2017-06-02 11:05:00

‘സഭൈക്യ’ കൂട്ടായ്മയാവണം കരിസ്മാറ്റിക് പ്രസ്ഥാനം : പാപ്പായുടെ അഭ്യര്‍ത്ഥന


ദൈവാത്മാവിലുള്ള നവീകരണ പ്രസ്ഥാനം സഭൈക്യത്തിനുള്ള വിലപ്പെട്ട ഉപകരണമാണ്.  പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

മെയ് 31-മുതല്‍ റോമാനഗരത്തിന്‍റെ വിവിധ സ്ഥാപനങ്ങളില്‍ സംഗമിച്ച് സുവര്‍ണ്ണജൂബിലി ആഘോഷിക്കുന്ന കരിസ്മാറ്റിക് നവീകരണപ്രസ്ഥാനത്തിലെ വിവിധ രാജ്യക്കാരായ അംഗങ്ങള്‍ക്ക് ജൂണ്‍ 1-Ɔ൦ തിയതി വ്യാഴാഴ്ച അയച്ച സന്ദേശത്തില്‍ പാപ്പാ ഫ്രാന്‍സിസ് സഭൈക്യത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞു.

അരൂപിയിലുള്ള കൂട്ടായ്മ വിവിധ ക്രൈസ്തവ സഭകളിലുള്ള സഹോദരങ്ങളെ ഉള്‍ക്കൊള്ളാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള മേഖലയായി വളരണമെന്ന് പാപ്പാ ആഹ്വാനംചെയ്തു. ശനിയാഴ്ച ജൂണ്‍ 3-Ɔ൦ തിയതി സായാഹ്നത്തില്‍ റോമിലെ വിസ്തൃതമായ ‘ചിര്‍ക്കോ മാസ്സിമോ’ മൈതാനിയില്‍ ചേരുന്ന പ്രസ്ഥാനത്തിന്‍റെ സംയുക്ത ജാഗരാനുഷ്ഠാനവും പ്രാര്‍ത്ഥനയും ജൂബിലവത്സരത്തിലെ മഹത്തായ സഭൈക്യ കൂട്ടായ്മയായിരിക്കുമെന്ന് പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു. രാജ്യാന്തര കത്തോലിക്കാ കരിസ്മാറ്റിക് നവീകരണ ശുശ്രൂഷയും (International Catholic Charismatic Renewal Services), കത്തോലിക്കാ കരിസ്മാറ്റിക്ക് കൂട്ടായ്മയും (Catholic Fraternity) ഒത്തൊരുമിച്ച് സംഘടിപ്പിക്കുന്ന ഈ ജൂബിലിയാചരണത്തില്‍ 130 രാജ്യങ്ങളില്‍നിന്നുമുള്ള കത്തോലിക്കാ പ്രതിനിധികള്‍ക്കൊപ്പം എവാഞ്ചെലിക്കല്‍, പെന്തക്കോസ്തല്‍ സഭാംഗങ്ങളും പങ്കെടുക്കുന്നുണ്ടെന്ന വസ്തുത സന്ദേശത്തില്‍ പാപ്പാ ചൂണ്ടിക്കാട്ടി.

അരൂപിയുടെ പ്രവര്‍ത്തനങ്ങള്‍ എപ്പോഴും വൈവിദ്ധ്യങ്ങളില്‍ ഐക്യം വളര്‍ത്തുന്നതാണ്. അതിനാല്‍ പ്രാര്‍ത്ഥനയില്‍ ഐക്യപ്പെട്ട് ലോകത്തുള്ള സഹോദരങ്ങളുടെ നന്മയ്ക്കായി, വിശിഷ്യ പാവങ്ങളുടെയും പാര്‍ശ്വത്ക്കരിക്കപ്പെട്ടവരുടെയും സമുദ്ധാരണത്തിനായി കൈകോര്‍ക്കാന്‍ ലോകത്തുള്ള കരിസ്മാറ്റിക്ക് കൂട്ടായ്മകള്‍ക്ക് സാധിക്കും. ഇതര ക്രൈസ്തവ സഭകളുമായി കൈകോര്‍ത്തു നീങ്ങാനുള്ള വലിയ സംവിധാനമായി നവീകരണപ്രസ്ഥാനത്തെ കാണുകയും അതിനെ ഉയര്‍ത്തുകയും വേണം. കര്‍ത്താവിന്‍റെ വിരുന്നമേശയിലെ കൂട്ടായ്മയായി  അതു വളരും. ക്രിസ്തു ഐക്യത്തിനായി പിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് യോഹന്നാന്‍റെ സുവിശേഷഭാഗത്ത് പാപ്പാ ചൂണ്ടിക്കാട്ടി (യോഹ. അദ്ധ്യായം 17).  റോമിലെ ആഗോള സംഗമത്തിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിയിട്ടുള്ള കരിസ്മാറ്റിക് കൂട്ടായ്മയിലെ അംഗങ്ങളെയും അവരുടെ നേതൃനിരയ്ക്കും പാപ്പാ സ്വാഗതം നേരുകയും നന്ദിപറയുകയും ചെയ്തു. എല്ലാവരെയും ശനിയാഴ്ച റോമിലെ ജാഗരാനുഷ്ഠാന വേദിയായ ചീര്‍ക്കൊ മാക്സിമോ മൈതാനിയില്‍ കാണാം എന്നു പറഞ്ഞുകൊണ്ടാണ് സന്ദേശം ഉപസരിച്ചത്.

