2017-06-23 12:48:00

"ചെറുതാകുക": ദൈവസ്വരം കേള്‍ക്കാന്‍ കഴിയുന്നതിനുള്ള വ്യവസ്ഥ


ദൈവസ്വനം ശ്രവിക്കാന്‍ നാം ചെറിയവരായിത്തീരണമെന്ന് പാപ്പാ.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ തിരുഹൃദയത്തിന്‍റെ തിരുന്നാള്‍ ദിനമായിരുന്ന വെള്ളിയാഴ്ച (23/06/17) രാവിലെ അര്‍പ്പിച്ച വിശുദ്ധ കുര്‍ബ്ബാനമദ്ധ്യേ നടത്തിയ വചനവിശകലനത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഈ ഉദ്ബോധനമേകിയത്.

നമ്മെ തിരഞ്ഞെടുത്ത കര്‍ത്താവ് നമ്മുടെ ജീവിതയാത്രയില്‍ നമ്മോടൊന്നുചേരുകയും അവിടത്തെ പുത്രനെ, ആ പുത്രന്‍റെ ജീവനെ നമുക്കായി നല്കുകയും ചെയ്തുവെന്നും അവിടന്ന് നമ്മുടെ ജീവിതവുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

നമ്മുടെ “നിസ്സാരതയെ” സ്നേഹിച്ച അവിടന്ന് വലിയവരെയല്ല ചെറിയവരെയാണ് തിരഞ്ഞെടുക്കുകയെന്നും അവര്‍ക്കാണ് അവിടന്ന് എല്ലാം വെളിപ്പെടുത്തുകയെന്നും പാപ്പാ പറഞ്ഞു.

ദൈവമാണ് നമ്മെ തിരഞ്ഞെടുക്കുകയും വിളിക്കുകയും നാമുമായി സ്വയം ബന്ധിക്കുകയും ചെയ്തിരിക്കുന്നതെന്ന് നാം വിശ്വസിക്കാത്ത പക്ഷം ക്രിസ്തുവിന്‍റെ   സന്ദേശം എന്താണ്, സുവിശേഷം എന്താണ് എന്ന് നമുക്കു മനസ്സിലാക്കാന്‍ കഴിയില്ലെന്നും പാപ്പാ പ്രസ്താവിച്ചു.

കര്‍ത്താവിന്‍റെ ഹൃദയം തുറന്നുകിടക്കുന്നു എന്നിരുന്നാലും അവിടത്തെ സ്വരം ശ്രവിക്കാന്‍ വലിയവര്‍ക്ക് കഴിയില്ല, കാരണം അവര്‍ അവരാല്‍ത്തന്നെ നിറഞ്ഞവരാണ്. ആകയാല്‍ കര്‍ത്താവിന്‍റെ സ്വനം ശ്രവിക്കണമെങ്കില്‍ ചെറിയവരായിത്തീരണം- പാപ്പാ പറഞ്ഞു. 

 








All the contents on this site are copyrighted ©.