2017-05-29 19:21:00

സ്വര്‍ഗ്ഗാരോഹണം : ഒരു ദൗത്യാടനത്തിന്‍റെ മഹോത്സവം


മെയ് 28-Ɔ൦ തിയതി ഞായറാഴ്ച. കര്‍ത്താവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിരുനാള്‍..! 

തിരുനാളിന്‍റെ ശ്രേഷ്ഠത വിളിച്ചോതുമാറ് റോമില്‍ തെളിഞ്ഞ നീലാകാശവും ഓടിയെത്തിയ ഇളംകാറ്റും അന്തരീക്ഷത്തെ ആനന്ദഭരിതമാക്കി. പാപ്പാ ഫ്രാന്‍സിസിന്‍റെ ത്രികാലപ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ആയരിങ്ങളാണ് വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ കാത്തുനിന്നത്. വിവിധ രാജ്യക്കാരും, ഇറ്റലിയുടെ പല ഭാഗങ്ങളില്‍നിന്നുള്ളവരും, സംഘടനകളും പ്രസ്ഥാനങ്ങളുമെല്ലാം പാപ്പായെ കാണാനും കേള്‍ക്കാനും ആശീര്‍വ്വാദം സ്വീകരിക്കാനും ആവേശത്തോടെ കാത്തുനിന്നു..... കൃത്യം 12 മണിക്ക് അപ്പസ്തോലിക അരമനയുടെ ജാലകത്തില്‍ പ്രത്യക്ഷപ്പെട്ട പാപ്പാ ഫ്രാന്‍സിസിനെ ജനങ്ങള്‍ ആനന്ദത്തോടെ വരവേറ്റു. കരങ്ങള്‍ ഉയര്‍ത്തി മന്ദസ്മിതത്തോടെ പാപ്പായും ജനങ്ങളെ അഭിവാദ്യംചെയ്തു.

1. വിടപറയുംമുന്‍പേ നല്കിയ ദൗത്യം    ക്രിസ്തു സ്വര്‍ഗ്ഗാരോഹിതനായത്തിന്‍റെ ഓര്‍മ്മ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലും ഉത്ഥാനാനന്തരം വരുന്ന 40-Ɔ൦നാള്‍ ആചരിക്കുന്നു. ഉത്ഥിതനായ ക്രിസ്തു ശിഷ്യരോട് എന്നേയ്ക്കുമായി യാത്രപറഞ്ഞു പിരിയുന്ന വികാരനിര്‍ഭരമായ രംഗമാണ് സുവിശേഷകന്‍ മത്തായി വരച്ചുകാട്ടുന്നത് (28, 16-20). സ്ഥലം ഗാലീലിയാണ്. അവിടെവച്ചാണല്ലോ ക്രിസ്തു ആദ്യ ശിഷ്യരെ വിളിച്ചതും ഒരു സമൂഹത്തിന് രൂപംനല്കിയതും. അവര്‍തന്നെയാണ് അവിടുത്തെ പീഡകളിലൂടെ കടന്നുപോയതും  ഉത്ഥാനാനുഭവത്തില്‍ പങ്കുചേര്‍ന്നതും. അവര്‍ ഗലീലിയില്‍വച്ച് ഉത്ഥിതനെ കണ്ട്, അവിടുത്തെ വണങ്ങിയെങ്കിലും ചിലര്‍ സംശായലുക്കളായിരുന്നു. അങ്ങനെ ഭയവിഹ്വലരായൊരു കൂട്ടത്തെയാണ് സുവിശേഷപ്രഘോഷണത്തിന്‍റെ വലിയ ദൗത്യം കടന്നുപോകും മുന്‍പ് ക്രിസ്തു ഭരമേല്പിച്ചത്. മാത്രമല്ല തന്‍റെ സുവിശേഷം സകലരെയും പഠിപ്പിക്കാനും, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍ ജനങ്ങളെ ജ്ഞാനസ്നാനപ്പെടുത്താനുമുള്ള ഉത്തരവാദിത്തം അവിടുന്ന് അവര്‍ക്കു നല്കുകയും ചെയ്തു. (വചനം 19).

2. സഭയുടെ സുവിശേഷദൗത്യം    പിതാവ് പുത്രനെ ഭരമേല്പിച്ച ദൗത്യം സ്വര്‍ഗ്ഗാരോഹണത്തോടെ അവസാനിക്കുമെങ്കിലും, സഭ അത് തുടരുകയാണ്. സ്വര്‍ഗ്ഗാരോഹണ നിമിഷംമുതല്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാര്‍ - അവിടുന്നില്‍ വിശ്വസിക്കുന്നവരും ‌‌‌‌‌‌‌അവിടുത്തെ സാക്ഷികളും ആ ദൗത്യം ഏറ്റെടുത്തു. “യുഗാന്ത്യംവരെ ഞാന്‍ നിങ്ങളുടെകൂടെയുണ്ട്…!” ക്രിസ്തു അവര്‍ക്കു നല്കിയ ഈ ഉറപ്പോടെ, അനുദിനം അവര്‍ക്കു ലഭിച്ച പരിശുദ്ധാത്മാവിന്‍റെ പിന്‍തുണയോടെ അവര്‍ സുവിശേഷദൗത്യം ഭൂമിയില്‍ തുടരുകയാണ്  (മത്തായി 28, 20).

