2017-06-22 19:43:00

കൃപയുടെ വഴികാട്ടികളാകണം അജപാലകര്‍


തിന്മയെ തിരിച്ചറിഞ്ഞ് കൃപയുടെ വഴി തെളിയിക്കുന്ന തീക്ഷ്ണമതിയാകണം വൈദികനെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ജൂണ്‍ 22-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ പേപ്പല്‍ വസതി സാന്താ മാര്‍ത്തയിലെ കപ്പേളയില്‍ ദിവ്യബലി അര്‍പ്പിക്കവെ പങ്കുവച്ച വചനചിന്തയാണിത്.

ആദ്യ വായനയില്‍ പൗലോസ്ലീഹ പ്രബോധിപ്പിക്കുന്ന ക്രിസ്തുവിനായുള്ള തീക്ഷ്ണമായ പ്രേഷിത സമര്‍പ്പണത്തെക്കുറിച്ചുള്ള (2 കൊറി. 11, 1-11) വചനഭാഗത്തെ ആധാരമാക്കിയായിരുന്നു പാപ്പാ വചനചിന്തകള്‍ പങ്കുവച്ചത്.  താന്‍ അടുത്തു സന്ദര്‍ശിച്ച മണ്‍മറഞ്ഞുപോയതെങ്കിലും തീക്ഷ്ണമതികളും മൗലികമായ സുവിശേഷവീക്ഷണമുള്ളവരുമായിരുന്ന രണ്ടുവൈദികരെ – ഫാദര്‍  മൊസളാരിയെയും ഫാദര്‍ മിലാനിയെയും പാപ്പാ വചനചിന്തയ്ക്ക് ആധാരമാക്കി.

1. സ്വയാര്‍പ്പണംചെയ്യുന്ന സ്നേഹപാലകന്‍     പ്രച്ഛന്നവേഷ ധാരിയല്ല ഇടയന്‍, ജീവന്‍ സമര്‍പ്പിക്കുന്ന സ്നേഹപാലകനാണ്! നല്ലിടയന്‍ ആടുകള്‍ക്കായി ജീവന്‍ സമര്‍പ്പിക്കുന്നു. അയാള്‍ കൂലിക്കാരനായ ഇടയനെപ്പോലെയല്ല. കൂലിക്കുവന്നവന്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ ആടുകളെ വിട്ട് ഓടിക്കളയും. അതിനാല്‍ നല്ല പ്രേഷിതന്‍റെ ആദ്യത്തെ ഗുണം, അയാള്‍ തീക്ഷ്ണതയാണ്. സ്വയം താഴ്ത്തുകയും, എളിമയോടെ ആടുകള്‍ക്കൊപ്പം ത്യാഗപൂര്‍വ്വം ആയിരിക്കുകയുംചെയ്യുന്ന പ്രേഷിത തീക്ഷ്ണതയാണത്. നീതിയുടെ ശുശ്രൂഷകരായി വേഷമിടുകയല്ല, നീതിയുള്ളവരായി ജീവിക്കുകയാണ് പ്രേഷിതര്‍ ചെയ്യേണ്ടത്.

2. വിവേചനവും വിശ്വസ്തതയും    തിന്മ നമ്മെ വശീകരിച്ചും പ്രലോഭിച്ചും കീഴ്പ്പെടുത്തും. അതിനാല്‍ നല്ലിടയന്‍ തിന്മയുടെ ശക്തികളെ വിവേചിച്ചറിയുന്നു. വിവേചനം ഇടയന്‍റെ ഗുണമായിരിക്കണം. അങ്ങനെ തീക്ഷ്ണത ചിലപ്പോള്‍ ഭ്രാന്തമാകാം. ഭ്രാന്തമാകുന്ന തീക്ഷ്ണതയാണ് ഒരു വിധത്തില്‍ അപ്പസ്തോലിക തീക്ഷ്ണത. അതിനാല്‍ ഒരു അജപാലകന്‍ വിവേകശാലിയായ വിവേചകനായിരിക്കണം.  ജീവിതത്തില്‍ വഞ്ചകരെ തിരിച്ചറിയണം. നുണയുടെ പിതാവ് പിശാചാണല്ലോ, അവനാണ് വഞ്ചകന്‍. ഇടയന് ഒരിക്കലും അങ്ങനെ ആയിരിക്കാനാവില്ല. ഇടയന്‍ സ്നേഹിക്കുന്നു. അസൂയ മൂത്ത പ്രലോഭകനാണ് പിശാച്. ദൈവിക നന്മയോടുള്ള അസൂയ മൂത്ത് വിശ്വസ്തരെ വഴി തെറ്റിക്കുന്നവനാണ് പിശാച്, ഉല്പത്തിപ്പുസ്തകത്തിലെ സര്‍പ്പം.

