2017-06-02 17:06:00

കുടുംബങ്ങളിലെ സാഹോദര്യം സമൂഹിക സമാധാനത്തിന് അനിവാര്യം


യൂറോപ്പിലെ  കത്തോലിക്ക കുടുംബങ്ങളുടെ ഫെഡറേഷനെ (Federation of the Catholic Families of Europe)  പാപ്പാ ഫ്രാന്‍സിസ് അഭിസംബോധനചെയ്തു. 

ജൂണ്‍ 1-Ɔ൦ തിയതി വ്യാഴാഴ്ച രാവിലെ യുറോപ്പിലെ കുടുംബങ്ങളുടെ ഫെഡറേഷന്‍റെ  150-ഓളം പ്രതിനിധികളെ വത്തിക്കാനില്‍ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു.  അവര്‍ക്കു നല്കിയ സന്ദേശത്തിന്‍റെ പ്രസക്തഭാഗങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :

1.  സ്നേഹപ്പൂക്കള്‍ വിരിയിക്കുന്ന  കുടുംബങ്ങള്‍    സാഹോദര്യ സമര്‍പ്പണമുള്ള കുടുംബജീവിതം സമാധാനമുള്ള സമൂഹത്തിന് അടിസ്ഥാനമാകും.  കുടുംബം ഒരു കാഴ്ചബംഗ്ലാവല്ല, യഥാര്‍ത്ഥമായ സ്നേഹത്തിലും പരസ്പരബന്ധത്തിലും ഭാര്യ-ഭര്‍ത്താക്കന്മാര്‍ ഇടപഴകുകയും, കുട്ടികള്‍ക്ക് ജന്മംനല്കുകയും, അവരെ വളര്‍ത്തുകയുംചെയ്യുന്ന സമര്‍പ്പണത്തിന്‍റെ വിലപ്പെട്ട വേദിയും നിധിയുമാണ് കുടുംബം. മനുഷ്യത്വത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ജീവസമര്‍പ്പണത്തില്‍ കുടുംബങ്ങള്‍ സമൂഹത്തിന്‍റെ പുളിമാവായി മാറുന്നു.  നല്ല കുടുംബങ്ങള്‍ സമൂഹത്തില്‍ നന്മ വളര്‍ത്തുന്നു.

കുടുംബങ്ങള്‍ തന്നെയാണ് ഇന്നും സമൂഹത്തിന്‍റെ അടിസ്ഥാന ഘടകം. സമൂഹത്തിന്‍റെ സമ്മാനമാകുന്ന കുടുംബബന്ധങ്ങളില്‍ വ്യക്തികളുടെ പരസ്പരസ്നേഹവും സന്തോഷവും  പൂവണിയുമ്പോഴാണ് സമൂഹത്തില്‍ സമാധാനം യാഥാര്‍ത്ഥ്യമാകുന്നത്.  നമ്മുടെ സര്‍വ്വമാന പ്രവൃത്തികളും അടിസ്ഥാനപരമായും കുടുംബങ്ങളെ കേന്ദ്രീകരിച്ചും ലക്ഷ്യംവച്ചുമുള്ളതാണ്. അതിനു കാരണം കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാന രൂപമാണ്. സഭയിലും സമൂഹത്തിലുമുള്ള ചെറുതും വലുതുമായ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ചാല്‍ താരതമ്യപ്പെടുത്താനാവാത്ത ആവശ്യങ്ങളാണ് അവയെന്നു തോന്നിയേക്കാം. എങ്കിലും, അവയെല്ലാം പരമമായി നന്മയുള്ള കുടുംബങ്ങളെ കേന്ദ്രീകരിച്ചുള്ളവയാണ്. മനുഷ്യരുടെ പരസ്പര സ്നേഹവും സന്തോഷവും യാഥാര്‍ത്ഥത്തില്‍ ഫലവത്താകുന്നത്, ‘സ്നേഹത്തിന്‍റെ ആനന്ദം’ (Amoris Laetitia) എന്ന പ്രബോധനത്തില്‍ പറയുന്നതുപോലെ കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ്. അതിനാല്‍ സാമൂഹ്യശൃംഖലയില്‍ നന്മകേന്ദ്രീകൃതമായ എല്ലാ കൂട്ടുകെട്ടുകളും പ്രവര്‍ത്തനങ്ങളും കുടുംബങ്ങളെ മാനിച്ചുകൊണ്ടുള്ളതാവണം. സമഗ്രവും എന്നും തുടരേണ്ടതുമായ ജനതകളുടെ പുരോഗതി സാക്ഷാത്ക്കരിക്കപ്പെടണമെങ്കില്‍ അത് കുടുംബങ്ങളില്‍ ശ്രദ്ധപതിച്ചുള്ളവയായിരിക്കണം. അതുകൊണ്ട് പൊതുനന്മയ്ക്കും ലോകസമാധാനത്തിനും കുടുംബങ്ങളുടെ ഐക്യത്തിനും സാഹോദര്യ ബന്ധത്തിനും എത്രത്തോളും പ്രസക്തിയുണ്ടെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുകയാണു താനെന്ന് പാപ്പാ പ്രസ്താവിച്ചു.