3. സുവിശേഷജീവിതത്തിന്‍റെ അന്തസ്സ്    സുവിശേഷപ്രഘോഷണത്തിലും സഭയുടെ ദൗത്യനിര്‍വ്വഹണത്തിലും കര്‍ത്താവിന്‍റെ അരൂപിയുടെ സാന്നിദ്ധ്യം ക്രൈസ്തവര്‍ക്ക് പീഡനങ്ങളില്‍ സമാശ്വാസവും പ്രതിസന്ധികളില്‍ ശക്തിയും പകരുന്നു. അതിനാല്‍ ക്രിസ്തുവിന്‍റെ സാന്നിദ്ധ്യവും, പരിശുദ്ധാത്മാവിന്‍റെ ആത്മവിശ്വാസവും ക്രൈസ്തവസാക്ഷ്യത്തിന് സുരക്ഷയും തരുന്ന മഹോത്സവമാണ് സ്വര്‍ഗ്ഗാരോഹണമെന്ന് മനസ്സിലാക്കാം. സഭയുടെ അസ്ഥിത്വവും അതിന്‍റെ ജീവനും സുവിശേഷപ്രഘോഷണമാണെന്ന് ഈ തിരുനാള്‍ പഠിപ്പിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ചവര്‍ ക്രിസ്തുവില്‍ നവജീവന്‍ പ്രാപിച്ചവരാണ്. ഇതൊരു ദൈവികാന്തസ്സാണ്. അത് ലോകത്തില്‍ പങ്കുവയ്ക്കാന്‍ വിളിക്കപ്പെട്ടിരിക്കുന്നുവെന്നും സ്വര്‍ഗ്ഗാരോഹണം അനുസ്മരിപ്പിക്കുന്നു. ജ്ഞാനസ്നാനം സ്വീകരിച്ച സകലരുടെയും അന്തസ്സും ആദരവുമാണിത്.

4.  ദൈവാത്മാവില്‍ പ്രകാശിതമാകേണ്ട ജീവിതങ്ങള്‍    പിതാവിന്‍റെ വലതു ഭാഗത്തിരിക്കുന്ന ക്രിസ്തുവിന്‍റെ സന്നിധിയിലേയ്ക്ക് സകലരും ദൃഷ്ടിപതിക്കാനും സ്വര്‍ഗ്ഗാരോഹണം നമ്മെ ക്ഷണിക്കുന്നുണ്ട്. ജീവിതപരിസരങ്ങളില്‍ സുവിശേഷസാക്ഷികളാകാന്‍ ധൈര്യത്തോടും ചൈതന്യത്തോടുംകൂടെ മുന്നേറാന്‍ നമ്മുടെ ദൃഷ്ടികള്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉയര്‍ത്താം. എന്നാല്‍ ഓര്‍ക്കണം, ഇത് നമ്മുടെ സംഘടനാപാടവത്തിലോ കരുത്തിലോ കഴിവിലോ അല്ല ആശ്രയിച്ചിരിക്കുന്നത്. ക്രിസ്തുവിന്‍റെ സ്നേഹവും കാരുണ്യവും ലോകത്ത് ഫലവത്തായി അറിയിക്കാനും അനുഭവവേദ്യമാക്കാനും പരിശുദ്ധാത്മാവിന്‍റെ വെളിച്ചവും ശക്തിയും നമുക്ക് ആവശ്യമാണ്. കര്‍ത്താവു വാഗ്ദാനംചെയ്തിരിക്കുന്ന സ്വര്‍ഗ്ഗീയനന്മകള്‍ ധ്യാനിക്കാനും, അങ്ങനെ അവിടുത്തെ പുനരുത്ഥാനത്തിന്‍റെയും ജീവന്‍റെയും വിശ്വസ്ത സാക്ഷികളാകാനും കന്യകാനാഥയുടെ സഹായം യാചിക്കാം. ഇങ്ങനെയാണ് ത്രികാലപ്രാര്‍ത്ഥനാപ്രഭാഷണം പാപ്പാ ഉപസംഹരിച്ചത്.

