2017-06-12 17:13:00

‘‘സമാശ്വസിപ്പിക്കല്‍ ഒരു ദൈവദാനവും ശുശ്രൂഷയും’’. ഫ്രാന്‍സീസ് പാപ്പാ


ജൂണ്‍ പന്ത്രണ്ടാംതീയതി തിങ്കളാഴ്ച പാപ്പാവസതിയിലെ കപ്പേളയില്‍ ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കവേ പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: ‘‘സമാശ്വാസം ഒരു ദൈവികദാനവും അപരര്‍ക്കായുള്ള ശുശ്രൂഷയുമാണ്. അതൊരു ആത്മീയാനുഭവമാണ്. സമാശ്വാസാനുഭവത്തിനായി തുറവിയുള്ള, ദാരിദ്ര്യചൈതന്യമുള്ള ഒരു ഹൃദയം ഉണ്ടായിരിക്കണം.  തന്നെത്തന്നെ സമാശ്വസിപ്പി ക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. അതിനായി ശ്രമിക്കുന്നവര്‍ കണ്ണാടിയില്‍ നോക്കി മെയ്ക്ക് അപ്പ് നടത്തുന്നവരെപ്പോലെയാണ്. സമാശ്വസിപ്പിക്കപ്പെട്ടവരെന്നു പുറമെ കാണപ്പെടാന്‍ അല്പസമയത്തേയ്ക്കു കഴിയുമെങ്കിലും അത് അവരെ വളര്‍ത്തുകയില്ല, രൂപാന്തരപ്പെടുത്തുകയുമില്ല’’. 

ഇത്തരത്തിലുള്ള അനേകരെ സുവിശേഷം ചൂണ്ടിക്കാണിക്കുന്നത് നിരീക്ഷിച്ചുകൊണ്ടു പാപ്പാ തുടര്‍ന്നു:  ‘‘നിയമജ്ഞരെ നോക്കുക.  അവര്‍ അവരില്‍ തന്നെ തൃപ്തരാണ്. ഫരിസേയന്‍റെ പ്രാര്‍ഥ നയില്‍ ഈ മനോഭാവം വളരെ വ്യക്തമാണ്. ഫരിസേയന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നു, ‘മറ്റു മനുഷ്യരെപ്പോലെയല്ലാത്തതിതനാല്‍ ഞാന്‍, ദൈവമേ, നിനക്കു നന്ദി പറയുന്നു’.  എന്നാല്‍, സമാശ്വാസം ഒരു ദാനവും ശുശ്രൂഷയുമാണ്,  പ്രഥമതഃ ഇതൊരു ദാനമാണ് എന്തെന്നാല്‍ ദൈവമാണ് സമാശ്വസിപ്പി ക്കുക. ഈ ദൈവികദാനത്തിന്‍റെ ആവശ്യത്തിലായിരിക്കുന്നവരാണു നാമെന്നു തിരിച്ചറിയുമ്പോഴാണ്, ദൈവത്തില്‍ നിന്നു ഈ ദാനം സ്വീകരിക്കുന്നതിന് നാം പ്രാപ്തരാകുന്നത്.  ദൈവത്തില്‍നി ന്നു സമാശ്വാസം സ്വീകരിക്കുന്നതുവഴി നാം മറ്റുള്ളവരെ സമാശ്വസിപ്പിക്കുന്നതിനുള്ള ദൗത്യവും കൂടി ഏറ്റെടുക്കുന്നു’’.  പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.