2.  കൂടുമ്പോള്‍ ഇമ്പമുള്ളിടം...     കുടുംബങ്ങളില്‍ കൂട്ടായ്മയുണ്ടെങ്കില്‍ വ്യക്തിബന്ധങ്ങളുടെ ഉദാത്തമായ മാതൃകകള്‍ കുടുംബങ്ങളില്‍ തെളിഞ്ഞുനിലക്കും. അതു കൂടുമ്പോള്‍ ഇമ്പമുള്ളിടമായി മാറും. ഭാര്യ ഭര്‍ത്താക്കന്മാരും, മാതാപിതാക്കളും കുഞ്ഞുങ്ങളും, സഹോദരങ്ങളും കുടുംബത്തില്‍ രൂപപ്പെടുത്തുന്ന ക്രിയാത്മകമായ പരസ്പര ബന്ധത്തിലൂടെയാണ് സമൂഹത്തില്‍ വ്യക്തിബന്ധങ്ങള്‍ സന്തോഷകരവും സമാധാനപൂര്‍ണ്ണവുമാകുന്നത്. അതിനാല്‍ യഥാര്‍ത്ഥമായ മാനവികതയ്ക്കും ക്രിസ്തീയതയ്ക്കും ആധാരം കുടുംബങ്ങള്‍ തന്നെയാണ്. തലമുറകള്‍ തമ്മിലുള്ള ഐക്യം, ഐക്യദാര്‍ഢ്യം, പരസ്പരധാരണ എന്നിവ സമൂഹത്തിന് പൂര്‍വ്വോപരി ഇന്ന് ആവശ്യമായി വരികയാണ്. എവിടെയും സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവുമായ ബന്ധങ്ങളെ സമ്പന്നമാക്കേണ്ടതും കുടുംബമാകുന്ന വലിയ ‘മൂലധനം’ ഉപയോഗിച്ചാണ്. അനിശ്ചിതമായ ചിന്താധാരകളിലല്ല നാം കുടുംബബന്ധങ്ങളെ വളര്‍ത്തേണ്ടത്, മറിച്ച് സുനിശ്ചിതമായ അടിസ്ഥാന മനുഷ്യാന്തസ്സിനെ ആധാരമാക്കിയാണ്. കാരണം മനുഷ്യന്‍ വലിയവനോ ചെറിയവനോ, ആരായാലും ഒരു അടിസ്ഥാന അന്തസ്സുണ്ട്. നാം അന്തസ്സുള്ള ജനതയാണ്.

3.  കൂട്ടിയ്മയിലൂടെ പ്രതിസന്ധികളെ മറികടക്കാം      കുടുംബങ്ങളില്‍ പ്രതിസന്ധികള്‍ ഉയര്‍ന്നുവരുന്ന കാലമാണിത്. പ്രത്യാശയോടും വിശ്വാസത്തോടുംകൂടെ കഠിനാദ്ധ്വാനംചെയ്യാനുള്ള പ്രചോദനമാകട്ടെ ഈ പ്രതിസന്ധികള്‍. കുടുംബങ്ങള്‍ക്ക് അനുകൂലമാകുന്ന വിധത്തില്‍ യുവജനങ്ങള്‍ക്കുള്ള തൊഴില്‍ സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുവാനും, അവരുടെ മാനസികവും ശാരീരികവുമായ അന്തസ്സ് വളര്‍ത്തിയെടുക്കുവാനുമുള്ള വഴികള്‍ ആരായേണ്ടതാണ്. പൊള്ള വാക്കുകളല്ല, സംവാദവും സാക്ഷ്യവും, ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കലുമാണ് കുടുംബങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. അങ്ങനെ സല്‍പ്രവൃത്തികളിലൂടെ കുടുംബങ്ങള്‍ നന്മയുടെ പ്രയോക്താക്കളാകേണ്ടതാണ് (JPII, Familiaris Consortio, 44). കുടിയേറ്റം, ആഗോളവത്ക്കരണം, ജനസംഖ്യാപ്പെരുപ്പം, തൊഴിലില്ലായ്മ, വിദ്യാഭ്യാസം, ദാരിദ്ര്യം എന്നിങ്ങനെ കുടുംബങ്ങള്‍ ഇന്ന് നേരിടുന്ന പ്രതിസന്ധികള്‍ വിവിധങ്ങളാണ്. കുടുംബങ്ങളും, കുടുംബങ്ങളില്‍ ഉള്ളവരും പരസ്പരം സഹായിക്കുന്ന കൂട്ടായ്മയുടെ സംസ്ക്കാരിത്തിലേ നമുക്ക് പ്രതിസന്ധികളെ നേരിടാനാകൂ! ക്രൈസ്തവരുടെ തനിമയും അനന്യതയും മറന്നുപോകാതെ, സുവിശേഷാധിഷ്ഠിതമായ സംവാദത്തിന്‍റെയും കൂട്ടായ്മയുടെയും ശൈലിയില്‍ പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണാന്‍ പരിശ്രമിക്കാം. ക്ഷണികങ്ങളോ താല്ക്കാലികങ്ങളുമായ പ്രതിവിധികള്‍ക്കും അപ്പുറം ഭാവികേന്ദ്രീകൃതമായ ജീവതശൈലി നാം വളര്‍ത്തിയെടുക്കേണ്ടിയിരിക്കുന്നു.  

