2017-06-28 12:49:00

ക്രൈസ്തവന്‍ : ഒഴുക്കിനെതിരെ നീന്തുന്നവന്‍, പാപ്പാ


വേനല്‍ ശക്തിയാര്‍ജ്ജിച്ചിരിക്കുന്നതിനാല്‍ റോമില്‍ കടുത്ത ചൂടും, റോമിന് വടക്കോട്ട് ഇറ്റലിയുടെ ഉത്തര അതിര്‍ത്തിവരെയുള്ള ഭാഗങ്ങളില്‍ ശക്തമായ മഴയുണ്ടായിരുന്നതിനാല്‍, മൂടലും അനുഭവപ്പെടുകയും ഇടയ്ക്ക് ചാറ്റല്‍ മഴയുണ്ടാകുകയും ചെയ്ത ഒരു ദിനമായിരുന്ന  ഈ ബുധനാഴ്ച (28/06/17)  വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ ആയിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ  ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു. ഇറ്റലിയിലെ തൊഴിലാളി സംഘടനകളുടെ സംയുക്തസമിതിയുടെ ആയിരത്തോളം പ്രതിനിധികളുമായി  വി.പത്രോസിന്‍റ ബസിലിക്കയുടെ സമീപത്തുള്ള പോള്‍ ആറാമന്‍ ശാലയില്‍ വച്ച് നടത്തിയ കൂടിക്കാഴ്ചാനന്തരമാണ് പാപ്പാ ചത്വരത്തില്‍ എത്തിയത്. വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ആഗതനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ഹര്‍ഷാരവങ്ങളും അന്തരീക്ഷത്തില്‍ അലതല്ലി. പൊതുകൂടിക്കാഴ്ചയില്‍ പങ്കെടുക്കാനെത്തിയിരുന്നവര്‍ക്കിടയില്‍ നിന്ന് മൂന്നു പെണ്‍കുട്ടികള്‍ക്കും ഒരു ആണ്‍കുട്ടിക്കും പാപ്പായുടെ വാഹനത്തില്‍ കയറാനും പാപ്പായോടൊപ്പം ആ വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കാനും ഭാഗ്യം ലഭിച്ചു. ആ ബാലികാബലാന്മാരെ കയറ്റിയ വാഹനത്തില്‍ ജനസഞ്ചയത്തിനിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ കുട്ടികള്‍ക്കു പിന്നാലെ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു. തുടര്‍ന്ന് വിശുഗ്രന്ഥഭാഗ പാരായണമായിരുന്നു.

അക്കാലത്ത് യേശു പന്ത്രണ്ടപ്പസ്തോലന്മാരോടു പറഞ്ഞു: 16 ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയക്കുന്നു. അതിനാല്‍ നിങ്ങള്‍ സര്‍പ്പങ്ങളെ പോലെ വിവേകമതികളും പ്രാവുകളെ പോലെ നിഷ്ക്കളങ്കരുമായിരിക്കുവിന്‍.17 മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘത്തിന് ഏല്പിച്ചുകൊടുക്കും. തങ്ങളുടെ സിനഗോഗുകളില്‍ വച്ച്  അവര്‍ നിങ്ങളെ മര്‍ദ്ദിക്കും......21 സഹോദരന്‍ സഹോദരനെയും പിതാവ് പുത്രനെയും മരണത്തിനേല്പിച്ചുകൊടുക്കും. മക്കള്‍ മാതാപിതാക്കന്മാരെ എതിര്‍ക്കുകയും അവരെ വധിക്കുകയുംചെയ്യും. എന്‍റെ നാമം മൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്ക്കുന്നവന്‍ രക്ഷപ്പെടും(മത്തായി 10,16-17,21-22)   

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പരയില്‍ ഇരുപത്തിയെട്ടാമത്തേതായി “പ്രത്യാശ നിണസാക്ഷികളുടെ ശക്തിയാണെന്ന്” വിശദീകരിച്ചു.

പ്രഭാഷണസംഗ്രഹം:

ശുഭദിനാശംസയോടെ തന്‍റെ പ്രഭാഷണത്തിന് തുടക്കം കുറിച്ച പാപ്പാ ഇപ്രകാരം തുടര്‍ന്നു:

പ്രത്യാശ രക്തസാക്ഷികളുടെ ശക്തിയാണ് എന്ന ആശയമാണ് ഇന്ന് നാം വിചിന്തനം ചെയ്യുക. സുവിശേഷത്തില്‍ യേശു, ശിഷ്യന്മാരെ പ്രേഷിതദൗത്യത്തിനായി അയക്കുമ്പോള്‍ അനായാസകരമമായ വിജയപ്രതീക്ഷയേകി വ്യാമോഹിപ്പിക്കുന്നില്ല; മറിച്ച്, ദൈവരാജ്യപ്രഘോഷണത്തിന് എന്നും എതിര്‍പ്പുണ്ടാകുമെന്ന വ്യക്തമായ മുന്നറിയിപ്പു നല്കുന്നു. കടുത്ത ശൈലിയാണ് അവിടന്നുപയോഗിക്കുന്നത്: ”എന്‍റെ  നാമം മൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും”.(മത്തായി,10,22). ക്രൈസ്തവര്‍ സ്നേഹിക്കുന്നു. എന്നാല്‍ അവര്‍ എല്ലായ്പ്പോഴും സ്നേഹിക്കപ്പെടുന്നില്ല. തുടക്കം മുതല്‍ തന്നെ യേശു നമ്മെ ഈ യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ നിറുത്തുന്നു.  വിശ്വാസപ്രഖ്യാപനം നടക്കുന്നത് ശത്രുതയുടെ അന്തരീക്ഷത്തിലാണ്.

