2017-05-28 19:35:00

സ്നേഹത്തിന്‍റെ കഥപറയുന്ന വര്‍ണ്ണനാചിത്രം


ഫാദര്‍ ബിജു മഠത്തിക്കുന്നേല്‍ സി. എസ്. എസ്. ആര്‍. രചിച്ച വിവരണവും വ്യാഖ്യാനവും.   അവതരണം ജോളി അഗസ്റ്റിനും ഫാദര്‍ വില്യം നെല്ലിക്കലും. 

വിശുദ്ധ ലൂക്കാ വരച്ചതെന്നു വിശ്വസിക്കുന്ന നിത്യസഹായനാഥയുടെ ചിത്രത്തെക്കുറിച്ച്..

1. ആമുഖം   നിത്യസഹായ നാഥയുടെ വര്‍ണ്ണനാചിത്രം അല്ലെങ്കില്‍ ‘ഐക്കണ്‍’ (Icon) വിശുദ്ധ ലൂക്കാ സുവിശേഷകന്‍ വരച്ചതെന്നാണ് പാരമ്പര്യം. ക്രിസ്താബ്ദം 50-60 കാലഘട്ടത്തിലായിരുന്നു അതെന്നുവേണം മനസ്സിലാക്കാന്‍! കിഴക്കിന്‍റെ ക്രിസ്ത്യന്‍-കേന്ദ്രമായ കോണ്‍സ്റ്റാന്‍റിനോപ്പിളില്‍ 1453-ലെ ഓട്ടോമാന്‍ സാമ്രാജ്യശക്തിയുടെ യുദ്ധകാലംവരെ ഈ ചിത്രം  അവിടെ വണങ്ങിപ്പോന്നതിന് ചരിത്രരേഖകളുണ്ട്. ബൈസാന്‍റൈന്‍ ചിത്രണരീതിയും, അതില്‍ കുറിച്ചിരിക്കുന്ന ഗ്രീക്കിലുള്ള ലഘു വിവരണവും ചിത്രത്തിന്‍റെ പൗരസ്ത്യ ഉത്ഭവവും പൗരാണികതയും സ്പഷ്ടമാക്കുന്നു. മറിയത്തിന്‍റെ ഈ അത്ഭുതചിത്രത്തെക്കുറിച്ചുള്ള കഥ ഇന്ന് ആവര്‍ത്തിക്കപ്പെടുന്നത് ലോകത്തുള്ള ആയിരക്കണക്കിന് മേരിയന്‍ തീര്‍ത്ഥാനടകേന്ദ്രങ്ങളിലും,  അമ്മയുടെ അവിടങ്ങളിലെ ചിത്രത്തിരുനടയില്‍ പ്രാര്‍ത്ഥിക്കുന്ന പതിനായിരങ്ങളിലൂടെയുമാണ്.

2. കിഴക്കുനിന്നും ചിത്രം പടിഞ്ഞാറേയ്ക്ക്...    ഗ്രീസില്‍ ക്രീറ്റ് ഐലന്‍റിലുള്ള ദേവാലയത്തിലാണ് വിശുദ്ധ ലൂക്കാ വരച്ചതെന്നു വിശ്വസിക്കുന്ന അതിമനോഹരമായ പുരാതന മേരിയന്‍ ചിത്രം പീന്നിടു കാണപ്പെടുന്നത്. 16-Ɔ൦ നൂറ്റാണ്ടില്‍ ദ്വീപിലെ ചെറിയ ദേവാലയത്തിലുണ്ടായിരുന്ന ദിവ്യജനനിയുടെ വര്‍ണ്ണനാചിത്രത്തില്‍ ആകൃഷ്ടനായ ഒരു വ്യാപാരി ഒരുനാള്‍ അതു മോഷ്ടിച്ചെടുത്തു. എന്നിട്ട് അയാള്‍ സകുടുംബം പടിഞ്ഞാറന്‍ രാജ്യങ്ങളിലേയ്ക്കു കുടിയേറി. ക്ലേശപൂര്‍ണ്ണമായ ഒരു യാത്രയ്ക്കുശേഷം അയാളും കുടുംബവും റോമില്‍ സുരക്ഷിതമായി എത്തിച്ചേര്‍ന്നത്രെ! എന്നാല്‍ വൈകാതെ അയാള്‍ രോഗഗ്രസ്ഥനായി. ചിത്രം മോഷ്ടിച്ചതിന്‍റെ ഭീതിയും മനസ്സില്‍ ഉയര്‍ന്നിരുന്നു. മരണക്കിടക്കയില്‍ ചിത്രത്തിന്‍റെ കഥ അയാള്‍ ഒരു റോമക്കാരന്‍ സുഹൃത്തിനെ അറിയിച്ചു. അത് ഏതെങ്കിലും ഒരു ദേവാലയത്തില്‍ കൊടുക്കണമെന്നു പറഞ്ഞ് ചിത്രം അയാളെ ഏല്പിച്ചു. എന്നാല്‍ ചിത്രത്തിന്‍റെ മനോഹാരിത കണ്ട് അയാള്‍ അത് ഭവനത്തില്‍ത്തന്നെ സൂക്ഷിച്ചു.