5.  അനുസ്മരണങ്ങളും  അഭിവാദ്യങ്ങളും

വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍   ഈജിപ്തിലും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റിറിലും ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു നടന്ന ഭീകരാക്രമണങ്ങളെ പാപ്പാ വേദനയോടെ അനുസ്മരിച്ചു. കെയിറോയ്ക്ക് അടുത്ത് മിന്യാ ആശ്രമത്തിലേയ്ക്കു ബസ്സില്‍ യാത്രചെയ്തിരുന്ന കോപ്റ്റിക് ക്രൈസ്തവരില്‍ 29 പേരെ മെയ് 26-Ɔ൦ തിയതി വെള്ളിയാഴ്ച ഭീകരര്‍ വകവരുത്തിയതിലും,  ആവര്‍ത്തിക്കപ്പെടുന്ന നിര്‍ദ്ദോഷികളുടെ കൂട്ടക്കുരുതിയിലും മനംനൊന്ത് അവിടത്തെ കോപ്റ്റിക് പാത്രിയര്‍ക്കിസ് തവാദ്രോസ് ദ്വിതിയനെ പാപ്പാ ദുഃഖം അറിയിച്ചു. മെയ് 22-Ɔ൦ തിയതി തിങ്കളാഴ്ച മാഞ്ചസ്റ്ററിലെ സംഗീതനിശയില്‍ നിര്‍ദ്ദോഷികളായ കുട്ടികളെയും യുവാക്കളെയും ബോംബാക്രമണത്തില്‍ തകര്‍ത്തതും പാപ്പാ അനുസ്മരിച്ചു. രക്തസാക്ഷികളുടെ നിണം ഭീകരരുടെ മാനസാന്തരത്തിന് വഴിതെളിക്കട്ടെയെന്നു പാപ്പാ പ്രാര്‍ത്ഥിച്ചു.

ആഗോള മാധ്യമദിനം    മെയ് 28, ഞായര്‍! യൂറോപ്പില്‍ പൊതുവെ ആചരിക്കുന്ന മാധ്യമദിനത്തെക്കുറിച്ച് പാപ്പാ ഫ്രാന്‍സിസ് പരാമര്‍ശിച്ചു. ആധുനിക സമ്പര്‍ക്കമാധ്യമങ്ങള്‍ പ്രസരിപ്പിക്കുന്ന വാര്‍ത്തകള്‍ ക്രിയാത്മകവും, സത്യസന്ധവും, ജീവനെ പരിലാളിക്കുന്നതും മനുഷ്യര്‍ക്ക് ആത്മവിശ്വാസവും പ്രത്യാശയും പകരുന്നതാവട്ടെ! പാപ്പാ ആഹ്വാനംചെയ്തു.

മഹനീയം ഈ പ്രവൃത്തി!    അവയവ ദാനത്തിനും ജീവന്‍റെ പരിരക്ഷണത്തിനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസേവകരുടെ സാന്നിദ്ധ്യത്തെ അഭിനന്ദിച്ചുകൊണ്ട്, അവരുടെ സേവനം “മഹനീയവും പ്രശംസനാര്‍ഹവുമെന്ന്” പാപ്പാ പ്രസ്താവിച്ചു.

തീര്‍ത്ഥാടകര്‍ക്ക് അഭിവാദ്യങ്ങള്‍    അമേരിക്കിയിലെ കോളറാഡോ, ജര്‍മ്മനിയിലെ ബവേറിയ പോളണ്ടിലെ പിയെക്കാരെ... എന്നിവടങ്ങളില്‍ നിന്നെത്തിയ തീര്‍ത്ഥാടകരെ പാപ്പാ പ്രത്യേകം അഭിവാദ്യംചെയ്തു.   150-Ɔ൦ വാര്‍ഷികം ആചരിക്കുന്ന കമ്പോണി  മിഷണറിമാര്‍ക്കും, ഇറ്റാലയന്‍ പ്രവിശ്യകളില്‍ നിന്നെത്തിയ തീര്‍ത്ഥാടക സംഘങ്ങള്‍ക്കും പാപ്പാ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ജനോവയിലെ ജനങ്ങള്‍ക്ക് നന്ദി!     അവസാനമായി, മെയ് 27-Ɔ൦ തിയതി ശനിയാഴ്ച താന്‍ നടത്തിയ ജനോവ ഇടയസന്ദര്‍ശനം നന്ദിയോടെ അനുസ്മരിച്ചു. ജനോവയിലെ ജനങ്ങളെ ദൈവം കാത്തുപാലിക്കട്ടെ!, അവരുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയായ അഭയനാഥ സകലര്‍ക്കും കാവലാകട്ടെ!! പാപ്പാ പ്രാര്‍ത്ഥിച്ചു.   തുടര്‍ന്ന് എല്ലാവര്‍ക്കുമൊപ്പം പാപ്പാ ത്രികാലപ്രാര്‍ത്ഥനചൊല്ലി. പിന്നെ അപ്പോസ്തലിക ആശീര്‍വ്വാദം നല്കി. ഏവര്‍ക്കും നല്ലൊരു നാളിന്‍റെ ആശംസകള്‍ നേര്‍ന്നു! തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുതേ! ഇങ്ങനെ പ്രത്യേകം അനുസ്മരിപ്പിച്ചുകൊണ്ടും, കരങ്ങള്‍ ഉയര്‍ത്തി എല്ലാവരെയും സന്തോഷത്തോടെ അഭിവാദ്യംചെയ്തുകൊണ്ടുമാണ് ജാലകത്തില്‍നിന്നും പാപ്പാ പിന്‍വാങ്ങിയത്.

 








All the contents on this site are copyrighted ©.