2017-05-29 12:54:00

കോപ്റ്റിക്ക് സഭയോട് ക്രൈസ്തവസസഭയഖിലം ഐക്യദാര്‍ഢ്യത്തില്‍


ഈജിപ്തില്‍ ആക്രമണത്തിനിരയാക്കപ്പെടുന്ന കോപ്റ്റിക്ക് സഭയോടു ലോകത്തിലെ ക്രൈസ്തവസസഭയഖിലം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു.

ഈജിപ്തിന്‍റെ തലസ്ഥാനമായ കെയ്റൊയില്‍ നിന്ന് 250 കിലോമീറ്ററോളം അകലെയുള്ള മിന്യ പ്രവിശ്യയിലെ അന്‍ബ സാമുവല്‍ സന്ന്യാശ്രമത്തിലേക്കു ഒരു ബസില്‍ പോകുകയായിരുന്ന കോപ്റ്റിക് ക്രൈസ്തവസംഘത്തിനു നേര്‍ക്ക് വെള്ളിയാഴ്ച(26/05/17) ഉണ്ടായ പൈശാചികാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ്ആഗോള ക്രൈസ്തവ സഭകള്‍ ഈ ഐക്യദാര്‍ഢ്യം അറിയിച്ചിരിക്കുന്നത്.

ഈ ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 28 പേര്‍ കൊല്ലപ്പെടുകയും അനേകര്‍ക്ക്  പരിക്കേല്‍ക്കുകയും ചെയ്തു.  മൂന്നു കാറുകളില്‍ എത്തിയ സൈനികവേഷധാരികളായ ഭീകരരാണ് വിജനസ്ഥലത്തുവച്ച് ബസ് തടഞ്ഞ് നിറയൊഴിച്ചത്.

ഈ ക്രൂരതയെ ഫ്രാന്‍സീസ് പാപ്പാ അപലപിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

ഇത്തരം മൃഗീയാക്രമണങ്ങള്‍ക്കു മുന്നില്‍ നരകുലം മുഴുവനും, സകല മതവിശ്വാസികളും സന്മനസ്സുള്ള സകലരും ഒറ്റക്കെട്ടായി നിന്ന് പരസ്പരം സംരക്ഷിക്കുകയും ഇത്തരം ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കപ്പെടാതിരിക്കുന്നതിനു വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യണമെന്ന് കത്തോലിക്കാസഭയൊഴികെയുള്ള ക്രൈസ്തവ സഭകള്‍ അംഗങ്ങളായുള്ള സഭകളുടെ ലോകസമിതിയുടെ, (WCC) പൊതുകാര്യദര്‍ശിയായ പാസ്റ്റര്‍ ഒലവ് ഫിക്സ് ട്വൈറ്റ് പറഞ്ഞു.

ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരായ ഈജിപ്തിലെ ജനങ്ങളുടെ പ്രാര്‍ത്ഥനയില്‍ ആഗ്ലിക്കന്‍ സഭാകൂട്ടായ്മയുടെ തലവനായ കാന്‍റര്‍ബറി ആര്‍ച്ചുബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി ഒന്നു ചേരുന്നു.

യഹൂദസമൂഹവും ഈജിപ്തിലെ കോപ്റ്റിക് സഭാംഗങ്ങള്‍ക്കെതിരെ നടന്ന ഈ ആക്രമണത്തെ അപലപിക്കുകയും ആ സമൂഹത്തോട് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്യുന്നു.

രണ്ടുമാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് കോപ്റ്റിക് ക്രൈസ്തവര്‍ക്കെതിരെ ആക്രമണം നടക്കുന്നത്.

ഇതിനു മുമ്പ് ഏപ്രില്‍ 9ന് ഓശാന ഞായറാഴ്ച ആയിരുന്നു ഇരട്ടഭീകരാക്രമണം ഉണ്ടായത്. അന്ന് 46 പേര്‍ക്ക് ജീവഹാനിയുണ്ടായി. 2016 ഡിസമ്പറില്‍ കെയ്റോയില്‍ ഒരു ദേവാലയത്തിലുണ്ടായ ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.

 








All the contents on this site are copyrighted ©.