2017-06-23 09:18:00

ഈശോയുടെ ദിവ്യഹൃദയവും പൗരോഹിത്യ ജീവിതവും


വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ ബനിയാമീനോ സ്തേല പുരോഹിതര്‍ക്കു നല്കുന്ന ആഹ്വാനം :

1.  ഓര്‍മ്മിക്കാന്‍ ഒരുദിവസം    ഈശോയുടെ തിരുഹൃദയത്തിന്‍റെ ആസന്നമാകുന്ന മഹോത്സവം പൗരോഹിത്യദാനത്തിന്‍റെ മൂല്യം പുനര്‍ജീവിക്കാനും പുനരാവിഷ്ക്കരിക്കാനുമുള്ള സമയമാകണം. വൈദികരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലന്‍, കര്‍ദ്ദിനാള്‍ ബനിയാമീനോ സ്തേലയാണ് ഈ നിര്‍ദ്ദേശം വയ്ക്കുന്നത്.

വത്തിക്കാന്‍റെ ദിനപത്രം ‘ഒസര്‍വത്തോരെ റൊമാനോ’യ്ക്കു (L’Osservatore Romano) ജൂണ്‍ 21-Ɔ൦ തിയതി ബുധനാഴ്ച നല്കിയ അഭിമുഖത്തിലാണ് കര്‍ദ്ദിനാള്‍ ബനിയാമീനോ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത്. ജൂണ്‍ 23-Ɔ൦ തിയതി വെള്ളിയാഴ്ചയോ 25-Ɔ൦ തിയതി ഞായറാഴ്ചയോ സഭയില്‍ ആചരിക്കപ്പെടുന്ന തിരുഹൃദയ മഹോത്സവത്തെ പൗരോഹിത്യജീവിതത്തെ ധ്യാനിക്കുന്ന ദിനമാക്കാനാണ് നിര്‍ദ്ദേശം.

2.  ഈശോയുടെ ഹൃദയം വേണം വൈദികര്‍ക്ക്      ജനമദ്ധ്യത്തിലായിരിക്കുന്ന വൈദികര്‍ ക്രിസ്തുവിന്‍റെ ഹൃദയത്തോടെ, അതും സ്നേഹവും കരുണയുമുള്ളൊരു ഹൃദയത്തോടെ ജീവിക്കേണ്ടവരാണ്. പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രസ്താവമാണ് കര്‍ദ്ദിനാള്‍ സ്തേല ആവര്‍ത്തിച്ചത്. വടക്കെ ഇറ്റലിയിലെ ബസൊളോ, ബാര്‍ബിയോള എന്നിവിടങ്ങളില്‍ അരനൂറ്റാണ്ടുമുന്‍പ് പ്രേഷിതരംഗത്ത് അന്തരിച്ച രണ്ടു വൈദികരുടെ - ഫാദര്‍ പ്രീമോ മൊസ്സളാരിയുടെയും ഫാദര്‍ ലൊറെന്‍സോ മിലാനിയുടെയും കുഴിമാടങ്ങള്‍ പാപ്പാ സന്ദര്‍ശിച്ചു. ക്രിസ്തുസ്നേഹം ജീവിതനിയമമാക്കിയ രണ്ടു വൈദികരുടെയും പൗരോഹിത്യ സമര്‍പ്പണത്തിന്‍റെ ലാളിത്യമാര്‍ന്ന മാതൃക അതുവഴി ലോകത്തിന് പാപ്പാ ചൂണ്ടിക്കാണിക്കുകയായിരുന്നു. ജൂണ്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ചയായിരുന്നു വടക്കെ ഇറ്റലിയിലെ മസോളി, ബര്‍ബിയാന എന്നിവിടങ്ങളിലേയ്ക്കു പാപ്പാ ഫ്രാന്‍സിസ് അനൗപചാരികമായ സന്ദര്‍ശനം നടത്തിയത്.

അധികാരികളാല്‍ തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും, ക്രിസ്തുവിനെ മൗലികമായി അനുകരിക്കാനും സാധാരണക്കാരും പാവങ്ങളുമായ ജനങ്ങള്‍ക്കുംവേണ്ടി, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ജീവിതങ്ങള്‍ സമര്‍പ്പിക്കാനും, എന്നാല്‍ മേലധികാരികളോട് വിധേയത്വത്തോടെയും അനുസരണയോടെയും ജീവിക്കാനും അവര്‍ക്കു സാധിച്ചുവെന്ന് കര്‍ദ്ദിനാള്‍ സ്തേല വ്യക്തമാക്കി.

