2017-06-07 12:46:00

ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ ധൈര്യമുള്ളവരാകുക -പാപ്പാ


വത്തിക്കാനില്‍ ഫ്രാന്‍സീസ് പാപ്പാ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയില്‍ സംബന്ധിക്കുന്നതിന് വിവിധ രാജ്യക്കാരായിരുന്ന തീര്‍ത്ഥാടകരും സന്ദര്‍ശകരുമുള്‍പ്പടെ പതിനായിരങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയുടെ അങ്കണത്തില്‍ സന്നിഹിതരായിരുന്നു ഈ ബുധനാഴ്ച (07/06/17). പൊതുദര്‍ശനപരിപാടിയുടെ വേദിയായിരുന്ന ചത്വരത്തിലേക്ക് വെളുത്ത തുറന്ന വാഹനത്തില്‍ പാപ്പാ ആഗതനായപ്പോള്‍ ജനസഞ്ചയത്തിന്‍റെ കരഘോഷവും ആനന്ദാരവങ്ങളും ചത്വരത്തില്‍ അലയടിക്കുന്നുണ്ടായിരുന്നു.വാഹനത്തില്‍ ജനങ്ങള്‍ക്കിടയിലൂടെ നീങ്ങിയ പാപ്പാ എല്ലാവരേയും അഭിവാദ്യം ചെയ്യുകയും, പതിവുപോലെ, അംഗരക്ഷകര്‍ തന്‍റെ  പക്കലേക്കു ഇടയ്ക്കിടെ കൊണ്ടുവന്നുകൊണ്ടിരുന്ന  കുഞ്ഞുങ്ങളെ വണ്ടി നിറുത്തി തലോടുകയും ആശീര്‍വ്വദിക്കുകയും ചുംബിക്കുകയും ചെയ്തു. പ്രസംഗവേദിയിലേക്കു നയിക്കുന്ന പടവുകള്‍ക്കടുത്തു വാഹനം നിന്നപ്പോള്‍ പാപ്പാ അതില്‍ നിന്നിറങ്ങി സാവധാനം നടന്ന് വേദിയിലെത്തുകയും റോമിലെ സമയം രാവിലെ 9.45 ഓടെ, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 1.15 ന് ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശനപരിപാടിക്ക് തുടക്കം കുറിക്കുകയും ചെയ്തു.

തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണമായിരുന്നു

അവന്‍ ഒരിടത്തു പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്‍റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുക. 2അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ത്ഥിക്കുവിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ 3അന്നന്നുവേണ്ടുന്ന ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ. 4 ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോട് ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ”. (ലൂക്കാ 11,1-4)   

ഈ വിശുദ്ധഗ്രന്ഥഭാഗം വായിക്കപ്പെട്ടതിനു ശേഷം പാപ്പാ, താന്‍ ക്രിസ്തീയ പ്രത്യാശയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാവേളയില്‍ നടത്തിപ്പോരുന്ന പ്രബോധന പരമ്പര തുടര്‍ന്നു. “ദൈവത്തിന്‍റെ പൈതൃകഭാവം നമ്മുടെ പ്രത്യാശയുടെ ഉറവിടം” ആണെന്ന് പാപ്പാ വിശദീകരിച്ചു തന്‍റെ പ്രഭാഷണത്തില്‍

പ്രഭാഷണസംഗ്രഹം:

യേശുവിന്‍റെ പ്രാര്‍ത്ഥനയില്‍ മനംകവരുന്ന എന്തോ ഉണ്ടായിരുന്നു. ആ വശീകരണശക്തി അത്രമാത്രമായതിനാലാണ് ഒരു ദിവസം യേശുവിന്‍റെ ശിഷ്യന്മാര്‍ അത് തങ്ങളെ പഠിപ്പിക്കണമെന്ന് അവിടത്തോടു ആവശ്യപ്പെടുന്നത്. ആ സംഭവം  ലൂക്കായുടെ സുവിശേഷത്തിലാണ് നാം കാണുക. സുവിശേഷകന്മാരില്‍ ലൂക്കായാണ് പ്രാര്‍ത്ഥിക്കുന്ന ക്രിസ്തുവിന്‍റെ രഹസ്യം കൂടുതലായി രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ത്താവ് പ്രാര്‍ത്ഥിക്കുമായിരുന്നു. യേശു, പ്രത്യേകിച്ച്, രാവിലെയും വൈകുന്നേരവും ഏകാന്തതയില്‍ പ്രാര്‍ത്ഥനയില്‍ ആമഗ്നനാകുന്നത് ശിഷ്യന്മാരെ സവിശേഷമാംവിധം സ്പര്‍ശിച്ചു. അതുകൊണ്ടാണ് ആ പ്രാര്‍ത്ഥന തങ്ങളെയും പഠിപ്പിക്കണമെന്ന് അവര്‍ ഒരു ദിവസം യേശുവിനോട് ആവശ്യപ്പെടുന്നത്.

