2017-06-23 11:53:00

ലിത്വാനയിലെ മെത്രാന്‍ മദുലിയോണിസ് വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക്


ധന്യനായ തെയോഫിലസ് മദുലിയോണിസ് (1873-1962) വിശ്വാസത്തെപ്രതി ജീവന്‍ സമര്‍പ്പിച്ച മനുഷ്യസ്നേഹിയായിരുന്നെന്ന് വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കദ്ദിനാള്‍ ആഞ്ചലോ അമാത്തോ പ്രസ്താവിച്ചു.

ജൂണ്‍ 21-Ɔ൦ തിയതി ബുധനാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ അമാത്തോ സഭ ജൂണ്‍ 25-Ɔ൦ തിയതി ഞായറാഴ്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ലിത്വാനയിലെ വിലീനിയൂസില്‍ വാഴ്ത്തപ്പെട്ട പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടാന്‍ പോകുന്ന ലിത്വാനയുടെ മെത്രാനായിരുന്ന തെയോഫിലസ് മദുലിയോണിസിനെക്കുറിച്ച് ഇങ്ങനെ പ്രസ്താവിച്ചത്. കമ്യൂണിസ്റ്റ് പീഡനകാലത്ത് ജനിച്ചു വളര്‍ന്ന മദുലിയോണിസ് റഷ്യയിലെ പീറ്റേഴ്സ് ബര്‍ഗില്‍ പഠിച്ചാണ് വൈദികനായത്. പീഡനത്തെ ഭയന്ന് രഹസ്യമായിട്ടായിരുന്നു പ്രേഷിതപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നത്. എതിര്‍പ്പുകളെ അവഗണിച്ചും അദ്ദേഹം അജപാലന മേഖലയില്‍ സജീവമായിരുന്നു.

11-Ɔ൦ പിയൂസ് പാപ്പാ മതുലിയോണിസിനെ മെത്രാന്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തിയെങ്കിലും കമ്യൂണിസ്റ്റുകാര്‍ അദ്ദേഹത്തെ സ്ഥിരമായി ബന്ധിയാക്കുകയും, പ്രേഷിതപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയുംചെയ്തു. മാത്രമല്ല ലിത്വാനയിലെ രൂപതയിലേയ്ക്ക് തിരികെ പോകാന്‍ വിലക്കുകല്പിക്കുകയുംചെയ്തു. ഏകാന്തതയില്‍ പാര്‍പ്പിച്ച് വിഷം കുത്തിവച്ചാണ് മദുലിയോണിസിനെ മതവൈരികള്‍ കൊലപ്പെടുത്തിയത്. 1999-ല്‍ തുടങ്ങിയ അദ്ദേഹത്തിന്‍റെ നാമകരണ നടപടിക്രമങ്ങള്‍ പരിശോധിച്ച പാപ്പാ ഫ്രാന്‍സിസ് ദൈവദാസനായ ബിഷപ്പ് മദുലിയോണിസിന്‍റെ മരണം വിശ്വാസത്തെപ്രതിയുള്ള രക്തസാക്ഷിത്വമാണെന്ന് 2016 ഡിസംബര്‍ 1-ന് അംഗീകരിച്ചതോടെയാണ് വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് സഭ അദ്ദേഹത്തെ ഉയര്‍ത്തുന്നതെന്ന് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ അഭിമുഖത്തില്‍ വ്യക്തമാക്കി.

ജൂണ്‍ 25-‍Ɔ൦ തിയതി ഞായറാഴ്ച പ്രദേശികസമയം ഉച്ചതിരിഞ്ഞ് 2 മണിക്ക്, ലിത്വാനയിലെ വില്‍നിയൂസ് ഭദ്രാസന ദേവാലയത്തില്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന ദിവ്യബലിമദ്ധ്യേ ധന്യനായ തെയോഫിലസ് മദുലിയോണിസ് വാഴ്ത്തപ്പെട്ടവരുടെ പദത്തിലേയ്ക്ക് ഉയര്‍ത്തപ്പെടും.                                                                                                                                                                                                                                                                                                                                  








All the contents on this site are copyrighted ©.