം തവണ അത് അവിടുന്നു ശിഷ്യന്മാരോടു പറഞ്ഞിട്ടുമുണ്ട്. എന്നാല്‍ പരിശുദ്ധാത്മാവിനുമാത്രം നികത്താനാവുന്ന ഒരു വിടവ് അവിടുത്തെ ഹൃദയവും ശിഷ്യന്മാരുടെ ഹൃദയവും തമ്മിലുണ്ട്. അതിനാല്‍ ക്രിസ്തു അവരുടെ ക്ഷമയോടെയാണ് പ്രതികരിക്കുന്നത്. അവിടുന്ന് അവരോടു തുറന്നു സംസാരിക്കുന്നു. മാത്രമല്ല, അവിടുന്ന് അവര്‍ക്കു മുന്നേ പോകുന്നു..., അവര്‍ക്കു മുന്നേ നടക്കുന്നു.

3. സ്വാര്‍ത്ഥതാല്പര്യങ്ങള്‍ വെടിയണം     പിതാവിന്‍റെ ഹിതത്തിന് അനുയോജ്യമാം വിധം നീങ്ങുന്ന ക്രിസ്തുവിന്‍റെ ദിശയോടും താല്പര്യത്തോടും യാതൊരു ബന്ധവുമില്ലാത്തപോലെ, മാര്‍ഗ്ഗമദ്ധ്യേ ശിഷ്യന്മാര്‍ തങ്ങളുടെ താല്പര്യങ്ങളെ ചൊല്ലി ഏറെ പരിഭ്രാന്തരായി സംസാരിക്കുന്നു. ശിഷ്യന്മാരില്‍ രണ്ടുപേര്‍, യാക്കോബും യോഹന്നാനും ദൈവരാജ്യത്തില്‍ എങ്ങനെയെങ്കിലും ഇസ്രായേല്‍ രാജാവിന്‍റെ രണ്ടു സ്ഥാനങ്ങള്‍ - ഇടവും വലവും കരസ്ഥമാക്കാമെന്നാണ് ചിന്തിച്ചത് (37). അവര്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്കെല്ലാം അപ്പുറത്തായിരുന്നു! അവര്‍ എല്ലാം കാണുന്നെന്ന ഭാവത്തിലായിരുന്നു, എന്നാല്‍ അവര്‍ കാണുന്നില്ലായിരുന്നു. അവര്‍ക്കെല്ലാം അറിയാമെന്നും ചിന്തിച്ചു... എന്നാല്‍ അവര്‍ക്ക് ഒന്നും അറിയില്ലായിരുന്നു. അവര്‍ക്കെല്ലാം മനസ്സിലായെന്നും കരുതിയിരുന്നു..., എന്നാല്‍ അവര്‍ക്കൊന്നും മനസ്സിലാകുന്നില്ലായിരുന്നു.

4. ക്രിസ്തു കണ്ട കുരിശിന്‍റെ യാഥാര്‍ത്ഥ്യം    ക്രിസ്തു കണ്ട യാഥാര്‍ത്ഥ്യം പൂര്‍ണ്ണമായും വ്യത്യസ്ഥമായിരുന്നു. അവിടുത്തെ ചുവടുവയ്പുകളും വ്യത്യസ്തമായിരുന്നു. അവിടുത്തേയ്ക്ക് യാഥാര്‍ത്ഥ്യം കുരിശായിരുന്നു! ലോകത്തിന്‍റെ പാപങ്ങള്‍ ഏറ്റെടുക്കാനും അത് മനുഷ്യരില്‍നിന്നും പാടേ ഉന്മൂലനംചെയ്യാനുമാണ് അവിടുന്നു വന്നത്.   ഇന്നിന്‍റെയും ആഗോള ചുറ്റുപാടികളില്‍ ക്രിസ്തുവിനെ അനുഗമിക്കുന്നവര്‍ക്ക് കുരിശാണ്. നിര്‍ദ്ദോഷികള്‍ പീഡിപ്പിക്കപ്പെടുകയാണ്, അവര്‍ കുരിശു ചുമക്കുകയാണ്. അവരാണ് ഭീകരതയ്ക്കും യുദ്ധത്തിനും അടിമകളാകുന്നത്. ഈ യുഗത്തിലും മനുഷ്യാന്തസ്സിന്‍റെയും മനുഷ്യാവകാശത്തിന്‍റെയും ലംഘനങ്ങളുടെ വിവിധങ്ങളായ ബന്ധനങ്ങള്‍ ലോകത്ത് സൃഷ്ടിക്കുന്നുണ്ട്. ഇന്നത്തെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ പലപ്പോഴും ജീവിതം ക്ലേശകരം മാത്രമല്ല, നരകതുല്യമാണ്. കാരണം, ഒരിക്കലും ഉപയോഗപ്രദമല്ലാത്തതിനെയും ഉപോയോഗപ്രദമല്ലാത്തവരെയും സംഘടിതമായി ഉപേക്ഷിക്കുന്ന രീതിയിന്ന് ജനങ്ങള്‍ അംഗീകരിക്കുകയാണ്, ഒരു ‘വലിച്ചെറിയല്‍ സംസ്ക്കാരം’ വളര്‍ത്തിയെടുക്കുകയാണ്! ആവശ്യമില്ലെന്നു സ്വയം കരുതുകയും തീരുമാനിക്കുകയും ചെയ്തിട്ട്, സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്കായി തീരുമാനിച്ചിട്ട് അവരെ പീഡിപ്പിക്കുകയും, പുറംതള്ളുകയുംചെയ്യുകയാണ്.