അങ്ങനെ യേശു, ക്രൈസ്തവപ്രാര്‍ത്ഥനകളില്‍ അതിശ്രേഷ്ഠമായിത്തീര്‍ന്ന   പ്രാര്‍ത്ഥന അവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നു. വാസ്തവത്തില്‍ ലൂക്കാ, മത്തായിയെ അപേക്ഷിച്ച്, അല്പം ചുരുക്കിയാണ് ആ പ്രാര്‍ത്ഥന നമ്മിലെത്തിക്കുന്നത്. “പിതാവേ” എന്ന ലളിതമായ സംബോധനയോടെയാണ് അതാരംഭിക്കുന്നത്.

ക്രിസ്തീയ പ്രാര്‍ത്ഥനയുടെ രഹസ്യം മുഴുവന്‍ ഈ വാക്കില്‍ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു, അതായത് ദൈവത്തെ പിതാവേ എന്നു വിളിക്കാന്‍ ധൈര്യമുള്ളവരാകുകയെന്നതാണ് ആ രഹസ്യം. കര്‍തൃപ്രാര്‍ത്ഥനചൊല്ലാന്‍ ആരാധനാക്രമം സമൂഹത്തെ ക്ഷണിക്കുന്നവേളയിലും ഈ ധൈര്യത്തെക്കുറിച്ചു സൂചനയുണ്ട്, ഈ പ്രാര്‍ത്ഥന “നിര്‍ഭയം” ചൊല്ലാം എന്നാണ് ആരാധനാക്രമം ക്ഷണിക്കുന്നത്..

വാസ്തവത്തില്‍ ദൈവത്തെ പിതാവേ എന്ന് വെറുതെ വിളിക്കുന്നതല്ല. പിതാവേ എന്ന് അവിടെത്തെ സംബോധന ചെയ്യുമ്പോള്‍ നാം അവിടന്നുമായി ഉറ്റബന്ധത്തിലാവുകയാണ്. അത് ഒരു കുഞ്ഞ് താന്‍ സ്വന്തം പിതാവിനാല്‍ സ്നേഹിക്കപ്പെടുകയും പരിപാലിക്കപ്പെടുകയും ചെയ്യന്നു എന്ന ധാരണയോടെ ആ പിതാവിന്‍റെ പക്കലണയുന്നതു പോലെയാണ്. മനുഷ്യന്‍റെ മതാത്മക മനശാസ്ത്രത്തില്‍ ക്രിസ്തുമതം ഉളവാക്കിയ മഹാവിപ്ലവമാണിത്. ദൈവത്തിന്‍റെ രഹസ്യം എന്നും നമ്മെ മോഹിപ്പിക്കുകയും നാം കുഞ്ഞുങ്ങളാണെന്ന തോന്നല്‍ ഉളവാക്കുകയും ചെയ്യുന്നു. ആകയാല്‍ ഇനി ഭയപ്പെടേണ്ടതില്ല. മനുഷ്യന്‍റെ  ഹൃദയത്തിന് ഉള്‍ക്കൊള്ളാന്‍ പ്രയാസമേറിയ ഒരു വിപ്ലവമാണിത്.

ധൂര്‍ത്തനായ പുത്രനോടു പൊറുത്തുകൊണ്ടു അവനെ സ്വീകരിക്കുന്ന കാരുണ്യവാനായ പിതാവിനെ അവതരിപ്പിക്കുന്ന ഉപമയില്‍ യേശു നമ്മോ‌ടു പറയുന്നത്  പിതാവിന്‍റെ  നിരുപാധിക സ്നേഹത്തെക്കുറിച്ചാണ്.

സ്വന്തം മക്കളുടെ കാര്യത്തില്‍ ഇത്തരമൊരു സ്നേഹമാണ് ദൈവത്തിനുള്ളത് എന്നത് എത്രമാത്രം അത്യഗാധമായ രഹസ്യമാണ്!

ഒരുപക്ഷേ ഇതുകൊണ്ടായിരിക്കണം പൗലോസപ്പസ്തോലന്‍ ഗ്രീക്കിലേക്കു വിവര്‍ത്തനം ചെയ്യാതെ “ആബ” എന്ന അറമായ പദം തന്നെ ഉപയോഗിച്ചിരിക്കുന്നത്. റോമാക്കാര്‍ക്കുള്ള ലേഖനം എട്ടാം അദ്ധ്യായം പതിനഞ്ചാം വാക്യത്തിലും ഗലാത്തിയക്കാര്‍ക്കുള്ള ലേഖനം നാലാം അദ്ധ്യായം ആറാം വാക്യത്തിലും ഈ പദം യേശു ഉച്ചരിച്ച പോലെ തന്നെ ഉപയോഗിച്ചിരിക്കുന്നു. പിതാവ് എന്നതിനേക്കാള്‍ കൂടുതലായ ഒരടുപ്പം ആബാ എന്ന വാക്കിനുണ്ട്.

