2017-06-26 17:35:00

''ക്രിസ്തീയജീവിതം അതു വളരെ ലളിതമാണ്'': ഫ്രാന്‍സീസ് പാപ്പാ


ദൈവത്തില്‍ ശരണമര്‍പ്പിച്ചുകൊണ്ട് അവിടുത്തെ വഴിയെ നീങ്ങുവാനുള്ള ആഹ്വാനമായിരുന്നു, ജൂണ്‍ 26, തിങ്കളാഴ്ചയില്‍ ഫ്രാന്‍സീസ് പാപ്പാ സാന്താമാര്‍ത്തായിലര്‍പ്പിച്ച പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശം. ഉല്‍പ്പത്തിഗ്രന്ഥത്തില്‍ നിന്നുള്ള ആദ്യവായനയെ ആസ്പദമാക്കി പാപ്പാ ഉദ്ബോധിപ്പിച്ചു:

‘‘അബ്രാഹം ക്രിസ്തീയജിവിതശൈലി നമുക്കു കാണിച്ചുതരുന്നു.  മൂന്നു മാനങ്ങളാണതിനുള്ളത്: ഇടി തകര്‍ക്കല്‍, വാഗ്ദാനം, അനുഗ്രഹം. കര്‍ത്താവ്, അബ്രാഹത്തോടു പറഞ്ഞു: നിന്‍റെ രാജ്യത്തെയും പിതൃദേശത്തെയും ഭവനത്തെയും ഉപേക്ഷിക്കുക. ഒരു ക്രിസ്ത്യാനിയാകുന്നതിന് ഈ ‘ഉരിയല്‍’, കുരിശിലെ യേശുവില്‍ കാണുന്ന പൂര്‍ണമായ ഉപേക്ഷ ആവശ്യമാണ്.  അപ്പസ്തോലന്മാരിലും പ്രവാചകരിലും ഈ ഉപേക്ഷയുടെ തലം യഥാര്‍ഥമായിരുന്നു എന്നനുസ്മരിച്ച പാപ്പാ ഏലീഷാപ്രവാചകന്‍റെ മാതൃക ചൂണ്ടിക്കാട്ടിക്കൊണ്ട് പറഞ്ഞു: ''ക്രിസ്ത്യാനികള്‍ക്ക് ഉപേക്ഷിക്കാനുള്ള കഴിവ് അവശ്യമാണ്, അല്ലെങ്കില്‍ അവരുടെ ക്രീസ്തീയതയ്ക്ക് ആധികാരികതയില്ല...'' 

''ക്രിസ്ത്യാനികള്‍ക്ക് നക്ഷത്രഫലം നോട്ടമില്ല, ഭാവി ദര്‍ശിക്കാന്‍ മറ്റു കാര്യങ്ങളുമില്ല.  എവിടേയ്ക്കാണു പോകുന്നതെന്ന് അവന് അറിയില്ല.  എന്നാല്‍ വാഗ്ദാനമുണ്ട്.  ഒരു കൂടിക്കാഴ്ച ലഭിക്കുമെന്നും നമുക്ക് അവകാശമായി ഒരു സ്ഥലമുണ്ട് എന്നുമുള്ള വാഗ്ദാനം. അവ നമുക്കു ലഭിക്കും.  അബ്രാഹം വാഗ്ദാനദേശത്ത് വീടു പണിയുകയായിരുന്നില്ല മറിച്ച്, കൂടാരമടിക്കുക യായിരുന്നു.  അത് അബ്രാഹം വഴിയാത്രയിലാണെന്നും ദൈവത്തില്‍ മാത്രം ശരണം വച്ചിരിക്കുന്നുവെന്നുമാണ് വെളിവാക്കുന്നത്... ഈ വഴി ദൈവത്തിന്‍റെ വിസ്മയനീയമായ പ്രവൃത്തികളിലേക്കു തുറക്കുന്ന വഴിയാണ്. നല്ലതല്ലാത്ത സമയങ്ങളെന്നു നാം വിചാരിക്കുന്ന, രോഗത്തിന്‍റെ, മരണത്തിന്‍റെ വഴികളെല്ലാം ദൈവത്തിന്‍റെ വിസ്മയങ്ങളിലേക്കു തുറവിയുള്ളവയാണ്.  എല്ലാമുപേക്ഷിച്ച്, അവിടുത്തെ വാഗ്ദാനത്തില്‍ ആശ്രയിച്ച്, കുറ്റമറ്റവരായി ചരിക്കുകയെന്നുള്ള ആഹ്വാനം നല്‍കിയ പാപ്പാ അവസാനമായി കൂട്ടിച്ചേര്‍ത്തു: ‘‘ക്രിസ്തീയജീവിതം അത്ര ലളിതമാണ്’’.








All the contents on this site are copyrighted ©.