2017-06-12 12:51:00

പാപ്പായുടെ ത്രികാലജപസന്ദേശം


ആദിത്യകിരണശക്തി കൂടുതല്‍ പ്രകടമായിരുന്ന ഒരു ദിനമായിരുന്നു ഈ ഞായറാഴ്ച (11/06/17) റോമില്‍. എന്നിരുന്നാലും നട്ടുച്ചയ്ക്ക് ഞായറാഴ്ചകളിലെ പതിവനുസരിച്ച് ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ നയിച്ച മദ്ധ്യാഹ്നപ്രാര്‍ത്ഥനയില്‍ വിവിധ രാജ്യക്കാരായിരുന്ന ആയിരങ്ങള്‍ പങ്കുകൊണ്ടു. പാപ്പായൊടൊത്തു ത്രികാല പ്രാര്‍ത്ഥന ചൊല്ലുന്നതിനും, പാപ്പായുടെ സന്ദേശം ശ്രവിക്കുന്നതിനും ആശീര്‍വ്വാദം സ്വീകരിക്കുന്നതിനുമായി വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ 15000-ത്തിലേറെ വിശ്വാസികള്‍ സന്നിഹിതരായിരുന്നു. റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് പാപ്പാ അരമനയുടെ മുകളിലത്തെ നിലയിലുള്ള ജാലകത്തിങ്കല്‍ പ്രത്യക്ഷനായപ്പോള്‍ ജനങ്ങള്‍ കൈയ്യടിയോടും ആരവങ്ങളോടുംകൂടെ  തങ്ങളുടെ ആനന്ദം അറിയിച്ചു. ആ ജാലകത്തിങ്കല്‍ മന്ദസ്മിതത്തോടെ കൈകള്‍ ഉയര്‍ത്തി  എല്ലാവരെയും അഭിവാദ്യം ചെയ്ത പാപ്പാ, പരിശുദ്ധതമത്രിത്വത്തിന്‍റെ  തിരുന്നാള്‍ ആചരിക്കപ്പെട്ട ഈ ഞായറാഴ്ച ലത്തിന്‍ റീത്തിന്‍റെ ആരാധനക്രമമനുസരിച്ച് ദിവ്യബലിദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങളെ അവലംബമാക്കി ത്രിത്വത്തിന്‍റെ  രഹസ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ പ്രാര്‍ത്ഥനയ്ക്കുമുമ്പു പങ്കുവച്ചു.

പാപ്പായുടെ പ്രഭാഷണം:

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം.

