2017-06-08 19:55:00

എല്ലാവരുടെയും കടമയാണ് പ്രകൃതിസംരക്ഷണം


“പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്!”    കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയര്‍ക്കിസ്, ബാര്‍ത്തലോമ്യോ പ്രഥമന്‍റെ അഭിമുഖത്തില്‍നിന്ന്...

ജൂണ്‍ 8-Ɔ൦ തിയതി വ്യാഴാഴ്ച വത്തിക്കാന്‍റെ ദിനപത്രം ‘ഓസര്‍വത്തോരെ റൊമാനോ’യ്ക്കു നല്കിയ അഭിമുഖത്തിലാണ് പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ ഇങ്ങനെ പ്രസ്താവിച്ചത്.   പ്രാദേശിക സമൂഹങ്ങള്‍ - നഗരാധിപന്മാരും ഗ്രാമസേവകരും, കൃഷിക്കാരും, വ്യവസായികളും, അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, സന്ന്യസ്തരും വിശ്വാസികളും, മുതിര്‍ന്നവരും യുവജനങ്ങളും  - എല്ലാവരും പ്രകൃതയുടെ സംരക്ഷകരാണ്! 77 വയസ്സുകാരന്‍ പാത്രിയര്‍ക്കിസ് അനുസ്മരിപ്പിച്ചു.  സ്രഷ്ടാവായ ദൈവത്തിന്‍റെ മുന്‍പിലും ലോകത്തിന്‍റെ മുന്‍പിലും പ്രകൃതിയെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള ധാര്‍മ്മികമായ കടപ്പാടും സമൂഹികമായ ഉത്തരവാദിത്തവും സകലര്‍ക്കുമുണ്ട്.

സൃഷ്ടിയുടെ സമഗ്രത സംരക്ഷിക്കപ്പെടണമെങ്കില്‍ വ്യക്തികള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണം. ജീവന്‍റെ വിവിധ തലങ്ങളും തരങ്ങളും രൂപഭാവങ്ങളും പേറിനില്ക്കുന്ന ഭൂമിയെയും അതിന്‍റെ പ്രകൃതിസമ്പത്തുക്കളെയും ശരിയാംവിധം കൈകാര്യംചെയ്യാനും സംരക്ഷിക്കാനുമുള്ള കടമ വ്യക്തികളുടേതാണ്, സമൂഹത്തിന്‍റേതാണ്! സര്‍ക്കാരുകളും നഗരസഭകളും വിദ്യാലയങ്ങളും സാമൂഹിക സംഘടനകളും, സഭയും, സന്മനസ്സുള്ള എല്ലാ പൗരന്മാരും നാം വസിക്കുന്ന ഭൂമിയോടും അതിന്‍റെ പരിസരമായ പ്രകൃതിയോടും ആദരവു പുലര്‍ത്തേണ്ടതാണ്.

വൃത്തിയായി ഒഴുകുന്ന നദി ശുചിത്വമുള്ള ലോകത്തിന്‍റെ പ്രതീകമാണ്. വൃത്തിയുള്ളതും ക്രമമായിക്കിടക്കുന്നതുമായ പരിസ്ഥിതി സമാധാനപൂര്‍ണ്ണവുമായ സമൂഹത്തിന്‍റെ പ്രതീകമാണ്.  എന്നാല്‍, നാട്ടിലെ മലീമസമാക്കപ്പെട്ട ഒരു നദി ചൂണ്ടിക്കാണിക്കുന്നത് കെട്ടുപിണഞ്ഞു കിടക്കുന്ന അവിടത്തെ പ്രതിസന്ധികളുടെ സാമൂഹിക ചുറ്റുപാടുകളാണ്.

ദുര്‍ഗന്ധം വമിക്കുകയും വിഷവാഹിനിയായി ഒഴുകുകയുംചെയ്യുന്ന നദി ആഗോള പരിസ്ഥിതി പ്രതിസന്ധിയുടെ ഒരു സൂക്ഷ്മാംശം മാത്രമാണ്. എന്നാല്‍ അതു വിളിച്ചുപറയുന്നത് അന്തരീക്ഷ മലിനീകരണമെന്ന ഇന്നിന്‍റെ വലിയ നിഷേധാത്മകമായ പ്രതിഭാസമാണ്. ഇന്നിന്‍റെ നിരുത്തരവാദിത്തപരവും അധാര്‍മ്മികവുമായ സമൂഹികാന്തരീക്ഷത്തിന്‍റെയും ജീവിതചൂറ്റുപാടികളുടെയും വെല്ലുവിളിയുമാണത്.

ഒരുകാലത്ത് നല്ല ജലസ്രോതസ്സായിരുന്ന നദി, മാലിന്യംപേറി ഇന്ന് ഒഴുകുമ്പോഴും ആരുടെയും മനസ്സാക്ഷിയെ മഥിക്കാത്തവിധത്തില്‍ നിസംഗതയോടെ ഇനിയും ഇരുകരയിലും മനുഷ്യര്‍ സാമൂഹികജീര്‍ണ്ണതയുടെ ഭാഗംപോലെ ഒലിച്ചൊഴുകുന്ന നദിക്കൊപ്പം ജീവിതം തള്ളിനീക്കുന്നത് ഖേദകരമാണ്! പാത്രിയര്‍ക്കിസ് ബര്‍ത്തലോമ്യോ അഭിമുഖം ഉപസംഹരിച്ചുകൊണ്ടു പ്രസ്താവിച്ചു. 








All the contents on this site are copyrighted ©.