വര്‍ഷങ്ങല്‍ കടന്നുപോയി. സുഹൃത്തും വാഗ്ദാനം നിര്‍വത്തിതമാക്കാന്‍ സാധിക്കാതെ മരണമടഞ്ഞു. ആ റോമന്‍ കുടുംബത്തിലെ ചെറുമകള്‍ക്ക് ഒരുനാള്‍ കന്യകാനാഥ പ്രത്യക്ഷപ്പെട്ടു. വര്‍ണ്ണനചിത്രം  വിശുദ്ധ മത്തായിയുടെ റോമിലുള്ള ദേവാലയത്തില്‍ പ്രതിഷ്ഠിക്കണമെന്ന് അറിയിച്ചു. മേരി മേജര്‍, ലാറ്ററന്‍ ബസിക്കകളുടെ ഇടയ്ക്ക് അപ്പസ്തോലനായ വിശുദ്ധ മത്തായിയുടെ നാമത്തിലുള്ള ഒരു ചെറുദേവാലയമായിരുന്നു ഇത്. ഏറെ സംശയത്തോടും പരിഭ്രാന്തിയോടുംകൂടെ കുടുംബനാഥ  1499 മാര്‍ച്ച് 27-Ɔ൦ തിയതി ചിത്രം ദേവാലായാധികൃതര്‍ക്ക് കൈമാറി. പിന്നെ 300 വര്‍ഷത്തോളം നിത്യസഹായനാഥയുടെ വര്‍ണ്ണനചിത്രത്തിന്‍റെ സ്ഥാനം അതായിരുന്നു.

1798-ല്‍ നെപ്പോളിയന്‍റെ സൈന്യം റോമാനഗരം ആക്രമിച്ചു. വിശുദ്ധ മത്തായിയുടെ ദേവാലയം അക്കാലത്ത് അഗസ്തീനിയന്‍ സന്ന്യാസിമാരുടെ കീഴിലായിരുന്നു. ആശ്രമവും ദേവാലയവും യുദ്ധത്തില്‍ മിക്കവാറും നശിപ്പിക്കപ്പെട്ടു. യുദ്ധാനന്തരം 1819-ല്‍ അയര്‍ലണ്ടില്‍നിന്നും മടങ്ങി എത്തിയ കുറെ സന്ന്യാസികള്‍ റോമില്‍ ടൈബര്‍ നദീതീരത്ത്, ഉംമ്പേര്‍ത്തോ പാലത്തിന് അടുത്തുള്ള കൃപയുടെ മാതാവിന്‍റെ ദേവാലയത്തോടു ചേര്‍ന്ന് ഒരു സമൂഹം ആരംഭിച്ചു. അവരുടെ സ്വകാര്യ കപ്പേളയിലേയ്ക്ക് അക്കാലത്ത് നിത്യസഹാനാഥയുടെ ചിത്രം കൊണ്ടുവരപ്പെട്ടെങ്കിലും അതവിടെ ആശ്രമക്കപ്പേളയില്‍ ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ അക്കാലത്ത് അവിടെ ജീവിച്ച സന്ന്യാസ സഹോദരന്‍, അഗസ്റ്റിന്‍ ഓര്‍സേത്തിക്ക് ചിത്രം പ്രിയപ്പെട്ടതായിരുന്നു. ഒപ്പം അക്കാലത്തെ ഒരു അള്‍ത്താരബലന്‍, മിഷേല്‍ മാര്‍ക്കിയും ഈ മനോഹരചിത്രം ശ്രദ്ധിക്കുകയും, അതിന്‍റെ മുന്നില്‍ പതിവായി പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. മിഷേല്‍ മാര്‍ക്കി പിന്നീട് ദിവ്യരക്ഷക സഭയില്‍ (the Redemptorists) ചേര്‍ന്ന് വൈദികനായി. ചിത്രത്തെക്കുറിച്ച് ബ്രദര്‍ ഓര്‍സേത്തി പറഞ്ഞിട്ടുള്ളത് ഫാദര്‍ മിഷേല്‍ മാക്കി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:    “മകനേ, ആശ്രമ കപ്പേളയിലെ മാതാവിന്‍റെ ചിത്രത്തിന് ദൈവികതയുണ്ട്. നീ അമ്മയോട് എന്നും  പ്രാര്‍ത്ഥിക്കാന്‍ മറന്നുപോകരുത്. അത്ഭുതചിത്രമാണത്...!”