കൂട്ടായ്മ വളര്‍ത്തണമെങ്കില്‍ ഒറ്റപ്പെട്ട ദ്വീപുകളായി കുടുംബങ്ങള്‍ക്ക് കഴിയാനാവില്ല. അയല്‍പ്പക്കങ്ങളിലേയ്ക്കും, സഹോദരങ്ങളിലേയ്ക്കും, വിശിഷ്യ ആവശ്യത്തിലായിരിക്കുന്നവരുടെ പക്കലേയ്ക്കും ഇറങ്ങിച്ചെന്ന് സ്നേഹത്തിലൂടെയും സംവാദത്തിലൂടെയും കൂട്ടായ്മ വളര്‍ത്തിയെടുക്കാം. പൊതുനന്മയും വികസനവും സമൂഹത്തില്‍ യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കൂട്ടായ്മ അനിവാര്യമാണ്.

4.  മാതൃകയാക്കാവുന്ന പൂര്‍വ്വീകര്‍     പൂര്‍വ്വീകരില്‍നിന്നും പ്രായമായവരില്‍നിന്നും ഒത്തിരി നന്മകള്‍ കുടുംബങ്ങള്‍ തീര്‍ച്ചായും സ്വീകരിച്ചിട്ടുണ്ട്. അവരില്‍നിന്നും ധാരാളം നന്മകള്‍ കിട്ടിയിട്ടുണ്ട്. അവരിലെ നന്മ നാം ആസ്വദിച്ചിട്ടുണ്ട്. അവരുടെ ജീവിതമാതൃക വരുംതലമുറയ്ക്ക് ഓര്‍മ്മയും പ്രചോദനവുമാകണം. പൂര്‍വ്വികരുടെ അറിവ് സാങ്കേതികമായിരിക്കണമെന്നില്ല, എന്നാല്‍ അത് ജീവിതവിശുദ്ധിയുള്ളതും ശ്രേഷ്ഠവുമായിരിക്കും. കൂട്ടായ്മയുടെയും പങ്കുവയ്ക്കലിന്‍റെയും വിശാലഹൃദയത്തിന്‍റെയും സമ്പന്നമായ മാതൃക അവര്‍ നല്‍കുന്നുണ്ട്. പാവങ്ങളോടും പരിത്യക്തരോടുമുള്ള അനുകമ്പ, ജീവനോടുള്ള ആദരവ് എന്നിവ പഴയതലമുറയില്‍നിന്നും സ്വീകരിക്കേണ്ടതാണ്.

5.  കൈകോര്‍ത്തു നീങ്ങാം!      നമ്മുടെ മുന്നിലെ ലക്ഷ്യം എളുപ്പമല്ല, സങ്കീര്‍ണ്ണമാണ്. അതിനാല്‍ മറ്റു കുടുംബങ്ങളുടെ പിന്‍തുണയും സഹായവും സ്വീകരിക്കാന്‍ നാം തയ്യാറാവണം. ന്യായമായ വ്യത്യസങ്ങളും കുറവുകളും പരസ്പരം അംഗീകരിച്ചുകൊണ്ട് ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ നമുക്ക് വിജയിക്കാം. മാത്രമല്ല, അപ്പോള്‍ ലക്ഷ്യപ്രാപ്തി അത്ര ശ്രമകരമല്ലാതായി മാറുകയുംചെയ്യും.  








All the contents on this site are copyrighted ©.