2017-06-21 20:19:00

കര്‍ദ്ദിനാള്‍ ഐവാന്‍ ഡയസിന്‍റെ പ്രേഷിതസമര്‍പ്പണം മാതൃകാപരമെന്ന് പാപ്പാ ഫ്രാന്‍സിസ്


കര്‍ദ്ദിനാള്‍ ഐവന്‍ ഡയസിന്‍റെ നിര്യാണത്തില്‍ അനുശോചിച്ചുകൊണ്ട് പാപ്പാ ഫ്രാന്‍സിസ് മുംബയിലേയ്ക്ക് സന്ദേശമയച്ചു.

മുബൈയുടെ മുന്‍മെത്രാപ്പോലീത്തയും, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ മുന്‍പ്രീഫെക്ടുമായിരുന്ന കര്‍ദ്ദിനാള്‍ ഐവന്‍ ഡയസിന്‍റെ നിര്യാണത്തെ തുടര്‍ന്ന് ജൂണ്‍ 20-Ɔ൦ തിയതി ചൊവ്വാഴ്ച അയച്ച അനുശോചനക്കുറിപ്പിലാണ് പാപ്പാ ഇങ്ങനെ പ്രസ്താവിച്ചത്. കര്‍ദ്ദിനാള്‍ ഓസ്വാള്‍ ഗ്രേഷിസിനാണ് പാപ്പാ സന്ദേശമയച്ചത്.

1. സന്ദേശം    കര്‍ദ്ദിനാള്‍ ഡയിസിന്‍റെ നിര്യാണത്തില്‍ അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളെയും ബന്ധുമിത്രാദികളെയും പാപ്പാ ഫ്രാന്‍സിസ് സന്ദേശത്തിലൂടെ അതിയായ ദുഃഖം അറിയിക്കുകയും, ഭാരതത്തിലെ വിശ്വാസസമൂഹത്തോട് അനുശോചനം രേഖപ്പെടുത്തുകയുംചെയ്തു.   പരിശുദ്ധസിംഹാസനത്തിനുവേണ്ടി സഭയുടെ നയതന്ത്ര വിഭാഗത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ട് വിവിധ രാജ്യങ്ങളില്‍ കര്‍ദ്ദിനാള്‍ ഡയസ് ചെയ്തിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നു. സാമൂഹികപ്രതിസന്ധിയുടെ കാലത്ത് അല്‍ബേനിയയെ ആത്മീയമായും ഭൗതികമായും സമുദ്ധരിക്കാന്‍ കര്‍ദ്ദിനാള്‍ ഡയസ് ചെയിതിട്ടുള്ള സമര്‍ത്ഥമായസേവനം പാപ്പാ പ്രത്യേകം അനുസ്മരിച്ചു. അതുപോലെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കന്‍ സംഘത്തിന്‍റെ തലവനായിരുന്നുകൊണ്ട് ആഗോളസഭയ്ക്കു നല്കിയി‌ട്ടുള്ള സേവനങ്ങള്‍ അവിസ്മരണീയമെന്നും പാപ്പാ സന്ദേശത്തില്‍ നന്ദിയോടെ പ്രസ്താവിച്ചു.  ക്രിസ്തുവിന്‍റെ പുനരുത്ഥാന മഹത്വത്തില്‍ പങ്കുചേരുമെന്നുള്ള പ്രത്യാശയോടെ കര്‍ദ്ദിനാള്‍ ഡയസിന്‍റെ ദേഹവിയോഗത്തില്‍ ദുഃഖിക്കുന്നവര്‍ക്കൊപ്പം ദുഃഖിക്കുകയും, പ്രാര്‍ത്ഥന നേരുകയുംചെയ്തു. അപ്പസ്തോലിക ആശീര്‍വ്വാദം നല്കിക്കൊണ്ടാണ് പാപ്പാ അനുശോചനസന്ദേശം ഉപസംഹരിച്ചത്.