പരിശുദ്ധതമത്രിത്വത്തിന്‍റെ തിരുന്നാള്‍ദിനമായ ഈ ഞായറാഴ്ചത്തെ വിശുദ്ധഗ്രന്ഥവായനകള്‍ ദൈവത്തിന്‍റെ അനന്യതയുടെ രഹസ്യത്തിലേക്കു കടക്കാന്‍ നമ്മെ സഹായിക്കുന്നു.  കോറിന്തോസിലെ സമൂഹത്തോടുള്ള പൗലോസിന്‍റെ  ആശംസാവചനങ്ങള്‍ രണ്ടാംവായന അവതരിപ്പിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ കൃപയും ദൈവത്തിന്‍റെ സ്നേഹവും പരിശുദ്ധാത്മാവിന്‍റെ സഹവാസവും നിങ്ങളേവരോടുംകുടെ ഉണ്ടായിരിക്കട്ടെ”, വി.പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 13, വാക്യം 13. ഇത് ആശീര്‍വ്വാദമാണെന്നും പറയാം. അപ്പസ്തോലന്‍റെ ഈ ആശിര്‍വ്വാദം, അദ്ദേഹത്തിന്‍റെ   വൈക്തികമായ ദൈവസ്നേഹാനുഭവത്തിന്‍റെ ഫലമാണ്. ഈ സ്നേഹം പൗലോസിനു വെളിപ്പെടുത്തിക്കൊടുത്തത് ഉത്ഥിതനായ ക്രിസ്തുവാണ്. അവിടന്ന് പൗലോസിന്‍റെ  ജീവിതത്തെ രൂപാന്തരപ്പെടുത്തുകയും ജനതകള്‍ക്ക് സുവിശേഷം എത്തിച്ചുകൊടുക്കുന്നതിന് അദ്ദേഹത്തില്‍ “സമ്മര്‍ദ്ദം” ചെലുത്തുകയും ചെയ്യുന്നു. കൃപയുടെ ആ അനുഭവംമുതല്‍  പൗലോസിന് ക്രൈസ്തവരെ ഇപ്രകാരം ഉപദേശിക്കാന്‍ കഴിഞ്ഞു: നിങ്ങള്‍ സന്തോഷിക്കുവിന്‍, പൂര്‍ണ്ണത പ്രാപിക്കാന്‍ പരിശ്രമിക്കുവിന്‍, അന്യോന്യം ധൈര്യംപകരുവിന്‍, സമാധാനത്തില്‍ ജീവിക്കുവിന്‍” കോറിന്തോസുകാര്‍ക്കുള്ള രണ്ടാം ലേഖനം, പതിനൊന്നാം വാക്യം.  ക്രൈസ്തവ സമൂഹത്തിന്, മാനുഷികമായ എല്ലാ പരിമിതികളോടുംകൂടെത്തന്നെ, ത്രിത്വത്തിന്‍റെ കൂട്ടായ്മയുടെയും  അതിന്‍റെ നന്മയുടെയും സൗകുമാര്യത്തിന്‍റെയും പ്രതിഫലനമാകാന്‍ സാധിക്കും. ഇത്, പൗലോസപ്പസ്തോലന്‍തന്നെ സാക്ഷ്യപ്പെടുത്തുന്നതുപോലെ, ദൈവികകാരുണ്യത്തിന്‍റെയും അവിടത്തെ മാപ്പുനല്കലിന്‍റെയും അനുഭവത്തിലൂടെ അനിവാര്യമായും കടന്നുപോകുന്നു.

പുറപ്പാടില്‍ യഹൂദജനതയ്ക്ക് സംഭവിക്കുന്നത് ഇതാണ്. ജനം ഉടമ്പടി ലംഘിക്കുമ്പോള്‍ അതു നവീകരിക്കുന്നതിന് ദൈവം മേഘസ്തംഭത്തില്‍ മോശയ്ക്ക് പ്രത്യക്ഷനാകുകയും തന്‍റെ നാമവും അതിന്‍റെ പൊരുളും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ദൈവം പറയുന്നു: “കര്‍ത്താവ്, കാരുണ്യവാനും കൃപാനിധിയുമായ ദൈവം, കോപിക്കുന്നതില്‍ വിമുഖന്‍, സ്നേഹത്തിലും വിശ്വസ്തതയിലും അത്യുദാരന്‍” (പുറപ്പാട്,34,6). ദൈവം വിദൂരസ്ഥനും, തന്നില്‍ത്തന്നെ അടച്ചിട്ടിരിക്കുന്നവനും അല്ല, മറിച്ച്, മനുഷ്യനുമായി ബന്ധത്തിലായിരിക്കാനാഗ്രഹിക്കുന്ന ജീവനും, തുറവും അവിശ്വസ്തതയില്‍ നിന്ന് മനുഷ്യനെ വീണ്ടെടുക്കുന്ന സ്നേഹവും ആണ് എന്നാണ് ഈ നാമം വെളിപ്പെടുത്തുന്നത്. ദൈവം കാരുണ്യമാണ്, ദയയുള്ളവനാണ്, കൃപാസമ്പന്നനാണ്. എന്തെന്നാല്‍ നമ്മുടെ പരിമിതികളും കുറവുകളും നികത്തുന്നതിനും നമ്മുടെ തെറ്റുകള്‍ പൊറുക്കുന്നതിനും നീതിയുടെയും സത്യത്തിന്‍റെയും പാതയിലേക്ക് നമ്മെ തിരികെകൊണ്ടുവരുന്നതിനും അവിടന്ന് നമുക്ക് സ്വയം നല്കുന്നു. ദൈവത്തിന്‍റെ ഈ വെളിപ്പെടുത്തല്‍ പൂര്‍ത്തികരിക്കപ്പെടുന്നത് പുതിയനിയമത്തില്‍ ക്രിസ്തുവിന്‍റെ  വചനത്താലും അവിടത്തെ പരിത്രാണദൗത്യത്താലുമാണ്.  യേശു നമുക്ക് ദൈവത്തിന്‍റെ  വദനം വളിപ്പെടുത്തിത്തന്നു. സത്തയില്‍ ഏകനായ ദൈവത്തില്‍ ആളുകള്‍ മൂന്നാണ്. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം മൊത്തത്തിലും തനിച്ചും സ്നേഹമാണ്. പിതാവ് സൃഷ്ടിക്കുകയും പുത്രന്‍ വീണ്ടെടുക്കുകയും പരിശുദ്ധാരൂപി പവിത്രീകരിക്കുകയും ചെയ്യുന്നതായ ഒരു ബന്ധമാണ് ഈ മൂന്നാളുകള്‍ ഉള്‍ക്കൊള്ളുന്ന ദൈവത്തിലുള്ളത്.

