2017-06-22 16:27:00

DOCAT ​XXIV: മനുഷ്യാവകാശങ്ങള്‍


കഴിഞ്ഞദിനത്തില്‍ ഡുക്യാറ്റ് പഠനപരമ്പരയുടെ ഇരുപത്തിമൂന്നാംഭാഗത്ത്, അതായത് 56 മുതല്‍ 60 വരെയുള്ള ചോദ്യങ്ങളില്‍ മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തിമഹത്വത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചുമുള്ള  ചിന്ത അവതരിപ്പിച്ചിരിക്കുന്നത് നാം നമ്മുടെ ശ്രദ്ധയ്ക്കു വിഷയീഭവിപ്പിക്കുക യായിരുന്നു.   ഒരു വ്യക്തിക്ക് എത്രമാത്രം സ്വാതന്ത്ര്യം ആവശ്യമുണ്ട് എന്നും അവന്‍ എത്രമാത്രം സ്വതന്ത്രനാണ് എന്നും നാം കാണുകയുണ്ടായി. അന്യവത്ക്കരിക്കപ്പെടാനാവാത്ത ഒരേ മഹത്വത്തില്‍ സ്രഷ്ടാവായ ദൈവം മനുഷ്യനെ പങ്കുചേര്‍ക്കുന്നുവെന്നും അതിനാല്‍ മനുഷ്യ വ്യക്തികള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസങ്ങളില്ല എന്നും നാം കണ്ടു.

ജീവിതത്തില്‍ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലങ്ങളിലെ സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക സാമൂഹികനീതി നേടുന്നതിന് അവശ്യമാണ്. അത്തരം പങ്കാളിത്തത്തില്‍നിന്ന് മനുഷ്യരെ പുറത്താക്കുന്ന വിവേചനത്തിന്‍റെ വിവിധരൂപങ്ങള്‍ അനീതിപരമാണ് എന്നതിനാല്‍ മനുഷ്യരുടെ ശാരീരികവും ബൗദ്ധികവുമായ കഴിവുകളു‌ടെയോ നേട്ടങ്ങളുടെയോ കാര്യക്ഷമതയുടെയോ അടിസ്ഥാനത്തിലല്ല, വ്യക്തിക്ക് ബഹുമാനം നല്‍കേണ്ടതെന്നു സഭ പഠിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ മൗലികമായി പരസ്പരം പൂരകങ്ങളായി, പരസ്പരം ആവശ്യമുള്ളവരായി സൃഷ്ടിക്കപ്പെട്ട സ്ത്രീയോ പുരുഷനോ ഇതരലിംഗത്തില്‍പ്പെട്ട വ്യക്തിയില്‍ ആധിപത്യം ചെലുത്തുകയോ അയാളെ പാര്‍ശ്വവത്‍ക്കരിക്കുകയോ ചെയ്യുന്നില്ല.

മനുഷ്യന്‍റെ സാമൂഹികജീവിതത്തെക്കുറിച്ചും സാമൂഹികതയെ തകര്‍ക്കുന്നവിധത്തിലുള്ള പെ രുമാറ്റത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും ആണ് തുടര്‍ന്നുവരുന്ന ചോദ്യങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത്.  

ചോദ്യം 61

ഒരു വ്യക്തി ഒരു കൂട്ടായ്മയുടെ ഭാഗമാണ് എന്നു പറയുന്നതിന്‍റെ അര്‍ഥമെന്താണ്? 