പ്രിയ സഹോദരീ സഹോദരന്മാരേ, നാം ഒരിക്കലും ഒറ്റയ്ക്കല്ല. നാം അകലെയായിരിക്കാം, ശത്രുതപുലര്‍ത്തുന്നവായിരിക്കാം, ദൈവം ഇല്ല എന്നു പറയുന്നവരായിരിക്കാം. എന്നാല്‍ യേശുക്രിസ്തുവിന്‍റെ സുവിശേഷം നമുക്കു വെളിപ്പെടുത്തിത്തരുന്നത് ഇതാണ്, അതായത്, ദൈവത്തിന് നമ്മെക്കൂടാതെയിരിക്കാനാകില്ല. മനുഷ്യനെ കുടാതെ ദൈവത്തിന് ദൈവമായിരിക്കാനാകില്ല എന്ന്. ഇത് ഒരു മഹാരഹസ്യം തന്നെയാണ്. പിതാവ് നമ്മെ എന്നും സ്നേഹത്തോടെ നോക്കുന്നു, അവിടന്ന് നമ്മെ ഒരിക്കലും കൈവിടില്ല എന്നത് തീര്‍ച്ചയാണ്.

ഞാനിപ്പോള്‍ നിങ്ങള്‍ക്കുമുന്നില്‍ ഒരു നിര്‍ദ്ദേശം വയ്ക്കുകയാണ്: നമുക്കെല്ലാവര്‍ക്കും നിരവധി പ്രശ്നങ്ങളുണ്ട്, അനേകം ആവശ്യങ്ങളുണ്ട്.  ഈ പ്രശ്നങ്ങളെക്കുറിച്ച്, ഈ ആവശ്യങ്ങളെക്കുറിച്ച് നിശബ്ദമായിരുന്നു അല്പമൊന്ന് ചിന്തിക്കാം. നമുക്ക് പിതാവിനെ, നമ്മെ കൂടാതെ പിതാവായിരിക്കാനാകാത്തവനും നമ്മെ ഇപ്പോള്‍ നോക്കുന്നവനുമായ പിതാവിനെക്കുറിച്ച് നമുക്കു ചിന്തിക്കാം. നമുക്കൊരുമിച്ച് വിശ്വാസത്തോടും പ്രത്യാശയോടും കൂടെ സ്വര്‍ഗ്ഗസ്ഥാനായ ഞങ്ങളുടെ പിതാവേ എന്ന പ്രാര്‍ത്ഥന ചൊല്ലാം.....

ഈ പ്രാര്‍ത്ഥന എല്ലാവരും ചൊല്ലിയതിനെ തുടര്‍ന്ന് പാപ്പായുടെ  പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ ഭാഷയില്‍ സംബോധനചെയ്യുകയും ചെയ്തു. ഇറ്റലിയിലെ മച്ചെറാത്ത-ലൊറേത്തൊ പ്രദേശത്തുനിന്ന് അവിടത്തെ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് നസ്സറേനൊ മര്‍ക്കോണിയുടെ നേതൃത്വത്തില്‍ “ സമാധാനദീപശിഖയുമേന്തി”  എത്തിയിരുന്ന യുവതീര്‍ത്ഥാടകരെയും ഇറ്റലിയിലെ തന്നെ പവിയ എന്ന സഥലത്തെ ഒരാശുപത്രിയില്‍ നിന്നു എത്തിയിരുന്ന അര്‍ബുദരോഗബാധിതരായ കുട്ടികളെയും പാപ്പാ പ്രത്യേകം അഭിവാദ്യം ചെയ്തു.

പതിവുപോലെ, പൊതുകൂടിക്കാഴ്ചാപരിപാടിയുടെ അവസാനം, യുവജനത്തെയും രോഗികളെയും നവദമ്പതികളെയും സംബോധന ചെയ്ത പാപ്പാ, ജൂണ്‍മാസം തിരുഹൃദയത്തിന് പ്രത്യേകം പ്രതിഷ്ഠിതമാണെന്നനുസ്മരിക്കുകയും  തിരുഹൃദയത്തിന്‍റെ വിദ്യാലയത്തില്‍ പരസേവനത്തില്‍ വളരുന്നതിന് പഠിക്കാന്‍ യുവതയെ ക്ഷണിക്കുകയും ചെയ്തു. സഹനത്തില്‍ തിരുഹൃദയത്തോടൈക്യപ്പെടാന്‍ രോഗികള്‍ക്കും നിരുപാധികസ്നേഹം അഭ്യസിക്കുന്നതിന് തിരുഹൃദയത്തെ നോക്കാന്‍ നവദമ്പതികള്‍ക്കും പാപ്പാ പ്രചോദനം പകര്‍ന്നു.

തുടര്‍ന്ന് ലത്തീന്‍ ഭാഷയില്‍ ആലപിക്കപ്പെട്ട കര്‍ത്തൃപ്രാര്‍ത്ഥനയ്ക്കു ശേഷം പാപ്പാ എല്ലാവര്‍ക്കും തന്‍റെ അപ്പസ്തോലിക ആശീര്‍വ്വാദം നല്കി.








All the contents on this site are copyrighted ©.