5.  അവസാനംവരെ നിശ്ചയദാര്‍ഢ്യത്തോടെ...  ജരൂസലത്തേയ്ക്കു നടക്കുന്ന ക്രിസ്തു കാണുന്നത് ഇതെല്ലാമാണ്. തിന്മയുടെ ശക്തിയാല്‍ പീഡിതരായവരെ സൗഖ്യപ്പെടുത്താനും, പിതാവിന്‍റെ ലാളിത്യമാര്‍ന്ന സ്നേഹം പങ്കുവയ്ക്കാനുമാണ് തന്‍റെ ജീവിതകാലത്ത് ക്രിസ്തു പരിശ്രമിച്ചത് (നടപടി 10, 38). തിന്മയെ വേരോടെ പിഴുതെറിയേണ്ടതിനും, കീഴ്പ്പെടുത്തേണ്ടതിനുമുള്ള അന്ത്യനിമിഷം ആഗതമായെന്ന് അവിടുത്തേയ്ക്ക് അറിയാമായിരുന്നു.. അതുകൊണ്ടാണ് അവിടുന്നു നിശ്ചയദാര്‍ഢ്യത്തോടെ കുരിശിലേയ്ക്ക് നടന്നു നീങ്ങിയത്, നടന്നടുത്തത്! അതിനാല്‍ സഭയും സഭയിലെ ശുശ്രൂഷകരും ഇന്നും ക്രിസ്തുവിന്‍റെ വഴിയേ നടക്കേണ്ടതാണ്. ക്രിസ്തു ഇന്നും നമുക്കു മുന്നിലുണ്ട്. നിശ്ചയദാര്‍ഢ്യത്തോടും ബോധ്യത്തോടുംകൂടെ  അവിടുത്തെ അനുഗമിക്കണമെന്ന് ക്രിസ്തു ആവശ്യപ്പെടുന്നു. യാഥാര്‍ത്ഥ്യത്തെ തിരിച്ചറിയാനും മനസ്സിലാക്കുവാന്‍ അവിടുന്നു നമ്മെ ക്ഷണിക്കുന്നു. മറ്റു മോഹങ്ങളാലോ താല്പര്യങ്ങളാലോ ഭ്രമിച്ചും വഴിതെറ്റിയും പോകരുതെന്നും അവിടുന്ന് അനുസ്മരിപ്പിക്കുന്നുണ്ട്.

കന്യകാനാഥയിലും  അമ്മയുടെ മാദ്ധ്യസ്ഥത്തിലും വിശ്വാസമര്‍പ്പിക്കാം . പൂര്‍ണ്ണമായും സഹോദരങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ പോരുന്ന ക്രിസ്തുവിന്‍റെ ഹൃദയം നേടാന്‍ പരിശുദ്ധാത്മാവു നമ്മെ തുണയ്ക്കട്ടെ! 

 








All the contents on this site are copyrighted ©.