2017-06-24 12:48:00

നീന്തല്‍ മത്സരം നൂതനമായൊരു ജലസംസ്കാരത്തിനു സംഭാവനയേകട്ടെ!


നീന്തല്‍ മത്സരം നൂതനമായൊരു ജലസംസ്കാരത്തിനു സംഭാവനയേകട്ടെയെന്ന് മാര്‍പ്പാപ്പാ ആശംസിക്കുന്നു.

“ഏഴു കുന്നുകള്‍” എന്നര്‍ത്ഥംവരുന്ന “സേത്തെ കോള്ളി” (SETTE COLLI) ട്രോഫിക്കുവേണ്ടി റോമില്‍ നടക്കുന്ന നീന്തല്‍ മത്സരത്തില്‍ പങ്കെടുക്കുന്നവരും ഇറ്റലിയിലെ നീന്തല്‍ ഫെഡറേഷനിലെ അംഗങ്ങളുമുള്‍പ്പെടെ മുന്നൂറോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (24/06/17) വത്തിക്കാനില്‍, സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

ജലം ജീവനാണ്, വെള്ളത്തിന്‍റെ അഭാവത്തില്‍ ജീവനുണ്ടാകില്ല, ജീവനെക്കുറിച്ചു പ്രതിപാദിക്കുകയെന്നാല്‍ ജീവന്‍റെ ആരംഭവും സ്രോതസ്സുമായ ദൈവത്തെക്കുറിച്ച് സംസാരിക്കുകയാണ്, നമ്മുടെ ക്രിസ്തീയജീവിതത്തിന്‍റെ തുടക്കവും ജലത്തിന്‍റെ അടയാളത്താലാണ്, അതായത്, ജ്ഞാനസ്നാനത്താലാണ് എന്ന് പാപ്പാ വിശദീകരിച്ചു.

നീന്താനും, ഊളിയിടാനും മത്സരിക്കാനുമൊക്കെ ഉപയോഗിക്കുന്ന ജലം, നാം ശ്രദ്ധിക്കേണ്ട പലകാര്യങ്ങളിലേക്കും വിരല്‍ചൂണ്ടുന്നുണ്ടെന്നു പറഞ്ഞ പാപ്പാ അതിലൊന്ന് പരിചരിക്കപ്പെടേണ്ടതും എന്നാല്‍ പൂജാവിഗ്രഹമാക്കപ്പെടാന്‍ പാടില്ലാത്തതുമായ ശരീരത്തിന്‍റെ മൂല്യമാണെന്ന് ഓര്‍മ്മിപ്പിച്ചു.

ആന്തരികമാനം ഉണ്ടായിരിക്കല്‍, ചെയ്യുന്ന ക്രിയയുടെ പൊരുള്‍ കണ്ടെത്തല്‍, തളര്‍ച്ചയെ ജയിക്കാനുള്ള ശക്തിയും ധൈര്യവും, ജീവിതത്തില്‍ എത്തിച്ചേരേണ്ട ലക്ഷ്യം കണ്ടെത്തല്‍, ആ ലക്ഷ്യം പ്രാപിക്കാനുള്ള മാര്‍ഗ്ഗം ആരായല്‍, സുതാര്യതയെയും ആന്തരികവിശുദ്ധിയെയും വിളിച്ചോതുന്ന അധികൃതമൂല്യം എന്നിവയും ഇക്കാര്യങ്ങളിലുള്‍പ്പെടുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

കായികവിനോദങ്ങളിലും ജീവിതത്തിലും മലിനീകരണഹേതുവായ സകലത്തെയും എതിര്‍ക്കാന്‍ ജലവുമായുള്ള സമ്പര്‍ക്കം വഴി പഠിക്കുന്നതിന് നീന്തല്‍ക്കാര്‍ക്കു  കഴിയുമെന്ന് പാപ്പാ പറഞ്ഞു.

ഏറെ ഉപകരാപ്രദവും ലാളിത്യമാര്‍ന്നതും അനര്‍ഘവും നിര്‍മ്മലവുമായ ജലത്തിന് വിശുദ്ധ ഫ്രാന്‍സീസ് അസ്സീസി ദൈവത്തെ സ്തുതിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

കായികവിനോദം, സമൂഹത്തിന് ആവശ്യമായരിക്കുന്ന മൂല്യങ്ങള്‍ സംവേദനം ചെയ്യാന്‍ കഴിവുറ്റ കാമ്പുള്ള ഉത്സവമാണ് എന്നും പാപ്പാ പറഞ്ഞു.

 








All the contents on this site are copyrighted ©.