3.  ചിത്രത്തിന്‍റെ റോമിലെ പുനര്‍പ്രതിഷ്ഠ    പ്രായമായപ്പോള്‍ കാഴ്ചയെല്ലാം നഷ്ടപ്പെട്ട ബ്ര‍ദര്‍ ഒര്‍സേത്തി 1853-ല്‍ 86-Ɔമത്തെ വയസ്സില്‍ മരണമടഞ്ഞു. മരണസമയത്ത് അദ്ദേഹം അവിടത്തെ അഗസ്തീനിയന്‍ സമൂഹത്തോട് ആവശ്യപ്പെട്ടത് കപ്പേളയില്‍ ദൈവമാതാവിന്‍റെ ചിത്രം ഒരു പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കപ്പെടണം എന്നായിരുന്നു. 1855-ല്‍ റോമിലെ ദിവ്യരക്ഷക സഭാംഗങ്ങള്‍ ‘വില്ലാ കസേര്‍ത്ത’ എന്ന വസ്തു വാങ്ങി. വിശുദ്ധ മാത്തായിയുടെ നാമത്തിലുള്ള ആശ്രമവും കപ്പേളയും ഈ ഭൂസ്വത്തിലായിരുന്നു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ സഭാസ്ഥാപനകനായ വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ നാമത്തില്‍ അവിടെ ഒരു വലിയ ദേവാലയം പണിയാനുള്ള ഏര്‍പ്പാടായി. പുതിയ ദേവാലയം പണിയാന്‍ വാങ്ങിയ ഭൂമിയുടെ ചരിത്രം അറിയുന്നതില്‍ അന്നത്തെ റിഡംപ്റ്റരിസ്റ്റ് വൈദികര്‍   തല്പരരായിരുന്നു. അവിടെ നിലനിന്നിരുന്ന വിശുദ്ധ മത്തായിയുടെ നാമത്തിലുള്ള കപ്പേളയെക്കുറിച്ചും, അതില്‍ സൂക്ഷിച്ചിരുന്ന നിത്യസഹായനാഥയുടെ വര്‍ണ്ണനാചിത്രത്തെക്കുറിച്ചും അവര്‍ മനസ്സിലാക്കി. സാധിക്കുമെങ്കില്‍ ചിത്രം നവീകരിച്ച് പുതിയ ദേവാലയത്തില്‍ പ്രതിഷ്ഠിക്കണമെന്നും അവര്‍ക്ക്  ആഗ്രഹമുണ്ടായി. അനുവാദത്തിനായി ദിവ്യരക്ഷക സഭയുടെ അന്നത്തെ സുപ്പീരിയര്‍ ജനറല്‍, ഫാദര്‍ നിക്കോളസ് മാവുരോണ്‍ വത്തിക്കാനെ സമീപിച്ചു.

