2017-06-09 13:03:00

സ്ത്രീ: "സാര്‍വ്വത്രിക സാഹോദര്യ പ്രബോധക", പാപ്പാ


സാര്‍വ്വത്രിക സാഹോദര്യം അഭ്യസിപ്പിക്കാന്‍ മഹിളകള്‍ക്കുള്ള കഴിവ് വൈവിവധ്യത്താലും ആഗോളവത്ക്കരണത്താലും മുദ്രിതമായ സങ്കീര്‍ണ്ണ സ്വഭാവമുള്ള ഇന്നത്തെ സമൂഹത്തില്‍ കൂടുതല്‍ അംഗീകരിക്കപ്പെടേണ്ടിയിരിക്കുന്നുവെന്ന് മാര്‍പ്പാപ്പാ.

മതാന്തരസംവാദത്തിനായുള്ള പൊന്തിഫിക്കല്‍ സമിതിയുടെ 7,8 തിയതികളില്‍  (7-8/06/17) നടന്ന 12-Ͻ൦ സമ്പൂര്‍ണ്ണസമ്മേളനത്തില്‍ പങ്കെടുത്തവരടങ്ങിയ 40 ഓളംപേരുടെ സംഘത്തെ വെള്ളിയാഴ്ച (09/06/17) വത്തിക്കാനില്‍ പൊതുവായി സ്വീകരിച്ചു സംബോധനചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

“സാര്‍വ്വഭൗമിക സാഹോദര്യം പഠിപ്പിക്കുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക്” എന്നതായിരുന്നു ഈ സമ്മേളനത്തിന്‍റെ വിചിന്തനപ്രമേയം.

സ്തീകളുടെ ഔന്നത്യത്തെയും പങ്കിനെയും ലോകത്തില്‍ ചവിട്ടിമെതിക്കുന്ന തരത്തിലുള്ള നിരവധിയായ തിന്മകള്‍ മൂലം സാര്‍വ്വത്രികസാഹോദര്യം അഭ്യസിപ്പിക്കാന്‍ അവര്‍ക്കുള്ള കഴിവ് മറയ്ക്കപ്പെടുകയും തിരിച്ചറിയപ്പെടാതിരിക്കുകയും ചെയ്യുന്നുവെന്ന് പാപ്പാ പറഞ്ഞു.

അന്ധമായ അക്രമത്തിന് കുട്ടികളും, സ്ത്രീകളും ഇരകളാക്കപ്പെടുന്നതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ എവിടെ വിദ്വേഷവും അക്രമവും പ്രബലപ്പെടുന്നുവൊ അവിടെ ചിന്തകളിലും പ്രവൃത്തികളിലുമുള്ള കൂട്ടായ്മയില്‍ പുരുഷനുമായി സഹകരിച്ച് പ്രബോധക എന്ന സ്വന്തം ദൗത്യം ശാന്തമായും ഫലപ്രദമായും നിറവേറ്റുന്നതില്‍ നിന്ന് മഹിളയെ തടഞ്ഞുകൊണ്ട് ഈ തിന്മകള്‍ കുടുംബങ്ങളെയും സമൂഹത്തെയും തകര്‍ക്കുന്നുവെന്നു പ്രസ്താവിച്ചു.

ആകയാല്‍ സാര്‍വ്വത്രിക സാഹോദര്യ പ്രബോധക എന്ന സ്ത്രീയുടെ ദൗത്യം അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്നും സാഹോദര്യം അഭ്യസിപ്പിക്കുന്നവരെന്ന നിലയില്‍ സ്ത്രീകള്‍ക്ക്, പരസ്പരം സ്വീകരിക്കാനും ആദരിക്കാനുമുള്ള നവമായ ഒരു രീതിക്ക് തുടക്കമിടാനും അതിനെ വളര്‍ത്താനും കഴിയുന്ന സവിശേഷമായ ഒരു വിളിയുണ്ടെന്നും പാപ്പാ വിശദീകരിച്ചു.

സാര്‍വ്വത്രിക സാഹോദര്യം അഭ്യസിപ്പിക്കുന്നതില്‍ സംഭാഷണവും ഉള്‍ക്കൊള്ളുന്നുണ്ടെന്ന വസ്തുതയും പാപ്പാ എടുത്തുകാട്ടി.

സാര്‍വ്വഭൗമിക  സാഹോദര്യാഭ്യസനം സൗഹൃദത്തിന്‍റെയും ആദരവിന്‍റെയും ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ പഠിക്കലുമാകയാല്‍ അതിന് മതാന്തരസംവാദത്തിന്‍റെ  മേഖലയിലും അതീവപ്രാധാന്യമുണ്ടെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.

സംഭാഷണം സ്ത്രീപുരുഷന്മാര്‍ ഒത്തൊരുമിച്ചു നടത്തേണ്ട ഒന്നാണെന്നും ആകയാല്‍ സ്ത്രീസാന്നിധ്യം എന്നത്തെക്കാളുപരി ഇന്ന് അനിവാര്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

ശ്രവിക്കാനും, സ്വീകരിക്കാനും മറ്റുള്ളവരോടു ഉദാരമായി തുറവുകാട്ടാനും മഹിളകള്‍ക്ക് കഴിവുള്ളതിനാല്‍ത്തന്നെ അവര്‍ക്ക് സംഭാഷണത്തിന് സുപ്രധാന പിന്‍ബലമേകാന്‍ സാധിക്കുമെന്നും പാപ്പാ പറഞ്ഞു.

   








All the contents on this site are copyrighted ©.