കരിസ്മാറ്റിക്ക് പ്രസ്ഥാനത്തിന്‍റെ റോമിലെ സുവര്‍ണ്ണജൂബിലി പരിപാടികള്‍.

ബുധനാഴ്ച, മെയ് 31-Ɔ൦ തിയതി രാവിലെ  വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ പൊതുകൂടിക്കാഴ്ചാ വേദിയില്‍ ആരംഭിച്ചു. തുടര്‍ന്ന് ജൂണ്‍ 2, 3 വ്യാഴം, വെള്ളി ദിവസങ്ങള്‍ റോമിലെ ബസിലിക്കകളിലും, വലിയ ദേവാലയങ്ങളിലും കേന്ദ്രങ്ങളിലും പ്രഭാഷണങ്ങളും, പഠനശിബിരങ്ങളും ചര്‍ച്ചാവേദികളും സമൂഹബലിയര്‍പ്പണവുമായി പുരോഗമിച്ചു. കൂട്ടത്തില്‍ ചോദ്യോത്തരങ്ങളും ജീവിതസാക്ഷ്യംപറയലും, പങ്കുവയ്ക്കലും ഉണ്ടായിരുന്നു.

വെള്ളിയാഴ്ച  പ്രാദേശിക സമയം വൈകുന്നേരം 7 മണിക്ക് ചീര്‍ക്കൊ മാക്സിമോയിലെ പൊതുവേദിയില്‍ സമൂഹപ്രാര്‍ത്ഥന, സ്തുതിപ്പ്, സാക്ഷ്യങ്ങള്‍, ധ്യാനം, സമൂഹബലിയര്‍പ്പണം എന്നിവയായിരിക്കും. രാജ്യാന്തര നവീകരണ പ്രസ്ഥാനത്തിന്‍റെ തലവന്‍, മിഷേല്‍ മോറനും, കത്തോലിക്കാ കരിസ്മാറ്റി സാഹോദര്യകൂട്ടായ്മയുടെ പ്രസിഡന്‍റ്, ഗില്‍ബര്‍ട് ബര്‍ബോസയും സന്ദേശം നല്കും. പ്രാദേശിക സമയം രാത്രി 8.45-ന് ആഗോളകരിസ്മാറ്റിക് കൂട്ടായ്മക്കൊപ്പം കുടുംബങ്ങളുടെയും അല്‍മായരുടെയും കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തലവന്‍, കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെല്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്കുന്നതോടെ വെള്ളിയാഴ്ചത്തെ പരിപാടികള്‍ സമാപിക്കും.

ശനിയാഴ്ച, ജൂണ്‍ 3-Ɔ൦ തിയതി പ്രാദേശിക സമയം വൈകുന്നേരം 5 മണിക്ക് ചീര്‍ക്കൊ മാക്സിമോയില്‍ ആരംഭിക്കുന്ന ജാഗരാനുഷ്ഠാനം വത്തിക്കാന്‍റെ പ്രബോധകന്‍, ഫാദര്‍ റനിയോരോ കന്തലമേസാ, എവാഞ്ചെലിക്കല്‍ സഭയുടെ പ്രതിനിധി, റവ. ജോണ്‍ ത്രെത്തീനോ എന്നിവരുടെ പ്രഭാഷണത്തോടെ ആരംഭിക്കും. 6 മണിയോടെ പാപ്പാ ഫ്രാന്‍സിസ് വേദിയില്‍ എത്തിച്ചേര്‍ന്ന് സഭൈക്യകൂട്ടായ്മയില്‍ ദൈവാത്മാവിന്‍റെ അനുഗ്രഹവര്‍ഷത്തിനായി പ്രാര്‍ത്ഥിച്ച് സന്ദേശംനല്കും.

ഞായറാഴ്ച ജൂണ്‍ 4, പെന്തക്കോസ്ത മഹോത്സവത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ പ്രാദേശിക സമയം രാവിലെ 9 മണിക്ക് പാപ്പാ ഫ്രാന്‍സിസിന്‍റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന സമൂഹബലിയര്‍പ്പണത്തോടെയാണ് ആഗോള കരിസ്മാറ്റിക്ക് നവീകരണ പ്രസ്ഥാനത്തിന്‍റെ ജൂബിലിയാചരണം സമാപിക്കുന്നത്. ദിവ്യബലിമദ്ധ്യേ പാപ്പാ പെന്തക്കോസ്തയുടെ ചിന്തകള്‍ പങ്കുവയ്ക്കും.

 








All the contents on this site are copyrighted ©.