റോമിലെ മേരി മേജര്‍, വിശുദ്ധ ജോണ്‍ ലാറ്ററന്‍ ബസിലിക്കകള്‍ക്ക്മദ്ധ്യേ സ്ഥാപിതമായ ദിവ്യരക്ഷകസഭയുടെ പുതിയ ദേവാലയത്തില്‍ നിത്യസാഹയനാഥയുടെ ചിത്രം പ്രതിഷ്ഠിക്കാനുള്ള അനുമതി രേഖാമൂലം നല്കിയത് ഭാഗ്യസ്മരണാര്‍ഹനായ 9-Ɔ൦ പിയൂസ് പാപ്പായാണ്. എന്നാല്‍, ഈ ചിത്രത്തിലൂടെ കന്യകാനാഥയുടെ നാമം ലോകമെമ്പാടും അറിയിക്കണം! ഇങ്ങനെ സഭാദ്ധ്യക്ഷനോട് അനുമതിക്കത്തില്‍ പാപ്പാ ആവശ്യപ്പെടുകയുംചെയ്തു.

1866 ഏപ്രില്‍ 26-ന് ചിത്രം റോമിലെ മെരുലാന വീഥിയില്‍ പണിതീര്‍ത്ത വിശുദ്ധ അല്‍ഫോന്‍സ് ലിഗോരിയുടെ ദേവാലയത്തില്‍ പൊതുവണക്കത്തിനായി പ്രതിഷ്ഠിക്കപ്പെട്ടു. ദിവ്യരക്ഷക സഭാംഗങ്ങളാണ് (the Redemptorist Missionaries)  നിത്യസഹായ മാതാവിനോടുള്ള ഭക്തി- വര്‍ണ്ണനാചിത്രത്തിലൂടെയും അതിനെ കേന്ദ്രീകരിച്ചുള്ള നവനാള്‍ ഭക്തിയിലൂടെയും ലോകമെങ്ങും പ്രചരിപ്പിച്ചത്.

 4. ചിത്രത്തിന്‍റെ വ്യാഖ്യാനം   ലോകത്ത് ഇന്നും പ്രശസ്തമായ നിത്യസഹായമാതാവിന്‍റെ ചിത്രത്തെക്കുറിച്ചു മനസ്സിലാക്കേണ്ടതാണഅ. മാതാവിന്‍റെ ഇരുഭാഗത്തുമായി കാണുന്നത് മിഖയേല്‍, ഗബ്രിയേല്‍ മുഖ്യദൂതന്മാരാണ്. മാലാഖമാരുടെ കൈയ്യില്‍ സാധരാണ കാണുന്ന സംഗീതവാദ്യങ്ങളല്ല അവിടെ, പീഡകളുടെ ഉപകരണങ്ങളാണവ. അവയെ രക്ഷയുടെ ഉപകരണങ്ങളെന്ന് വിശേഷിപ്പിക്കാം. കാരണം അവ ക്രിസ്തുവുമായ ബന്ധപ്പെട്ട കുരിശും കുന്തവും നിര്‍പ്പഞ്ഞിയുമാണ്! അതുകൊണ്ട് മാലാഖമാര്‍ സദ്വാര്‍ത്തയുടെ പ്രഘോഷകര്‍ മാത്രമല്ല,  അവര്‍ രക്ഷയുടെ സന്ദേശവാഹകരുമായി ചിത്രം വ്യാഖ്യാനിക്കുന്നു. ചിത്രത്തിലെ അമ്മയും മകനും വാത്സല്യമാണ് പ്രകടമാക്കുന്നത്. അമ്മ മകന്‍റെ ചാരത്തേയ്ക്ക് ശിരസ്സു ചായ്ച്ചിരിക്കുന്നു. ഇടത്തെ കൈത്തണ്ടില്‍ വാത്സല്യത്തോടെ മകന്‍ അമ്മയോട് ചേര്‍ന്നിരിക്കുന്നു! അമ്മയുടെ സ്നേഹം മാനവരാശിയുടെ തലമുറകളിലേയ്ക്കും ഭാവിയിലേയ്ക്കും ക്രിസ്തുവിലൂടെ പ്രവഹിക്കുന്ന രക്ഷദമായ സ്നേഹമാണ് അര്‍ത്ഥമാക്കുന്നത്.