     മൃഗങ്ങള്‍ കൂട്ടം കൂടുന്നു - അവ കൂട്ടങ്ങളോ പറ്റങ്ങളോ ആയി ജീവിക്കുന്നു.  എന്നാല്‍ മനു ഷ്യരാകട്ടെ നേര്‍വിപരീതമായി കൂട്ടായ്മയിലേക്കു പ്രവേശിക്കുന്നു.  ദൈവം തന്‍റെ ഉള്ളിന്‍റെയുള്ളില്‍ കൂട്ടായ്മയും ബന്ധവും ആണ്.  അവിടുന്നു മനുഷ്യരെ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക തരം വ്യക്തികളായി സൃഷ്ടിച്ചു.  അവര്‍ വളരെ ബോധപൂര്‍വം സ്വന്തം തെരഞ്ഞെടുപ്പില്‍ സമൂഹ ങ്ങളെ സൃഷ്ടിക്കുന്നു.  എല്ലാത്തരം ബന്ധങ്ങളിലും ആശ്രയിക്കുന്നു.  മറ്റു മനുഷ്യരുമായുളള ഇഴയടു പ്പത്തില്‍ ഉറപ്പുള്ള കണ്ണികളാകുന്നു.  പരസ്പര സഹകരണത്തിന്‍റെ ആവശ്യകത തിരിച്ചറിയുന്നു. ഐക്യത്തിന്‍റെ തത്വത്തില്‍ അവന്‍ ഒന്നായിത്തീരുന്നു (കുടുംബം, രാഷ്ട്രം, കായികക്ലബുകള്‍, സഭ മുതലായവ).  അവരുടെ ചരിത്രം അവര്‍തന്നെ നിര്‍മിക്കുന്നു.  അവരുടെ ഭാവി നിര്‍ണയിക്കുന്നതും അവര്‍തന്നെ.

ഈ ഉത്തരത്തെ ചുരുക്കത്തില്‍ ഇങ്ങനെ മനസ്സിലാക്കാം.  മറ്റു സൃഷ്ടികള്‍ കൂട്ടം കൂടുന്നത് ജന്‍മ വാസനയാലാണ്.  മനുഷ്യനാകട്ടെ അതിലുപരി അതൊരു സ്വതന്ത്രമായ തെരഞ്ഞെടുപ്പാണ്. അതു വ്യക്തിബന്ധങ്ങളുടെ ഫലമാണ്. ഇക്കാര്യം ജര്‍മന്‍ തത്വചിന്തകനായ റോബര്‍ട്ട് സ്പേമാന്‍ പറയു ന്നതു കേള്‍ക്കുക. ‘‘മൃഗങ്ങള്‍ ചെയ്യുന്നവയ്ക്ക് നാമവയെ ഉത്തരവാദികളാക്കാറില്ല, എന്നാല്‍ മനു ഷ്യര്‍ക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാനാവും.  അവരെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തരവാദികളായി കരുതുവാനും സാധിക്കും.  ഈ വര്‍ഗത്തില്‍പ്പെട്ട ജീവികള്‍ മഹത്വം സ്വന്തമാക്കിയിരിക്കുന്നു.  ഈ മഹത്വം ആരും അവര്‍ക്കു ചാര്‍ത്തി നല്‍കിയതൊന്നുമല്ല, മറിച്ച്, ''വിവേകമുള്ള മനുഷ്യന്‍'' (HOMO SAPIENS) എന്ന വര്‍ഗത്തില്‍ പെട്ടവരാകയാല്‍ സ്വയമേവ സിദ്ധിച്ചതാണ്’’.

അപ്രകാരമുള്ള മനുഷ്യസമൂഹത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി ആത്മത്യാഗം ചെയ്യുന്നതിന് വ്യക്തികള്‍ സന്നദ്ധരാകുന്നു.  അതുകൊണ്ട് ഫ്രഞ്ച് എഴുത്തുകാരനായ അന്‍റോയ് ദെ സാന്ത് എക്സ്യൂപേറി (1907-1946) ഇങ്ങനെ സമൂഹത്തെ നിര്‍വചിക്കുന്നു. ഒരു സമൂഹമെന്നത് അതിലെ അംഗങ്ങളുടെ താല്‍പ്പര്യങ്ങളുടെ ആകെത്തുകയല്ല, മറിച്ച് അവരുടെ ആത്മത്യാഗത്തിന്‍റെ ആകെത്തുകയാണ്. ഹെലന്‍ കെല്ലര്‍ ഇപ്രകാരം പറയുന്നതും ഇവിടെ ശ്രദ്ധേയമാണ്.  ‘’എനിക്കു ചെരിപ്പില്ലാത്തതിനാല്‍ ഞാന്‍ കരഞ്ഞു; പാദങ്ങളില്ലാത്ത ഒരു മനുഷ്യനെ കണ്ടുമുട്ടുവോളം’’.