ഇന്നത്തെ സുവിശേഷം എടുത്തുകാട്ടുന്നത് അക്കാലഘട്ടത്തില്‍ മതപൗരസമൂഹത്തില്‍ ശ്രദ്ധേയമായ ഒരു സ്ഥാനംവഹിച്ചിരുന്നവനും ദൈവാന്വേഷനിരതനുമായിരുന്ന നിക്കൊദേമൂസിനെയാണ്. താന്‍ ദൈവത്തില്‍ എത്തിച്ചേര്‍ന്നു എന്നദ്ദേഹം ചിന്തിച്ചില്ല, ആകയാല്‍ ദൈവാന്വഷണം നിറുത്തിവച്ചില്ല. ഇപ്പോള്‍ അദ്ദേഹം യേശുവിന്‍റെ   സ്വരത്തിന്‍റെ പ്രതിധ്വനി തിരിച്ചറിഞ്ഞിരിക്കുന്നു. യേശുവുമായുള്ള നിശാസംഭാഷണത്തില്‍നിന്ന് നിക്കൊദേമൂസ് അവസാനം മനസ്സിലാക്കുന്നു താന്‍ ദൈവത്താല്‍ അന്വേഷിക്കപ്പെടുകയും പ്രതീക്ഷിക്കപ്പെടുകയും വ്യക്തപരമായി സ്നേഹിക്കപ്പെടുകയും ചെയ്തവനാണെന്ന്. ദൈവമാണ് ആദ്യം നമ്മെ അന്വേഷിക്കുകയും ആദ്യം നമ്മെ കാത്തിരിക്കുകയും ആദ്യം നമ്മെ സ്നേഹിക്കുകയും ചെയ്യുന്നത്. ബദാം വൃക്ഷത്തിന്‍റെ പൂ പോലെയാണിത്. പ്രവാചകന്‍ പറയുന്നു, അത് ആദ്യം പൂവിടുന്നു. വാസ്തവത്തില്‍ യേശു നിക്കൊദേമൂസിനോടു സംസാരിക്കുന്നു. “യേശുവില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്‍റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു” (യോഹന്നാന്‍ 3,16)  പിതാവിന്‍റെ അളവറ്റതും സൗജന്യവുമായ സ്നേഹമാണ് യേശു നമ്മുടെ രക്ഷയ്ക്കായി സ്വജീവന്‍ നല്കിക്കൊണ്ട്  കുരിശിലൂടെ പ്രദാനം ചെയ്തത്. ഈ സ്നേഹം പരിശുദ്ധാത്മാവിന്‍റെ  പ്രവര്‍ത്തനത്താല്‍ പുത്തന്‍ വെളിച്ചം ഭൂമിയിലും അവിടത്തെ സ്വീകരിക്കുന്ന ഓരോ ഹൃദയത്തിലും പരത്തി. ഈ വെളിച്ചം ഇരുളടഞ്ഞ കോണുകളെയും ഉപവിയുടെയും കാരുണ്യത്തിന്‍റെയും നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കുന്നതിന് പ്രതിബന്ധമായ  കാഠിന്യങ്ങളെയും കാട്ടിത്തരുന്നു.

