2017-06-10 13:56:00

ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയുടെ പ്രസിഡന്‍റിനെ സന്ദര്‍ശിച്ചു


തലമുറകള്‍ കാത്തുസൂക്ഷിച്ച വ്യക്തിമാഹാത്മ്യം, കുടുംബം, തൊഴില്‍ എന്നീ മൂല്യങ്ങള്‍ക്ക് ഇറ്റലിയുടെ ഭരണഘടന കല്പിക്കുന്ന പ്രാധാന്യത്തെ മാര്‍പ്പാപ്പാ ശ്ലാഘിക്കുന്നു.

ഇറ്റലിയുടെ പ്രസിഡന്‍റ് സേര്‍ജൊ മത്തരേല്ലയെ ശനിയാഴ്ച (10/06/17) അദ്ദേഹത്തിന്‍റെ ഔദ്യോഗികവസതിയായ “ക്യുരിനാലെ” മന്ദിരത്തിലെത്തി സന്ദര്‍ശിച്ച അവസരത്തില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഫ്രാന്‍സീസ് പാപ്പാ ഇതു പറഞ്ഞത്.

2015 ഏപ്രില്‍ 18 ന് പ്രസിഡന്‍റ് സേര്‍ജൊ മത്തരേല്ല തന്നെ വത്തിക്കാനില്‍ വന്നു സന്ദര്‍ശിച്ചത് തദ്ദവസരത്തില്‍ അനുസ്മരിച്ച പാപ്പാ ഇതൊരു പ്രതിസന്ദര്‍ശനമാണെന്നു പറഞ്ഞു.

അന്താരാഷ്ട്ര ഭീകരപ്രവര്‍ത്തനങ്ങള്‍, യുദ്ധവും സാമൂഹ്യ സാമ്പത്തിക അസന്തുലിതാവസ്ഥയും മൂലമുള്ള കുടിയേറ്റപ്രതിഭാസം, യുവജനങ്ങളുടെ തൊഴിലില്ലായ്മ തുടങ്ങിയ നിരവധിയായ പ്രശ്നങ്ങളെ നേരിടാന്‍ മറ്റു യൂറോപ്യന്‍ നാടുകളെപ്പോലെ ഇറ്റലിയും വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് അനുസ്മരിച്ച പാപ്പാ ഈ വെല്ലുവിളികളെ പൗരന്മാരുടെ കര്‍മ്മനിരതമായ ഉദാരതയാല്‍, നാടിന്‍റെ ആദ്ധ്യാത്മിക സമ്പന്നതകളിലൂന്നിനിന്നുകൊണ്ട് വളര്‍ച്ചയ്ക്കും പുത്തന്‍ അവസരങ്ങള്‍ക്കുള്ള സാധ്യതകളാക്കി മാറ്റാന്‍  കഴിയട്ടെയെന്ന് ആശംസിച്ചു.

കുടുംബത്തിന്‍റെയും അതു വഴി സമൂഹത്തിന്‍റെയും ഭദ്രത ഉറപ്പുവരുത്തുന്നില്‍ സുപ്രധാനമായ തൊഴിലി‍ന്‍റെ പ്രാധാന്യം താന്‍ ഈയിടെ ഇറ്റലിയിലെ ജേനൊവയില്‍ നടത്തിയ സന്ദര്‍ശനം അനുസ്മരിച്ചുകൊണ്ട് ഊന്നിപ്പറഞ്ഞ പാപ്പാ മാന്യമായ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത ചൂണ്ടിക്കാട്ടുകയും അതിനായുള്ള അഭ്യര്‍ത്ഥന നവീകരിക്കുകയും ചെയ്തു.

സ്ഥിരമായ തൊഴിലും, കുടുംബത്തിന്‍റെ ക്ഷേമം ഉന്നംവയ്ക്കുന്ന പ്രായോഗിക രാഷ്ട്രീയ നടപടികളും, അധികൃതവും സ്ഥായിയുമായ ഒരു വികസനത്തിനും സമൂഹത്തിന്‍റെ ഏകതാനമായ വളര്‍ച്ചയ്ക്കും അനിവാര്യമാണെന്നും പാപ്പാ പറഞ്ഞു.

ഇറ്റലിയുടെ സമൂഹജീവിതത്തില്‍ സഭ വഹിക്കുന്ന ജീവാധാരപരമായ പങ്കും പാപ്പാ അനുസ്മരിച്ചു.

പൊതുനന്മ ലക്ഷ്യംവച്ചുകൊണ്ടുള്ള സഹകരണം പരിശുദ്ധസിംഹാസനത്തിന്‍റെയും കത്തോലിക്ക സഭയുടെയും സഭാസംവിധാനങ്ങളുടെയും ഭാഗത്തുനിന്നുണ്ടെന്ന് പാപ്പാ ഉറപ്പു നല്കുകയും ചെയ്തു.

ഭൂകമ്പബാധിത മദ്ധ്യ ഇറ്റലിയില്‍ നിന്ന് എത്തിയിരുന്ന 200ലേറെ കുട്ടികളെ പാപ്പായും ഇറ്റലിയുടെ പ്രസിഡന്‍റും ക്യുരിനാലെ മന്ദിരത്തിന്‍റെ ഉദ്യാനത്തില്‍ വച്ച് സന്ദര്‍ശന പരിപാടിയുടെ അവസാനം അഭിവാദ്യം ചെയ്തു.

ഭൂമികുലുക്കം അവര്‍ക്കുളവാക്കിയ സഹനം ഏറെ ആയിരുന്നുവെന്ന് തദ്ദവസരത്തില്‍ അനുസ്മരിച്ച പാപ്പാ ധീരതയോടെ മുന്നേറാന്‍ പ്രചോദനം പകര്‍ന്നു. ഉയരത്തിലേക്കു കയറുന്ന കലയില്‍ വിജയമെന്നത് വീഴാതിരിക്കുന്നതിലല്ല വീണിടത്തു കിടക്കാതിരിക്കുന്നതിലാണെന്ന് പാപ്പാ പര്‍വ്വതാരോഹകരു‌ടെ ഒരു ഗാനത്തിന്‍റെ വരികള്‍ അനുസ്മരിച്ചുകൊണ്ട് കുട്ടികള്‍ക്ക് ധൈര്യമേകി. അവര്‍ ആലപിച്ച ഗാനത്തിന് പാപ്പാ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

 

 

 








All the contents on this site are copyrighted ©.