2. അന്തിമോപചാര കര്‍മ്മം    ദീര്‍ഘനാളത്തെ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ 19-Ɔ൦ തിയതി തിങ്കളാഴ്ച 81-Ɔമത്തെ വയസ്സില്‍ വത്തിക്കാനിലെ വസതിയിലാണ് കര്‍ദ്ദിനാള്‍ ഐവന്‍ ഡയസ്സ് അന്തരിച്ചത്. ബുധനാഴ്ച വൈകുന്നേരം പ്രാദേശിക സമയം 3 മണിക്ക് കര്‍ദ്ദിനാള്‍ സംഘത്തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ സൊഡാനോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ പരേതനുവേണ്ടി സമൂഹബലി അര്‍പ്പിക്കപ്പെട്ടു. ദിവ്യബലിക്കുശേഷമുള്ള അന്തിമോപചാര ശുശ്രൂഷയ്ക്ക് പാപ്പാ ഫ്രാന്‍സിസ് കാര്‍മ്മികത്വംവഹിച്ചു.

ഇപ്പോഴത്തെ മുംബൈ അതിരൂപതാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡി ഗ്രേഷ്യസ്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റും തിരുവനന്തപുരം മലങ്കര അതിരൂപതാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ബസീലിയോസ് മാര്‍ ക്ലീമിസ്, ആഗ്ര അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ആല്‍ബര്‍ട് ഡിസൂസ, വരാപ്പുഴ അതിരൂപതയുടെ മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് ജോസഫ് കളത്തിപ്പറമ്പില്‍ പൂനെ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് തോമസ് ഡാബ്രെ എന്നിവര്‍ ഭാരതത്തില്‍നിന്നും അന്തിമോപചാര ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

3. സഭാശുശ്രൂഷ    മുബൈയിലെ ബാന്ദ്രയില്‍ ഗോവന്‍ കുടുംബത്തില്‍ 1936-ല്‍ ജനിച്ചു. 1958-ല്‍ പൗരോഹിത്യം സ്വീകരിച്ച അദ്ദേഹം പരിശുദ്ധസിംഹാസനത്തിന്‍റെ നയതന്ത്രവിഭാഗത്തില്‍ പരിശീലനംനേടുകയും, റോമിലെ ജോണ്‍ലാറ്ററന്‍ പൊന്തിഫിക്കല്‍ സര്‍വ്വകലാശാലയില്‍നിന്ന് സഭാ നിയമത്തില്‍ ഡോക്ടര്‍ ബിരുദം കരസ്ഥമാക്കുകയുംചെയ്തു. ഘാന, ബെനിന്‍, ടോഗൊ, മഡഗാസ്ക്കര്‍ എന്നിവിടങ്ങളില്‍  അപ്പസ്തോലിക് പ്രൊ-നുണ്‍ഷ്യോയായും, കൊറിയ, അല്‍ബേനിയ എന്നിവിടങ്ങളി‍‍ല്‍ അപ്പസ്തോലിക് നുണ്‍ഷ്യോയായും സേവനംചെയ്തിട്ടുണ്ട്. 1982 മെയ് 8-ന് ആര്‍ച്ച്ബിഷപ്പ് സ്ഥാനത്തേയ്ക്ക് ഉയര്‍ത്തപ്പെട്ടു. 1996-ല്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിതനായി. 2001-ല്‍ വിശുദ്ധനായ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്ക് ഉയര്‍ത്തി.  2006-ല്‍ മുന്‍പാപ്പാ ബനഡിക്ട് അദ്ദേഹത്തെ ജനതകളുടെ സുവിശേഷവത്ക്കരണത്തിനായുള്ള സംഘത്തിന്‍റെ തലവനായി നിയമിച്ചു. 2011-ല്‍ വിരമിച്ച് വത്തിക്കാനില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.

കര്‍ദ്ദിനാള്‍ ഡയസിന്‍റെ നിര്യാണത്തോടെ സഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 220-ആയി കുറയുകയാണ്. 

 
All the contents on this site are copyrighted ©.