വ്യക്തികളുടെ ആത്മത്യാഗമില്ലാത്ത സമൂഹങ്ങളില്‍ വ്യക്തികള്‍ സമൂഹത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക സ്വാഭാവികമാണ്.  അതാണ് അടുത്ത ചോദ്യത്തിന്‍റെ വിഷയം.

ചോദ്യം 62

എന്തുകൊണ്ടാണ് മനുഷ്യര്‍ പലപ്പോഴും സമൂഹത്തെ തകര്‍ക്കുന്ന വിധത്തില്‍ പ്രവര്‍ത്തിക്കുന്നത്?

മനുഷ്യന്‍ സാമൂഹികനാണെങ്കിലും പലപ്പോഴും അസാമൂഹികനായി പ്രവര്‍ത്തിക്കുന്നുണ്ട്.  സ്വാര്‍ഥത, ആര്‍ത്തി, ഞാനെന്ന ഭാവം എന്നിവയാല്‍ പ്രേരിതനായി അവന്‍ മറ്റുള്ളവരെ വഴിതെറ്റി ക്കുകയും ചൂഷണം ചെയ്യുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്നു.  അല്ലെങ്കില്‍ അവരെ സുരക്ഷിതത്വ മില്ലാത്തവരാക്കുന്നു.  യഥാര്‍ഥ സമൂഹം മറ്റുള്ളവര്‍ക്കും തങ്ങള്‍ക്കും നന്മയായിട്ടുള്ളതെന്തോ അതു കൈവരിക്കാന്‍ ശ്രമിക്കുന്ന മനുഷ്യരുടെ സ്വതന്ത്രസംഘടനയാണ്.  ഒരു വ്യക്തിക്കു തനിയെ പൊതുനന്മ നേടിയെടുക്കാനാവില്ല.  അതു കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ സാധ്യമാകൂ.  ഉദാഹരണത്തിനു സ്പോര്‍ട്ട്സ് സ്റ്റേഡിയം, അനേകരുടെ സാമ്പത്തിക സഹായംകൊണ്ടു മാത്രമേ അതു പണിതു യര്‍ത്താനാകൂ.  അല്ലെങ്കില്‍ ഒരു ഓര്‍ക്കസ്ട്രാ - വിവിധ വ്യക്തികള്‍ അവരുടെ സംഗീത സിദ്ധികള്‍ ഒരുമിച്ചു ചേര്‍ക്കുമ്പോഴേ അതു വിജയിക്കൂ.