നമ്മുടെ അസ്തിത്വത്തിനു അര്‍ത്ഥം നല്കുന്ന സ്നേഹം ജീവിക്കാനും അതിന് സാക്ഷ്യമേകാനും ത്രിത്വത്തിന്‍റെ കൂട്ടായ്മായില്‍ നമ്മള്‍ പൂര്‍ണ്ണമായി എന്നും കൂടുതല്‍ പ്രവേശിക്കുന്നതിന് പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളില്‍ തന്‍റെ വിചിന്തനം ഉപസംഹരിച്ച ഫ്രാന്‍സീസ് പാപ്പാ ത്രികാലജപം നയിക്കുകയും ആശീര്‍വ്വാദമേകുകയും ചെയ്തു.ആശീര്‍വ്വാദാനന്തരം പാപ്പാ ത്രികാലപ്രാര്‍ത്ഥനയില്‍ സംബന്ധിച്ച വിധരാജ്യാക്കാരായ തീര്‍ത്ഥാടകരെപ്രത്യേകം അഭിവാദ്യം ചെയ്തു.

ഇറ്റലിയിലെ ല സ്പേത്സിയയില്‍ ശനിയാഴ്ച(10/06/17) ഇത്താല മേല വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടതിനെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ വിശ്വാസത്തില്‍ നിന്ന് ഏറെ അകലെയായിരുന്ന ഒരു കുടുംബത്തില്‍ ജീവിച്ചിരുന്ന അവള്‍ ചെറുപ്പകാലത്ത് നിരീശ്വരവാദി ആയിരുന്നുവെന്നും പിന്നീട് മാനസാന്തരപ്പെട്ട അവള്‍ക്ക് വളരെ തീവ്രമായ ഒരു ആദ്ധ്യാത്മികാനുഭവം ഉണ്ടായി എന്നും അനുസ്മരിച്ചു. കത്തോലിക്കാസര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രവര്‍ത്തനനിരതയായിരുന്ന അവള്‍ ബെനഡിക്ടയിന്‍ സമര്‍പ്പിതയാവുകയും പരിശുദ്ധതമത്രിത്വത്തിന്‍റെ രഹസ്യത്തില്‍ കേന്ദ്രീകൃതമായ ഒരാദ്ധ്യാത്മികജീവിതസരണി പിന്‍ചെല്ലുകയും ചെയ്തുവെന്നും പാപ്പാ പറഞ്ഞു. നമ്മുടെ ഹൃദയത്തില്‍ കുടിയിരിക്കുന്ന പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവത്തെക്കുറിച്ച് അനുദിനം ചിന്തിക്കാന്‍ നവവാഴ്ത്തപ്പെട്ടവള്‍ നമുക്ക് പ്രചോദനമാകട്ടെയെന്ന് പാപ്പാ ആശംസിച്ചു.  കോപ്പക്കബാനയിലെ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ റോമില്‍ ആഘോഷിക്കുന്ന റോം നിവാസികളായ ബൊളീവിയക്കാരെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു. എല്ലാവര്‍ക്കും ശുഭഞായര്‍ ആശംസിച്ച പാപ്പാ തനക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറക്കരുത് എന്ന പതിവഭ്യര്‍ത്ഥന നവീകരിച്ചു. എല്ലാവര്‍ക്കും നല്ലൊരു ഉച്ചവിരുന്നു നേര്‍ന്ന പാപ്പാ വീണ്ടും കാണാമെന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ട് ജാലകത്തിങ്കല്‍ നിന്ന് പിന്‍വാങ്ങി.

 








All the contents on this site are copyrighted ©.