യേശുവിന്‍റെ കണ്ണുകളില്‍ ഭീതിയില്ല,  ശാന്തതയാണ്. മുകളിലേയ്ക്കു ദൃഷ്ടിപതിക്കുന്ന അവിടുന്ന് തന്‍റെ പീഡകളിലേയ്ക്കും പിതാവിങ്കലേയ്ക്കുമാണ് നോക്കുന്നത്. താന്‍ ആശ്ലേഷിക്കേണ്ട ദൈവഹിതം അവിടുന്നു ദര്‍ശിക്കുന്നു. അതില്‍ താന്‍ ഏകനല്ലെന്നും, അമ്മ തന്‍റെ ചാരത്തുണ്ടെന്നും തുണയ്ക്കുമെന്നും മനസ്സിലാക്കുന്നു. യേശുവിന്‍റെ പാദരക്ഷകള്‍ - ഒന്ന് അഴിഞ്ഞു കിടക്കുന്നു, മറ്റൊന്ന് പാദത്തോടു ചേര്‍ന്നിരിക്കുന്നു. അഴിഞ്ഞു കിടക്കുന്ന പദരക്ഷ അവിടുത്തെ മാനുഷികഭാവത്തിന്‍റെയും വിനയത്തിന്‍റെയും അടയാളമാണ്. പാദത്തോടു ചേര്‍ന്നിരിക്കുന്നത് ദൈവികതയെ സൂചിപ്പിക്കുന്നു. പഴയനിയമത്തില്‍ റൂത്തിന്‍റെ പുസ്തകം വിവരിക്കുന്ന പാദത്തോടു ചേര്‍ന്നുള്ള പാദരക്ഷ ഉടമ്പടിഭദ്രമായിരിക്കുന്ന രക്ഷയുടെ അടയാളമാണ്. അങ്ങനെ മാനവകുലവുമായി ക്രിസ്തു പങ്കുവച്ച സ്വയാര്‍പ്പണത്തിന്‍റെയും രക്ഷണീയ കര്‍മ്മത്തിന്‍റെയും അടയാളമാണ് ഈ ചിത്രം. മറിയത്തിന്‍റെ മേലങ്കിയില്‍ വരച്ചുചേര്‍ത്തിരിക്കുന്ന എട്ടുമൂലകളുള്ള സ്വര്‍ണ്ണനക്ഷത്രം സമുദ്രതാരവും ഉഷര്‍കാല നക്ഷത്രവുമായി മറിയത്തിന് രക്ഷണീയദൗത്യത്തിലുള്ള പങ്കും, കിഴക്കുനിന്നുള്ള ജ്ഞാനികളെ ബതലഹേമിലേയ്ക്ക് നയിച്ച രക്ഷയുടെ ദിവജ്യോതിസ്സിനെയുമാണ് സൂചിപ്പിക്കുന്നത്.

5. ‘ഐക്കണിലെ കണ്ണും കൈയ്യും  ചിത്രത്തിലെ അമ്മ നമ്മെ ഓരോരുത്തരെയും വീക്ഷിക്കുകയാണ്. ആര്‍ദ്രമായി നോക്കുന്ന നയനങ്ങള്‍ മനുഷ്യകുലത്തെ ഓര്‍ത്ത് ആകുലപ്പെടുന്നുണ്ട്. ജീവിതയാത്രയില്‍ നമ്മെ അനുഗമിക്കുകയും, കാത്തുപാലിക്കുകയും ചെയ്യുന്ന കണ്ണുകളാണവ. ഇനി അമ്മയുടെ കരങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍, ഒരു കൈ വാത്സല്യത്തോടെ മകനെ താങ്ങി എടുത്തിരിക്കുന്നു. വലതുകരം ക്രിസ്തുവിലേയ്ക്ക് ചൂണ്ടിയുമിരിക്കുന്നു. അവിടുന്നാണ് വഴിയും സത്യവും ജീവനുമെന്ന് പറഞ്ഞുതരികയും, “അവിടുന്നു പറയുന്നതുപോലെ ചെയ്യുക”യെന്ന് നമ്മെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു. രണ്ടുകൈകളും കൂട്ടിനോക്കുമ്പോള്‍, ദിവ്യകാരുണ്യമായ യേശുവിനെ ആദരവോടെ ഉയര്‍ത്തി നല്കുന്നതുപോലെയാണ്. “ഇതാ, ദൈവത്തിന്‍റെ കുഞ്ഞാട്, നിങ്ങളുടെ രക്ഷയ്ക്കുള്ള ദിവ്യസുതന്‍!” എന്ന സന്ദേശം ലഭിക്കുന്നു.

