2017-06-08 09:44:00

മനുഷ്യാവകാശം മാനിക്കപ്പെടാന്‍ ഐക്യദാര്‍ഢ്യം വളര്‍ത്തണം


മനുഷ്യാവകാശം മാനിക്കപ്പെടണമെങ്കില്‍ ഐക്യദാര്‍ഢ്യം വളര്‍ത്തണമെന്ന് ഐക്യരാഷ്ട്ര സംഘടയുടെ ജനീവകേന്ദ്രത്തിലെ വത്തിക്കാന്‍റെ പ്രതിനിധി, ആര്‍ച്ചുബിഷപ്പ് ഐവന്‍ ജര്‍ക്കോവിച് പ്രസ്താവിച്ചു. ജനീവയിലെ‍ യുഎന്‍ കേന്ദ്രത്തില്‍ ജൂണ്‍ 6-Ɔ൦ തിയതി ചൊവ്വാഴ്ച സംഗമിച്ച മനുഷ്യാവകാശ കമ്മിഷന്‍റെ സംഗമത്തിലാണ് വത്തിക്കാന്‍റെ പ്രതിനിധി അഭിപ്രായപ്രകടനം നടത്തിയത്.

കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, പ്രകൃതി വിനാശങ്ങള്‍ അഭ്യന്തരകലാപം, സായുധ സംഘട്ടനങ്ങള്‍, വര്‍ദ്ധിച്ചുവരുന്ന പാവങ്ങളുടെ എണ്ണം എന്നിങ്ങനെ രാജ്യാന്തര സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ഇന്നു നിരവധിയാണ്. അതിനാല്‍ സമൂഹിക രാഷ്ട്രീയ ചുറ്റുപാടുകളില്‍ വിഭജനത്തിന്‍റെയും ഭിന്നിപ്പിന്‍റെയും വര്‍ഗ്ഗീയതയുടെയുമല്ല, സഹാനുഭാവത്തിന്‍റെയും കൂട്ടായ്മയുടെയും മനോഭാവം വളര്‍ത്താന്‍ രാഷ്ട്രനേതാക്കള്‍ പരിശ്രമിക്കണമെന്ന്   വത്തിക്കാന്‍റെ പ്രതിനിധി സമര്‍പ്പിച്ച പ്രബന്ധത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

വലിച്ചെറിയല്‍ സംസ്ക്കാരം വെടിഞ്ഞ്, വ്യക്തികളും സമൂഹങ്ങളും രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ ഐക്യദാര്‍ഢ്യത്തിന്‍റെ മനോഭാവം വളര്‍ത്താനുള്ള അടിസ്ഥാന വിദ്യാഭ്യാസം വളരുന്ന തലമുറയ്ക്ക് നല്കേണ്ടത് അനിവാര്യമാണെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച് അഭിപ്രായപ്പെട്ടു.

അപരനോടുള്ള സഹാനുഭാവത്തിന്‍റെയും കരുതലിന്‍റെയും കലവറയില്ലാത്തതും നിരുപാധികവുമായ മനോഭാവമാണ് ഐക്യദാര്‍ഢ്യം. പൊതുനന്മയും അടിസ്ഥാന മനുഷ്യാവകാശവും ലക്ഷ്യമാക്കിയുള്ള നീക്കമാണത്. 2030-ന്‍റെ മാനനവസുസ്ഥിതി പദ്ധതി ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സംഘടന നീങ്ങുമ്പോള്‍ സ്വാര്‍ത്ഥതയും അസമത്വത്തിന്‍റെ മനോഭാവവും വെടിഞ്ഞ് രാജ്യാന്തര ഐക്യദാര്‍ഢ്യത്തിനും പൊതുനന്മയ്ക്കുമായി പരിശ്രമിക്കണമെന്ന് ആര്‍ച്ചുബിഷപ്പ് ജര്‍ക്കോവിച് സമ്മേളനത്തോട് അഭ്യര്‍ത്ഥിച്ചു.

 








All the contents on this site are copyrighted ©.