3. പൗരോഹിത്യം ഒരു കൂട്ടായ്മ     പൗരോഹിത്യജീവിതത്തിലെ പ്രവര്‍ത്തനങ്ങളുടെ സ്രോതസ്സ് പ്രാര്‍ത്ഥനയും ക്രിസ്തുവുമായിരിക്കണം. പ്രവര്‍ത്തനങ്ങളെ മാത്രം കേന്ദ്രീകരിച്ച് മുന്നോട്ടു പോയാല്‍ ജീവിതത്തില്‍ പ്രാര്‍ത്ഥനയും മെല്ലെ ക്രിസ്തുവും ഇല്ലാതാകു. ഇത് അപകടകരമായ അവസ്ഥയാണ്. ആത്മീയമായി കെല്പില്ലാത്ത വൈദികള്‍ അപകടങ്ങളില്‍ വീഴുകയുംചെയ്യും. അതിനാല്‍ വൈദികജീവിതം പ്രാര്‍ത്ഥനയുടെയും കൂട്ടായ്മയുടേതുമായിരിക്കണം. സാമൂഹിക കൂട്ടായ്മയുടെ ഭാഗമാകുന്നതിനുമുന്‍പ്, മെത്രാന്‍ തലവനായുള്ള അജപാലന സമൂഹത്തിലെ പൗരോഹിത്യക്കൂട്ടായ്മയുടെ ഭാഗമാണ് ഒരു വൈദികന്‍ എന്ന കാര്യം മറക്കരുത്. തിരുഹൃദയത്തിന്‍റെ തിരുനാള്‍ അതിനാല്‍ ക്രിസ്തുവിന്‍റെ പൗരോഹിത്യ കൂട്ടായ്മയുടെ കേന്ദ്രസ്ഥാനത്തേയ്ക്കു തിരികെവരാനും, ആ കൂട്ടായ്മയിലുള്ള പങ്കാളിത്തത്തില്‍നിന്നും അകന്നുപോയിട്ടുണ്ടെങ്കില്‍ അത് പുനര്‍സ്ഥാപിക്കാനുമുള്ള അവസരമാക്കണമെന്ന് കര്‍ദ്ദിനാള്‍ സ്തേല ഉദ്ബോധിപ്പിച്ചു.

4.  ‘വൈറ്റ് കോളര്‍ ഉദ്യോഗമല്ല പൗരോഹിത്യം     തന്‍റെ അപ്പോസ്തോലിക പ്രബോധനം, ‘സുവിശേഷ സന്തോഷ’ത്തില്‍ (Evangelii Gaudium) പാപ്പാ ഫ്രാന്‍സിസ് വരച്ചുകാട്ടുന്ന പൗരോഹിത്യരൂപം നല്ലിടയനായ ക്രിസ്തുവിന്‍റേതാണ്. മുറിപ്പെട്ട ജനങ്ങളുടെ ഇടയിലേയ്ക്കും, വഴിതെറ്റിയവരുടെ മദ്ധ്യത്തിലേയ്ക്കും തേടിയിറങ്ങി, സുവിശേഷചൈതന്യം മൗലികമായി ജീവിക്കുന്ന ഇടയരൂപമാണത്. പൗരോഹിത്യം ഒരു ഓഫിസ് ജോലിയോ, ഉദ്യോഗമോ ആയി മാറ്റുകയും കഴിച്ചുകൂട്ടുകയുംചെയ്യുന്ന ശൈലിക്ക് ഘടക വിരുദ്ധവുംമാണിത്. വൈദികര്‍ ‘പള്ളിക്കാര്യങ്ങളുടെ’ ഉദ്യോഗസ്ഥരും സൂക്ഷിപ്പുകാരുമായി മാത്രം ജീവിക്കുന്നത് ശരിയല്ല.

ജീവിതത്തിന്‍റെ പ്രാന്തങ്ങളിലേയ്ക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളെ കാണുകയും, അവരുടെ കൂടെയായിരിക്കുകയും, അവരോടു കരുണ കാണിക്കുകയുംചെയ്യുന്ന അജപാലകനാകണം വൈദികന്‍. മുറപ്പെട്ടവനെ സാന്ത്വനപ്പെടുത്തുന്ന സുവിശേഷത്തിലെ നല്ല സമറിയക്കാരനും വൈദികന്‍റെ പ്രതീരൂപവുമാണ്. വൈദികന്‍ കൈയ്യഴുക്കാക്കാതെ ജീവിക്കുന്ന ‘ വൈറ്റ് കോളര്‍’  ഉദ്യോഗസ്ഥനല്ല. ജനങ്ങള്‍ക്കും ദൈവത്തിനുമിടയില്‍ ഒരു മദ്ധ്യസ്ഥനാകാന്‍, ജനങ്ങളിലേയ്ക്കും അവരുടെ ആവശ്യങ്ങളിലേയ്ക്കും ഇറങ്ങിച്ചെന്ന് അവരെ സമാശ്വസിപ്പിക്കുകയും നയിക്കുകയും, കരുണ കാട്ടുകയുംചെയ്യുന്ന പ്രകൃയയില്‍ ‘ഉടുപ്പ് അഴുക്കാക്കുന്ന’ ശുശ്രൂഷകനായിരിക്കണം! അജപാനജീവിതത്തില്‍ തിരുഹൃദയത്തിന്‍റെ അനുസ്മരണം സമര്‍പ്പണത്തിന്‍റെ വിവേചനത്തിനുള്ള അവസരമാക്കാം.... കര്‍ദ്ദിനാള്‍ സ്തേല ആഹ്വാനംചെയ്തു.

 








All the contents on this site are copyrighted ©.