2017-06-10 14:06:00

വിദ്യഭ്യാസം വരേണ്യവിഭാഗത്തിനു സംവരണംചെയ്യപ്പെട്ടതല്ല -പാപ്പാ


വിദ്യഭ്യാസം വരേണ്യവിഭാഗത്തിനു മാത്രമുള്ളതല്ല സകലര്‍ക്കും ആ അവകാശമു​ണ്ടെന്ന് മാര്‍പ്പാപ്പാ.

അര്‍ജന്തീനയിലെ ബുവെനോസ് ഐരസ് അതിരൂപതയുടെ  ആര്‍ച്ച്ബിഷപ്പായിരിക്കവെ താന്‍ 2001 ല്‍ തുടക്കമിട്ടതും 190 നാടുകളില്‍ പ്രവര്‍ത്തനനിരതവുമായ “സമാഗമ വിദ്യാലയങ്ങള്‍” എന്ന് വിവവര്‍ത്തനം ചെയ്യാവുന്ന “സ്കോളാസ് ഒക്കുരേന്തെസി”ന്‍റെ വത്തിക്കാന്‍ കാര്യാലയം  വെള്ളിയാഴ്ച (10/06/17) ഉദ്ഘാടനം ചെയ്യുകയാതിരുന്നു ഫ്രാന്‍സീസ് പാപ്പാ.

വത്തിക്കാന്‍ നഗരത്തിനു പുറത്ത് റോമില്‍ വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ അധികാര പരിധിക്കുള്ളില്‍ വരുന്ന സാന്‍ കലിസ്തൊ ചത്വരത്തിലുള്ള കെട്ടിടത്തിലാണ്  പുതിയ കാര്യാലയം തുറന്നിരിക്കുന്നത്.

സമാധാനത്തിന്‍റെ സമാഗമസംസ്കൃതി വിദ്യാലയങ്ങളിലൂടെ പരിപോഷിപ്പിക്കുന്ന പൊന്തിഫിക്കല്‍ പദവിയുള്ള “സ്കോളാസ് ഒക്കുരേന്തെസി” അന്താരാഷ്ട്ര പ്രസ്ഥാനത്തിന്‍റെ കേന്ദ്ര ആസ്ഥാനമായിരിക്കും ഈ കാര്യാലയം.

ഈ ഉദ്ഘാടനച്ചടങ്ങില്‍ പാപ്പാ “സ്കോളാസ് ഒക്കുരേന്തെസി”ന്‍റെ യുണൈറ്റഡ് അറബ് എമേറേറ്റ്സുള്‍പ്പടെയുള്ള 9 നാടുകളിലെ യുവപ്രതിനിധിസംഘങ്ങളോടു ദൃശ്യമാദ്ധ്യത്തിലൂടെ സംസാരിച്ചു.

വിദ്യഭ്യാസം സമ്പന്നവിഭാഗങ്ങള്‍ക്കുമാത്രം താങ്ങാവുന്ന ഒന്നായി അധഃപതിച്ചിരിക്കുന്ന അവസ്ഥയെക്കുറിച്ചു പരാമര്‍ശിച്ച പാപ്പാ ഇത് ഒരു വരേണ്യവിഭാഗത്തിന് ജന്മമേകുകയും വിദ്യഭ്യാസം ഇല്ലാത്തവരെ തള്ളിക്കളയുന്ന മനോഭാവത്തിന് കാരണമാകുകയും ചെയ്തിട്ടുണ്ടെന്ന് കുറ്റപ്പെടുത്തി.

വിദ്യഭ്യാസമെന്നത് കാര്യങ്ങള്‍ അറിയുകയോ പാഠങ്ങള്‍ പഠിക്കുകയോ ചെയ്യുന്നതല്ല പ്രത്യുത മൂന്നു ഭാഷകള്‍, അതായത് മസ്തകത്തിന്‍റെയും ഹൃദയത്തിന്‍റെയും കരത്തിന്‍റെയും ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയലാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രതീതമാകുന്നതും ചെയ്യുന്നതും എന്താണെന്ന് ചിന്തിക്കാനും, ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും തൊട്ടറിയാനും, പ്രതീതമാകുന്നതും ചിന്തിക്കുന്നതും ചെയ്യാനും സാധിക്കുക എന്നതാണ് ഇതിനര്‍ത്ഥമെന്നും പാപ്പാ വിശദീകരിച്ചു.

 എല്ലാവര്‍ക്കും, വിശിഷ്യ, യുവജനങ്ങള്‍ക്ക് തുല്യ അവസരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നു പറഞ്ഞ പാപ്പാ     ഒരു വ്യക്തിയും ഒഴിവാക്കപ്പെടരുതെന്നും എല്ലാവര്‍ക്കും തനതായ മൂല്യം ​ഉണ്ടെന്നും, അത് ചെറിയ ഒരു കല്ലിനു പോലും ലോകത്തില്‍ അതിന്‍റെതായ സ്ഥാനം ഉള്ളതു പോലെയാണെന്നും ഉദ്ബോധിപ്പിച്ചു.

 ആഗോളവത്ക്കരണത്തെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ അത് അതില്‍ത്തന്നെ നല്ലതായിരിക്കാമെങ്കിലും അതു വിതയ്ക്കാവുന്ന ഹാനിയെക്കുറിച്ച് ജാഗ്രതപുലര്‍ത്തേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടി.

സകലത്തെയും ഏകരൂപമാക്കിത്തീര്‍ക്കുന്ന അപകടം ആഗോളവത്ക്കരണ പ്രക്രിയയില്‍ പതിയിരിപ്പുണ്ടെന്നും യഥാര്‍ത്ഥ ആഗോളവത്ക്കരണം വൈവിധ്യത്തെ മാനിക്കുമെന്നും പാപ്പാ വിശദീകരിച്ചു     








All the contents on this site are copyrighted ©.