അതെ, ഉത്തരം വളരെ വ്യക്തമാണ്. വ്യക്തിപരമായ നേട്ടങ്ങള്‍ ഒരുമിച്ചു ചേര്‍ത്താല്‍ ലഭിക്കുന്ന മനോഹാരിത ഈ ലോകത്തിന്‍റെ മനോഹാരിതയാണ്, അതു ദൈവം ആഗ്രഹിക്കുന്നതാണ്, എല്ലാം നല്ലതെന്നു ദൈവം കണ്ട, ഈ ലോകത്തെ കാത്തുസൂക്ഷിക്കാന്‍ ദൈവം മനുഷ്യനെ ഭരമേല്‍പ്പിച്ചു എന്നു പറയുമ്പോള്‍, ഈ കൂട്ടായ്മയിലൂടെ ലോകത്തെ, ഈ ലോകജീവിതത്തെ മനോഹരമാക്കുക എന്നാണ് അവിടുന്നു ഉദ്ദേശിച്ചത്. എന്നു പറഞ്ഞാല്‍, പൊതുനന്മയ്ക്കായി പ്രവര്‍ത്തിക്കുക മനു ഷ്യന്‍റെ കടമയാണ്.  സഭ ആധുനികലോകത്തില്‍ എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രേഖ ഇ പ്രകാരം പഠിപ്പിക്കുന്നു:  ‘‘പൊതുനന്മ എന്നുവച്ചാല്‍ സകലരുടെയും ക്ഷേമമാണ് അര്‍ഥമാക്കുന്നത്.  അതു വ്യക്തികളും കുടുംബങ്ങളും സമൂഹങ്ങളും അവരുടെ പൂര്‍ണത കൂടുതല്‍ പൂര്‍ണമായും കൂ ടുതല്‍ സുഗമമായും പ്രാപിക്കാന്‍ കഴിയുന്നതിനുള്ള സാമൂഹിക ജീവിതപരിതഃസ്ഥിതികളുടെ സമാ ഹാരമാണ്’’. എത്ര ചിന്തോദ്ദീപകമാണ് മനുഷ്യാവകാശത്തെക്കുറിച്ച് ഇംഗ്ലീഷ് എഴുത്തുകാരി ഇവ് ലിന്‍ ബിയാട്രീസ് പറഞ്ഞിരിക്കുന്നത്:  ‘‘നിങ്ങള്‍ പറയുന്നതിനെ ഞാന്‍ പാടെ തള്ളിക്കളയുന്നു, പ ക്ഷേ, അതു പറയുവാനുളള നിങ്ങളുടെ അവകാശത്തെ ജീവന്‍ നല്‍കിയും ഞാന്‍ സംരക്ഷിക്കും’’.

സ്വാതന്ത്ര്യമുള്ള മനുഷ്യര്‍ക്കു മാത്രമേ, സൃഷ്ടിക്കെതിരായി സമൂഹത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ കഴിയൂ.  മറ്റു സൃഷ്ടികളെല്ലാം തങ്ങളുടെ സഹജവാസനയാല്‍ സ്രഷ്ടാവിനെ അനുസരിക്കുകയാണ്.  എന്നാല്‍, മനുഷ്യര്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയും.

ചോദ്യം 63

എന്താണു മനുഷ്യാവകാശങ്ങള്‍? 

മനുഷ്യാവകാശം എന്നത് മനുഷ്യരെന്ന നിലയില്‍ നമ്മുടെ പ്രകൃതിമൂലം നമുക്കു സ്വന്തമായ ഒന്നിനെ സംബന്ധിച്ച അവകാശമാണ്.  മറ്റുള്ളവര്‍ ബഹുമാനിക്കാന്‍ നിര്‍ബന്ധിതരല്ലെങ്കില്‍ അവകാശങ്ങളില്ല.  നിയമമാണ് അതിനു നിര്‍ബന്ധിക്കുന്നത്.  അതിനാല്‍ അവകാശങ്ങള്‍, കടമകള്‍, നിയമങ്ങള്‍ ഇവ പരസ്പരം ബന്ധിതമാണ്

‘‘എല്ലാ മനുഷ്യരും സ്വതന്ത്രരായും തുല്യമഹത്വത്തോടും അവകാശങ്ങളോടും കൂടിയാണു ജനിക്കുന്നത്.  അവര്‍ക്കു നല്‍കപ്പെട്ടിരിക്കുന്ന യുക്തിയും മനസ്സാക്ഷിയുമനുസരിച്ച് അവര്‍ പരസ്പരം സാഹോദര്യഭാവത്തില്‍ വര്‍ത്തിക്കണം’’. സാര്‍വത്രിക മനുഷ്യാവകാശപ്രഖ്യാപനത്തിന്‍റെ ഒന്നാം ആര്‍ട്ടിക്കിള്‍ പറയുന്നതാണിത്.  ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ പറയുന്നു: സാര്‍വത്രിക മനുഷ്യാവകാശ പ്രഖ്യാപനം (1948) മനുഷ്യവംശത്തിന്‍റെ ധാര്‍മിക പുരോഗതിയുടെ പാതയില്‍ ഒരു യഥാര്‍ഥ നാഴികക്കല്ലാണ് (ഒക്ടോബര്‍ 2, 1979).  അതുകൊണ്ട് മനുഷ്യാവകാശമെന്ന നിലയില്‍ മതസ്വാതന്ത്ര്യം സഭ മാനിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. മറ്റു മതങ്ങളില്‍ നന്മയായും സത്യമായും കാണുന്നവയെല്ലാം സഭ ബഹുമാനിക്കുകയും ചെയ്യുന്നു (യൂക്യാറ്റ് 136). 