ക്രൈസ്തവര്‍ ഒഴുക്കിനെതിരെ നീന്തുന്ന സ്ത്രീപുരുഷന്മാരാണ്. അത് സ്വാഭാവികം തന്നെ. കാരണം, ലോകം പാപത്താല്‍ മുദ്രിതമാണ്. ഇത് സ്വാര്‍ത്ഥത, അനീതി എന്നിങ്ങനെയുള്ള വിവിധരൂപങ്ങളില്‍ ആവിഷ്കൃതമാകുന്നു. ക്രിസ്തുവിനെ അനുഗമിക്കുന്നവന്‍ എതിര്‍ദിശയിലേക്കാണ് നീങ്ങുന്നത്. ഒരു വിവാദ അരൂപിയാലല്ല ഇങ്ങനെ ചെയ്യുന്നത്. മറിച്ച് ദൈവരാജ്യത്തിന്‍റെ യുക്തിയോടുള്ള വിശ്വസ്തതയാലാണ്. ഇത് പ്രത്യാശയുടെ യുക്തിയാണ്. അത് യേശുവിന്‍റെ നിര്‍ദ്ദേശങ്ങളില്‍ അധിഷ്ഠിതമായ ജീവിതശൈലിയിലേക്കു പകര്‍ത്തപ്പെടുന്നു.

ഈ നിര്‍ദ്ദേശങ്ങളി‍ല്‍ ആദ്യത്തേത് ദാരിദ്ര്യമാണ്. യേശു തന്‍റെ ശിഷ്യരെ പ്രേഷിതദൗത്യത്തിനായി അയക്കുമ്പോള്‍ എല്ലാം നല്കി അയയ്ക്കുന്നതിനേക്കാള്‍ അവരെ വെറുംകൈയ്യോടെ അയയ്ക്കുന്നതിലാണ് ശ്രദ്ധിക്കുന്നത്. വാസ്തവത്തില്‍ താഴ്മയുള്ളവനും ദരിദ്രനും, സമ്പത്തിനോടും അധികാരത്തോടും ആസക്തിയില്ലാത്തവനും സര്‍വ്വോപരി ആത്മപരിത്യാഗി ആകാത്തവന് ക്രിസ്തുവിനോടു താദാത്മ്യം പ്രാപിക്കാനാകില്ല. അത്യാവശ്യമായവ മാത്രം എടത്തുകൊ​ണ്ടും എന്നാല്‍ സ്നേഹ നിര്‍ഭരമായ ഹൃദയത്തോടും കൂടിയാണ് ക്രൈസ്തവന്‍ ഈ ലോകത്തില്‍ യാത്ര ചെയ്യുന്നത്. യേശു പറയുന്നു “ ചെന്നായ്ക്കളുടെ ഇടയിലേക്കു കുഞ്ഞാടുകളെ എന്നപോലെയാണ് ഞാന്‍ നിങ്ങളെ അയക്കുന്നത്” അതായത് പല്ലും നഖവും ആയുധങ്ങളുമായിട്ടല്ല യേശു അവരെ അയക്കുന്നത്. എന്നാല്‍ ഒരു ക്രൈസ്തവന്‍ വിവേകമുള്ളവനാകണം, ചിലപ്പോള്‍ തന്ത്രശാലിയും. ഈ പുണ്യങ്ങള്‍ സുവിശേഷത്തിന്‍റെ യുക്തിക്ക് സ്വീകാര്യങ്ങളാണ്. എന്നാല്‍ ഒരിക്കലും അക്രമം അരുത്. തിന്മയെ തിന്മകൊണ്ട് ജയിക്കാന്‍ ശ്രമിക്കരുത്.

ക്രൈസ്തവന്‍റെ ഏക ശക്തി സുവിശേഷമാണ്.... ക്രൈസ്തവര്‍ ലോകത്തിന്‍റെ ദൈവം തിരഞ്ഞെ‌ടുത്ത ഭാഗത്ത് കാണപ്പെടേണ്ടവരാണ്. മര്‍ദ്ദകനായിട്ടല്ല, മറിച്ച്, പീഢിതരായി, അഹങ്കാരിയായിട്ടല്ല, പ്രത്യുത, വിനയാന്വിതനായി, വ്യാമോഹങ്ങളെ വില്ക്കുന്നവനായിട്ടല്ല, മറിച്ച്, സത്യത്തിന് വിധേയനായി, കപടവേഷധാരിയായിട്ടല്ല പ്രത്യുത സത്യസന്ധനായി ക്രൈസ്തവന്‍ കാണപ്പെടണം.

