2017-06-03 12:50:00

ഹൃദയങ്ങള്‍ തുറന്നിടുക, കരങ്ങള്‍ വിരിക്കുക


ലോകത്തെ രക്ഷിക്കുന്നതിന് തുറന്ന കരങ്ങള്‍, തുറവുള്ള ഹൃദയങ്ങള്‍ അനിവാര്യമെന്ന് മാര്‍പ്പാപ്പാ.

ഇറ്റലിയില്‍ “കവലിയേരി” അഥവാ, “മാടമ്പികള്‍” എന്നറിയപ്പെടുന്ന സംഘത്തില്‍പ്പെട്ട കുട്ടികളായ വദ്യാര്‍ത്ഥിവിദ്യര്‍ത്ഥിനികളുടെ 6000 ത്തോളം പേരടങ്ങിയ സംഘത്തെ വെള്ളിയാഴ്ച (02/06/17) വത്തിക്കാനില്‍ പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചപ്പോള്‍ അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്  മറുപടിപറയുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

അടഞ്ഞ കൈകള്‍, അടഞ്ഞ കരങ്ങള്‍ സ്വാര്‍ത്ഥതയെയാണ് കാണിക്കുന്നതെന്നും തുറന്ന കരങ്ങള്‍ പങ്കുവയ്ക്കലിനെയും സ്വാഗതംചെയ്യലിനെയും സൂചിപ്പിക്കുന്നുവെന്നും വിശശദീകരിച്ച പാപ്പാ ഹൃദയം തുറന്നിടുകയും, ഉള്ളവ പങ്കുവയ്ക്കുകയും അപരനെ സ്വീകരിക്കുകയും ശ്രവിക്കുകയും ചെയ്യുകവഴി ലോകത്തെ പരിവര്‍ത്തനംചെയ്യാന്‍ കഴിയുമെന്ന് ഉദ്ബോധിപ്പിച്ചു.

അസ്വസ്ഥതകള്‍ ഒന്നുമില്ലാതെ അനങ്ങാതിരിക്കുക, സുഖലോലുപതയില്‍ കഴിയുക എന്ന മനോഭാവത്തെക്കുറിച്ച് പാപ്പാ, ഒരു ബാലിക മാറ്റവും വളര്‍ച്ചയും ഉളവാക്കുന്ന ഭയത്തെക്കുറിച്ചുന്നയിച്ച ചോദ്യത്തിനു മറുപടിപറയവെ പരാമര്‍ശിച്ചു.

ചുവടുമുന്നോട്ടു വയ്ക്കുന്നതിനെക്കാള്‍ കസേരയില്‍ സുഖമായിരിക്കാനാണ് പലരും ആഗ്രഹിക്കുന്നതെന്നും, അത് അവര്‍ക്കുമുന്നില്‍ മതിലുകള്‍ തീര്‍ക്കുകയാണെന്നും അങ്ങനെ അവര്‍ക്ക് അപ്പുറമുള്ളത് കാണാന്‍ കഴിയാതെ വരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

നാം ചക്രവാളത്തിലേക്ക്, ജീവിതചക്രവാളത്തിലേക്കു നോക്കാന്‍ പഠിക്കണമെന്നും കൂടുതല്‍ കൂടുതല്‍ നോക്കുമ്പോള്‍ നമുക്ക് പുതിയ ആളുകളെയും പുതിയ അവസ്ഥകളെയും കാണാന്‍ കഴിയുകയും മുന്നേറാനും വളരാനും സാധിക്കുകയും ചെയ്യുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു. 








All the contents on this site are copyrighted ©.