2017-06-10 14:18:00

ടെഹ്റാന്‍ ഭീകരാക്രമണദുരന്തത്തില്‍ പാപ്പായുടെ ദു:ഖം


ഇറാന്‍റെ തലസ്ഥാനമായ ടെഹ്റാനില്‍ അനേകരുടെ ജീവനപഹരിച്ച ഭീകരാക്രമണത്തില്‍ പാപ്പാ അനുശോചനം അറിയിച്ചു.

കിരാതമായ ഈ ആക്രമണത്തിന്‍റെ ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന എല്ലാവരോടും ഫ്രാന്‍സീസ് പാപ്പാ ഹൃദയംഗമമായ ദു:ഖം രേഖപ്പെടുത്തുന്നുവെന്നും ബുദ്ധിശൂന്യവും ഗുരുതരവുമായ ഈ അക്രമത്തെ അപലപിക്കുന്നുവെന്നും വത്തിക്കാന്‍ സംസ്ഥാനകാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ പാപ്പായുടെ നാമത്തില്‍ ഒപ്പിട്ടയച്ച അനുശോചനസന്ദേശത്തില്‍ വെളിപ്പെടുത്തുന്നു.

ഭീകരാക്രമണത്തില്‍ വധിക്കപ്പെട്ടവരെ പാപ്പാ സര്‍വ്വശക്തന്‍റെ കാരുണ്യത്തിനു സമര്‍പ്പിക്കുകയും ഇറാനില്‍ സമാധാനം വാഴുന്നതിനായുള്ള പ്രാര്‍ത്ഥന അന്നാട്ടിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്കുകയും ചെയ്യുന്നു.

ടെഹ്റാനില്‍ ബുധനാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു, 40ലേറെപ്പേര്‍ക്ക് പരിക്കേറ്റു. പാര്‍ലിമെന്‍റ് സമുച്ചയത്തിലും റുഹൊള്ള ഖൊമേനി സ്മാരകത്തിലുമാണ് 7 ഐഎസ് ഭീകരര്‍ വെടിവെയ്പ്പു നടത്തിയത്.

2010 ജൂലൈ 15 ന് ഇറാനിലെ സഹെദനില്‍ മുപ്പതോളം പേര്‍ കൊല്ലപ്പെട്ട മനുഷ്യബോംബ് ആക്രമണത്തിനു ശേഷം അന്നാട്ടിലുണ്ടായ പ്രഥമ ഭീകാരാക്രമണമാണിത്.








All the contents on this site are copyrighted ©.