ചോദ്യം 64

മനുഷ്യാവകാശങ്ങളുടെ ഉറവിടമെന്താണ്? 

നിയമപണ്ഡിതരുടെ കണ്ടുപിടുത്തമല്ല മനുഷ്യാവകാശങ്ങള്‍.  നന്മ മാത്രം ഉദ്ദേശിക്കുന്ന രാഷ്ട്ര തന്ത്രജ്ഞരുടെ സ്വന്തം തീരുമാനവുമല്ല. മനുഷ്യാവകാശങ്ങള്‍ പ്രപഞ്ചത്തിന്‍റെ ആരംഭം മുതല്‍ മനുഷ്യ പ്രകൃതിയില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നതാണ്. ഇന്നു സ്വാതന്ത്ര്യത്തിന്‍റെയും അന്തസ്സിന്‍റെയും, സമത്വത്തിന്‍റെയും ജീവിതത്തെ സംബന്ധിച്ച് പൊതുസമ്മതത്തിന്‍റെ മൗലികാടിസ്ഥാനമായി അതു ലോകം മുഴുവന്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു.  യുക്തിയുടെ അടിസ്ഥാനത്തില്‍ അവ അംഗീകരിക്കപ്പെടാവുന്നതാണ്. ആത്യന്തികമായി അവയുടെ വേരുകള്‍, മനുഷ്യന്‍റെ സ്വന്തമായ ആഭിജാത്യത്തിലാണ്.  ഈ അന്തസ്സ് അഥവാ ആഭിജാത്യം അവന്‍റെ സ്വന്തമാകുന്നത്, അവന്‍ ദൈവത്തിന്‍റെ ഛായയിലും സാ ദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നതിലാണ്.  അതുകൊണ്ട്, മനുഷ്യാവകാശങ്ങള്‍ സാര്‍വത്രി കമാണ്.  സ്ഥലകാലമുക്തവും അവ സ്ഥാപിക്കപ്പെട്ടിരിക്കുന്ന അടിസ്ഥാനമായ മനുഷ്യവ്യക്തിയുടെ മഹത്ത്വംമൂലം അലംഘനീയവുമാണ്.  അവ അന്യാധീനപ്പെടുത്താനാവാത്തവയുമാണ്.  അതായത്, ഒരാള്‍ക്കും ഈ അവകാശങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് എടുത്തുകളയാനാവില്ല (അവകാശങ്ങള്‍ നല്‍കു വാനോ എടുത്തുമാറ്റുവാനോ ആര്‍ക്കും അധികാരമില്ല.  അതുകൊണ്ട് മനുഷ്യാവകാശങ്ങള്‍, അവ യുടെ പൂര്‍ണതയില്‍ അംഗീകരിക്കപ്പെടുകയും പ്രത്യയശാസ്ത്രപരമായ വ്യതിചലിക്കലില്‍നിന്നു സംര ക്ഷിക്കപ്പെടുകയും വേണം.  സര്‍വജനതയും പ്രത്യേകിച്ച്, ക്രിസ്തുവിന്‍റെ അനുയായികള്‍ മനുഷ്യാ വകാശങ്ങള്‍ ലംഘിക്കപ്പെട്ടതറിയുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തണം.  ചില രാജ്യങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കപ്പെടാതിരിക്കുമ്പോള്‍ അവര്‍ പ്രതിഷേധിക്കേണ്ടതാണ്.

‌അതുകൊണ്ട് സഭ ഇപ്രകാരം പറയുന്നു, ഓരോ വ്യക്തിക്കും ഗര്‍ഭപാത്രത്തില്‍ ജീവിതം ആരംഭിക്കുന്ന ആദ്യനിമിഷംമുതല്‍ അലംഘ്യമായ മഹത്വമുണ്ട് (യൂക്യാറ്റ് 280).

