2017-05-30 12:28:00

ഇടയന്‍ : പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടേണ്ടവന്‍


പരിശുദ്ധാരൂപി നയിക്കുന്നിടത്തേക്കു, വിളിക്കുന്നിടത്തേക്കു, പോകേണ്ടവനാണ് ഇടയനെന്ന് മാര്‍പ്പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

വത്തിക്കാനില്‍ താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ ചെവ്വാഴ്ച (30/05/17) രാവിലെ അര്‍പ്പിച്ച ദിവ്യപൂജാവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

എഫേസോസില്‍ താന്‍ സ്ഥാപിച്ച സഭയില്‍ ശുശ്രൂഷചെയ്തതിനു ശേഷം പൗലോസ് പരിശുദ്ധാത്മാവിനാല്‍ നിര്‍ബന്ധിതനായി ജെറുസേലമിലേക്കു പോകുന്നതിനു മുമ്പ് ശ്രേഷ്ഠന്മാരെ വിളിച്ചുകൂട്ടി ആ സഭയോടു വിടപറയുന്ന സംഭവം, അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ അദ്ധ്യായം 20,17-27 വരെയുള്ള വാക്യങ്ങള്‍, ആയിരുന്നു പാപ്പായുടെ വിചിന്തനത്തിനാധാരം.

ഒരു നല്ല ഇടയന്‍ സ്വതന്ത്രനും സന്ധിചെയ്യാതെയും അജഗണത്തെ സ്വന്തമാക്കിത്തീര്‍ക്കാതെയും സേവിച്ചവനും ആയിരിക്കുമെന്നും അവന് സഭയോടു ഉചിതമാംവിധം വിടപറയാനറിയാമെന്നും പാപ്പാ വിശദീകരിച്ചു.

അജഗണവുമായി അനുചിതബന്ധം, യേശുവിന്‍റെ കുരിശിനാല്‍ പവിത്രീകരിക്കപ്പെടാത്ത ബന്ധം പുലര്‍ത്തുന്ന ഇടയന് പരിശുദ്ധാരൂപിയുടെ നിസ്വനം ശ്രവിച്ച് ഒരിടത്തുനിന്നു മറ്റൊരിടത്തേക്കു ശരിയായരീതിയില്‍ നീങ്ങാന്‍ സാധിക്കില്ല എന്ന വസ്തുത പാപ്പാ ഊന്നിപ്പറഞ്ഞു.

ദൗത്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറാതെയും സന്ധിചെയ്യാതെയുമാണ് പൗലോസ് സഭയെ സേവിച്ചതെന്നും അതിന് ധൈര്യം ആവശ്യമായിരുന്നെന്നും പരിശുദ്ധാത്മാവിന്‍റെ  നിര്‍ബന്ധത്തിനു വിധേയനായി, ആ അരൂപിയോടുള്ള അനുസരണയില്‍, ജറുസലേമിലേക്കു പോകുന്ന ആ അപ്പസ്തോലന് ഭാവിഎന്തായിരിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു രൂപം ഇല്ലായിരുന്നുവെന്നും വിശദീകരിച്ച പാപ്പാ ഇടയന്‍റെ ജീവിതം ഒരു യാത്രയാണെന്ന് ഉദ്ബോധിപ്പിച്ചു.

ആകയാല്‍ ഇടവകവികാരിമുതല്‍ പാപ്പാവരെയുള്ള എല്ലാ ഇടയന്മാരുടെയും ജീവിതം ഒരു യാത്രയും വിട്ടുവിഴ്ചകള്‍ ഇല്ലാത്തതും അവര്‍ ജീവിത കേന്ദ്രമാകാതിരിക്കുന്നതും ആയിരിക്കുന്നതിനായി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

 








All the contents on this site are copyrighted ©.