3. തിന്മയെ തിരിച്ചറിയുന്ന സൂക്ഷ്മത     പൗലോസിന്‍റെ തീക്ഷ്ണത, ജനതകളെ വിശ്വാസത്തില്‍ ദിവ്യമണവാളനായ ക്രിസ്തുവിനോടു വിസ്തരായിരിക്കാന്‍ സഹായിക്കുകയായിരുന്നു. വിശുദ്ധ ഗ്രന്ഥത്തില്‍ ഉടനീളം, രക്ഷാകര ചരിത്രം മുഴുവനും മനുഷ്യന്‍ ദൈവത്തില്‍നിന്നും അകന്നുപോകുന്ന അവിശ്വസ്തതയുടെ കഥകള്‍ ധാരാളം നാം കേള്‍ക്കുന്നു. ഇസ്രായേല്‍ ദൈവത്തെവിട്ട് വിഗ്രഹാരാധകരായ അവിശ്വസ്തതയുടെയും, പ്രലോഭിതയായ ഒരു സ്ത്രീയുടെ വിശ്വാസവഞ്ചനയുംപോലെ...! മൗഢ്യമായ നിഷ്ക്കളങ്കതയല്ല, തിന്മയെ തിരിച്ചറിയുന്ന സൂക്ഷ്മതയാണ് ഇടയന് ആവശ്യം.

4. കൃപയുടെ വഴികാട്ടിയാണ് ഇടയന്‍    തിന്മയുടെ കുടിലതയും കൃപയുടെ വഴിയും തിരിച്ചറിയാനുള്ള വിവേചന ശക്തി ഇടയനുവേണം. കൃപയുടെ മാര്‍ഗ്ഗം തിരഞ്ഞെടുത്ത്, ആ വഴിയെ അജഗണങ്ങളെ നയിക്കുന്നവനാണ് നല്ലിടയന്‍. അയാള്‍ ആടുകള്‍ക്കൊപ്പം ആയിരിക്കുകയും, അവര്‍ക്കൊപ്പം സഞ്ചരിക്കുകയും ചെയ്യുന്നു. സന്തോഷത്തിലും ദുഃഖത്തിലും, സുഖത്തിലും ദുഃഖത്തിലും അയാള്‍ അവര്‍ക്കൊപ്പമുണ്ട്, അവരുടെ കൂടെയുണ്ട്. പ്രലോഭനങ്ങളില്‍ അകപ്പെടാതിരിക്കാന്‍ സാഹിക്കുന്നതാണ് അയാളുടെ സാന്നിദ്ധ്യം. അങ്ങനെ നല്ലിടയന്‍ ആടുകളെ ക്ഷമയോടെ ആലയിലേയ്ക്കു നയിക്കുന്നു. വൈദ്യുതി പ്രവാഹമുള്ള ഉപകരണത്തില്‍ കൈവയ്ക്കാന്‍ കുഞ്ഞിനെ അമ്മ അനുവദിക്കുന്നില്ല. പതിയിരിക്കുന്ന അപകടം വിവേചിച്ചറിയാന്‍, അതുപോലെ ഇടയനു സാധിക്കണം.

5.  നിസ്വാര്‍ത്ഥമായി സ്നേഹിക്കുക    കരുതലും കാവലാളുമായവന്‍ നിസ്വാര്‍ത്ഥമായ സ്നേഹമുള്ളവനാണ്. ജൂണ്‍ 20-ന് വടക്കെ ഇറ്റലിയിലെ‍ ബോസൊളോ. ബാര്‍ബിയാന എന്നീ രണ്ടു ചെറിയ ഇടവകകളില്‍ സേവനംചെയ്ത് മണ്‍മറഞ്ഞുപോയവരും, തെറ്റിദ്ധരിക്കപ്പെട്ടവരെങ്കിലും നല്ലവരായിരുന്ന ആ അജപാലകരെ പാപ്പാ വചനചിന്തയില്‍ അനുസ്മരിച്ചു. അജഗണങ്ങള്‍ക്ക് ഉപദ്രവവും തിന്മയുമാകുന്ന എന്തിനെയും പരിത്യജിക്കാനും ഉപേക്ഷിക്കാനുമുള്ള ഹൃദയത്തിന്‍റെ തുറവും കരുതലുമുള്ളവരായിരുന്നു അവര്‍! പാവങ്ങള്‍ക്കുവേണ്ടി ജീവന്‍ സമര്‍പ്പിച്ച തീക്ഷ്ണമതികള്‍... പാപ്പാ ഉപസംഹരിച്ചു.








All the contents on this site are copyrighted ©.