മരണം വരെയുള്ള ഈ വിശ്വസ്തത യേശുവിന്‍റെ ശൈലിയാണ്, അത് പ്രത്യാശയുടെ ശൈലിയാണ്. ഇതിനെ, ആദിമ ക്രൈസ്തവര്‍ മനോഹരമായ ഒരു പേരിട്ടു വിളിച്ചു, രക്തസാക്ഷിത്വം എന്ന്. സാക്ഷ്യം എന്നര്‍ത്ഥം. നിഘണ്ടുവില്‍ കാണപ്പെടുന്ന വീരത്വം, പരിത്യാഗം, ആത്മത്യാഗം എന്നീ പദങ്ങളൊക്കെ ഇതിനുപയോഗിക്കാമായിരുന്നെങ്കിലും ആദിമ ക്രൈസ്തവര്‍ ശിഷ്യത്വത്തിന്‍റെ പരിമളമുള്ള ഒരു നാമം അതിനു നല്കി. നിണസാക്ഷിത്വം ക്രിസ്തീയ ജീവിതത്തിന്‍റെ പരമമായ ആശയമല്ല. കാരണം ഉപവി, അതായത്, ദൈവത്തോടും അയല്‍ക്കാരനോടുമുള്ള സ്നേഹം, അതിലുപരിയായി നിലകൊള്ളുന്നു.

ഭൂതവര്‍ത്തമാനകാലങ്ങളിലെ നിരവധിയായ രക്തസാക്ഷികളുടെ കഥകള്‍ വായിക്കുമ്പോള്‍ പരീക്ഷണങ്ങളെ നേരിടുന്നതില്‍ അവര്‍ക്കുണ്ടായിരുന്ന മനോധൈര്യം നമ്മെ വിസ്മയത്തിലാഴ്ത്തുന്നു. ആദ്യകാലങ്ങളിലേക്കാള്‍ രക്തസാക്ഷികള്‍ ഇന്നുണ്ട്. രക്തസാക്ഷികളുടെ ഈ ഉള്‍ക്കരുത്ത് അവരെ നയിച്ചിരുന്ന വലിയ പ്രത്യാശയുടെ അടയാളമാണ്. യേശുക്രിസ്തുവില്‍ നമുക്കു നല്കപ്പെട്ട ദൈവത്തിന്‍റെ സ്നേഹത്തില്‍ നിന്ന് ആര്‍ക്കും, യാതൊന്നിനും നമ്മെ വേര്‍പെടുത്താനാകില്ല എന്ന ഉറച്ച പ്രത്യാശയാണത്.

തന്‍റെ സാക്ഷികളായിത്തീരാനുള്ള ശക്തി ദൈവം എന്നും നമുക്കു പ്രദാനം ചെയ്യട്ടെ. ക്രിസ്തീയ പ്രത്യാശ, സര്‍വ്വോപരി, നമ്മുടെ കടമകള്‍ അനുദിനം സ്നേഹത്തോടുകൂടെ നല്ലവണ്ണം നിറവേറ്റുകയെന്ന നിഗൂഢമായ നിണസാക്ഷിത്വത്തില്‍ ജീവിക്കാനുള്ള അനുഗ്രഹം അവിടന്നു നമുക്കേകട്ടെ.നന്ദി.

പാപ്പായുടെ ഈ വാക്കുകളെ തുടര്‍ന്ന് ഈ പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു.പതിവുപോലെ, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, റോമി‍ന്‍റെ സ്വര്‍ഗ്ഗീയ സംരക്ഷകരായ പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുന്നാള്‍ ജൂണ്‍ 29 ന്, വ്യാഴാഴ്ച ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു. സഭയുടെ അടിസ്ഥാനം രക്തസാക്ഷികളുടെ നിണമാണെന്ന് ഓര്‍മ്മിപ്പിച്ച പാപ്പാ, സുവിശേഷത്തിനും തങ്ങള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്കും സാക്ഷ്യമേകാന്‍ ഈ നിണസാക്ഷികളുടെ ധീരതയില്‍ നിന്ന് പഠിക്കാന്‍ യുവതയെ ആഹ്വാനം ചെയ്തു.കര്‍ത്താവിനോട് ഈ അപ്പസ്തോലന്മാര്‍ക്കുണ്ടായിരുന്ന സ്നേഹം വേദനനിറഞ്ഞ പരീക്ഷണങ്ങളില്‍ രോഗികള്‍ക്ക് പ്രത്യാശ പ്രദാനംചെയ്യട്ടെയെന്ന് പാപ്പാ ആശംസിച്ചു.സുകൃതങ്ങള്‍ അഭ്യസിക്കുന്നതിനും, ദൈവത്തിനും സഹോദരങ്ങള്‍ക്കും വേണ്ടി നിരുപാധികം സേവനംചെയ്യുന്നതിനു മക്കളെ പഠിപ്പിക്കാന്‍ പാപ്പാ നവദമ്പതികളെ ആഹ്വാനം ചെയ്തു.  

പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, കര്‍ത്തൃപ്രാര്‍ത്ഥന ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ടതിനുശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.