2017-06-01 18:41:00

കര്‍ദ്ദിനാള്‍ ഹുസാറിന്‍റെ നിര്യാണത്തില്‍ പാപ്പാ ഫ്രാന്‍സിസിന്‍റെ അനുശോചനം


കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രെയ്നിലെ ഗ്രീക്ക് പൗരസ്ത്യ കത്തോലിക്ക സഭാദ്ധ്യക്ഷനായിരുന്നു കര്‍ദ്ദിനാള്‍ ഹുസാര്‍.

ഉക്രെയിനിലെ കീവി-കാലിക് ഗ്രീക്ക് കത്തോലിക്ക സഭാപ്രവിശ്യയുടെ മുന്‍മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ ഹുസാര്‍ മെയ് 31-Ɔ൦ തിയതി ബുധനാഴ്ച 84-Ɔമത്തെ വയസ്സില്‍ അന്തരിച്ചു.

ഉക്രെയിലെ ഗ്രീക്ക് പൗരസ്ത്യ കത്തോലിക്കാ സഭാനവീകരണത്തിന്‍റെ പ്രയോക്താവും ചിതറിക്കിടന്ന വിശ്വാസസമൂഹത്തെ കൂട്ടിയിണക്കിയ നല്ലിടയനുമായിരുന്നു അന്തരിച്ച കര്‍ദ്ദിനാള്‍ ഹുസാറെന്ന് ജൂണ്‍ ഒന്നാം തിയതി, വ്യാഴാഴ്ച വത്തിക്കാനില്‍നിന്നും അയച്ച കത്തില്‍ പാപ്പാ ഫ്രാന്‍സിസ് വിശേഷിപ്പിച്ചു. ഗ്രീക്കു കത്തോലിക്കാ സഭാ വിഭാഗത്തിന്‍റെ പരമാദ്ധ്യക്ഷനായിരുന്നു. ന്യൂനപക്ഷമാണെങ്കിലും ആഗോളസഭയില്‍ റോമിനോട് സമ്പൂര്‍ണ്ണ ഐക്യമുള്ളതും ഏറ്റവും അധികം അംഗങ്ങളുള്ളതുമായ പൗരസ്ത്യ സഭാവിഭാഗമാണിത്.

ഉക്രെയ്നിലെ ലെവീവില്‍ 1933-ല്‍ ജനിച്ചു. ചെറുപ്രായത്തിലെ കുടുംബം അമേരിക്കയിലേയ്ക്ക് കുടിയേറി. പ്രാഥമിക പഠനങ്ങള്‍ അവിടെയായിരുന്നു. തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങള്‍ വിശുദ്ധ ജൊസേഫാത്തിന്‍റെ വാഷിങ്ടണിലെ സെമിനാരിയില്‍ പൂര്‍ത്തിയാക്കി. 1958-ല്‍ ഉക്രെയിനിലെ സ്റ്റാംഫോര്‍ഡ് രൂപതയ്ക്കുവേണ്ടി പൗരോഹിത്യം സ്വീകരിച്ചു. 1972-വരെ അജപാലന ജോലികളില്‍ വ്യാപൃതനായശേഷം, റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റിയില്‍നിന്നും തത്വശാസ്ത്രം, സഭൈക്യം എന്നീ വിഷയങ്ങളില്‍ ഉന്നതബിരുദം കരസ്ഥമാക്കി. 1996-ല്‍ കിയേവ്-വിഷരോദ് എപ്പാര്‍ക്കിയുടെ മെത്രാനായി നിയമിതനായി. അതേവര്‍ഷം അവസാനത്തില്‍ ലിവീവിന്‍റെ സഹായമെത്രാനായും ഉക്രെയിനിലെ ഗ്രീക്ക് കത്തോലിക്കാ സഭാസിനഡ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.  

2000-Ɔമാണ്ടില്‍ ലിവീവിന്‍റെ മേജര്‍ ആര്‍ച്ചുബിഷപ്പായും സിനഡ് നടത്തിയ നിയമനം ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പാ അംഗീകരിച്ചു. അതേ വര്‍ഷം ഫെബ്രുവരിയില്‍ വിശുദ്ധനായ പാപ്പാ അദ്ദേഹത്തെ കര്‍ദ്ദിനാള്‍ പദവിയിലേയ്ക്കും ഉയര്‍ത്തി. 2004-ല്‍ കീവി-കാലിക് ഗ്രീക്ക് എപ്പാര്‍ക്കിയിലേയ്ക്ക് അദ്ദേഹത്തിന് സ്ഥാനമാറ്റം ലഭിച്ചു. 2011-ല്‍ പ്രായപരിധിയെത്തി വിരമിക്കുംവരെ ഉക്രെയിനിലെ ഗ്രീക്ക് കത്തോലിക്കാ സഭയുടെയും, ഇതര രാജ്യങ്ങളിലുള്ള വിശ്വാസസമൂഹങ്ങളുടെയും ആകമാന തലവനായിരുന്നു.  

കര്‍ദ്ദിനാള്‍ ഹുസാറിന്‍റെ മരണത്തോടെ ആഗോളസഭയിലെ കര്‍ദ്ദിനാളന്മാരുടെ എണ്ണം 221-ആയി കുറയുകയാണ്. അതില്‍ 116-പേര്‍ മാത്രമാണ് 80 വയസ്സിനുതാഴെ വോട്ടവകാശമുള്ളവര്‍. 








All the contents on this site are copyrighted ©.