മനുഷ്യാവകാശങ്ങള്‍ എവിടെയായാലും ആരുടേത് ആയാലും സംരക്ഷിക്കപ്പെടേണ്ടതാണ്.  നമ്മുടെയായാലും നമ്മുടെ സഹോദരരുടെയായാലും അവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ അതു തിരിച്ചറിയുകയും അവകാശത്തിനുവേണ്ടി ശബ്ദമുയര്‍ത്തപ്പെടുകയും ചെയ്യേണ്ടതിന് അതെന്താണെന്നു നാം അറിഞ്ഞിരിക്കേണ്ടതാണ്. അതെക്കുറിച്ചുള്ളതാണ് അടുത്ത ചോദ്യം.

ചോദ്യം 65

കൃത്യമായി പറഞ്ഞാല്‍ എന്താണ് മനുഷ്യാവകാശങ്ങള്‍? 

മൗലികമായ മനുഷ്യാവകാശം ജീവനുവേണ്ടിയുള്ള അവകാശമാണ്. ഗര്‍ഭധാരണം മുതലേ അത് ആ രംഭിക്കുന്നു.  കാരണം, ആ സമയം തുടങ്ങി പുതിയ മനുഷ്യജീവന് പ്രത്യേക വ്യത്യസ്തവ്യക്തി എന്ന നില ഉണ്ടായിക്കഴിഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യമാണ് അടുത്തത്.  ഓരോ വ്യക്തിക്കും അവ ന്‍റെ തൊഴില്‍ വഴി തനിക്കും കുടുംബത്തിനും ജീവസന്ധാരണത്തിനുള്ള അവകാശവുമുണ്ട്.  അത് ആര്‍ക്കും നിഷേധിക്കാനാവില്ല. വിവാഹം കഴിക്കാനും കുടുംബജീവിതം ആരംഭിക്കാനും മക്കളു ണ്ടാകാനും അവരെ വ്യക്തിപരമായി വളര്‍ത്താനും മനുഷ്യന് അവകാശമുണ്ട്.  സ്വതന്ത്രമായി മതം തിരഞ്ഞെടുക്കാനും അതു ജീവിക്കാനും ഉള്ള അവകാശം വളരെ പ്രധാനപ്പെട്ടതാണ്.  മതപരമായ കാര്യങ്ങളില്‍ നിര്‍ബന്ധബുദ്ധി പാടില്ല.

മനുഷ്യമഹത്വം അവന്‍റെ ദൈവികഛായയിലും സാദൃശ്യത്തിലുമാണ്.  മറ്റു വാക്കുകളില്‍ മനുഷ്യ മഹത്വം ദൈവത്തിനു അവനോടുള്ള ആദരവിന്‍റെ ഫലമാണ്.  അതുകൊണ്ട് യോഹന്നാന്‍ശ്ലീഹാ പറയുന്നതു നമുക്കോര്‍ക്കാം. ‘‘കണ്ടാലും എത്രവലിയ സ്നേഹമാണ് പിതാവു നമ്മോടു കാണിച്ചത്.  ദൈവമക്കളെന്നു നാം വിളിക്കപ്പെടുന്നു, നാം അങ്ങനെയാണു താനും’’ (1 Jn 3:1).  അതിനാല്‍ ദൈവമക്കളായ നമുക്ക് നമ്മെപ്പോലെ നമ്മുടെ സഹോദരരെയും സ്നേഹിക്കാം. അതിലുമുപരിയായി യേശു തന്നെത്തന്നെ നല്‍കി സ്നേഹിച്ചതുപോലെ നമ്മുടെ സമൂഹത്തെ സ്നേഹിക്കാം. നമ്മുടെയും അവരുടെയും അവകാശങ്ങളെ സംരക്ഷിക്കുന്നതിനു പ്രതിജ്ഞാബദ്ധരാകാം.








All the contents on this site are copyrighted ©.