അമ്മയുടെയും മകന്‍റെയും കരങ്ങള്‍ സന്ധിക്കുന്ന ദൃശ്യം വര്‍ണ്ണനാചിത്രത്തിന്‍റെ കേന്ദ്രഭാഗവും കാതലായ സന്ദേശവുമാണ്. അമ്മയുടെ കരങ്ങളില്‍ മകന്‍റെ കൈകള്‍ ഉള്‍ച്ചേര്‍ത്തിരിക്കുകയാണ്.  ആ കൈകളെ അമ്മ വാത്സല്യത്തോടെ സ്വീകരിക്കുകയും ഉള്‍ക്കൊള്ളുന്നു. മനുഷ്യരായ നമ്മുടെയും കു‍ഞ്ഞിക്കൈകളെ ഉള്‍ക്കൊള്ളാന്‍ വലുപ്പവും തുറവുമുള്ള മാതൃഹൃദയത്തിന്‍റെ വിശാലതയാണ് അമ്മയുടെ മനോഹരമായ കൈക്കുമ്പിളില്‍ ബിംബവത്ക്കരിക്കപ്പെടുന്നത്. മനുഷ്യര്‍ക്ക് ഇങ്ങിനെയൊരു അമ്മയെയാണ് ആവശ്യമെന്നു ക്രിസ്തുവിന് അറിയാം! അതുകൊണ്ടുതന്നെയാണ് അവിടുന്ന് കുരിശില്‍ക്കിടന്നുകൊണ്ട് യോഹന്നാനോടു മൊഴിഞ്ഞത്, “ഇതാ, നിന്‍റെ അമ്മ!”

6. ‘ഐകണോഗ്രാഫിയുടെ ചിത്രസംയോജനരീതി

 ‘ഐകണ്‍’ (Icon /Ikon) എന്ന മൂലത്തിലെ ഗ്രീക്കു വാക്കിന് ചിത്രംമെന്നേ അര്‍ത്ഥമുള്ളൂ. എന്നാല്‍ അത് ഒരു വര്‍ണ്ണനാചിത്രമാണ്. വര്‍ണ്ണനകള്‍ കലാകാരന്‍ Iconographer വരയ്ക്കുകയല്ല,  ഭാവനയില്‍ ധ്യാനാത്മകമായി  സൃഷ്ടിക്കുന്ന പൗരസ്ത്യ ശൈലിയാണിത്. ഉദാഹരണത്തിന് പിന്നില്‍ പിടിപ്പിച്ചിരിക്കുന്ന സ്വര്‍ണ്ണനിറത്തിലുള്ള പശ്ചാത്തലം സ്വര്‍ഗ്ഗീയശോഭയെ അല്ലെങ്കില്‍ ദൈവികശോഭയെ പ്രതിനിധാനംചെയ്യുന്നു. കലാകരാന്‍ ചായം അര്‍ത്ഥസമ്പുഷ്ടമായും തട്ടുകളായും ചാലിച്ചുചേര്‍ത്താണ് ‘ഐകണ്‍’ പൂര്‍ത്തീകരിക്കുന്നത്. അങ്ങനെ രചയിതാവിന്‍റെ ഭാവനയില്‍ സ്വര്‍ഗ്ഗവും ഭൂമിയും സന്ധിക്കുന്ന സൃഷ്ടിയായി അത് അവതരിപ്പിക്കപ്പെടുന്നു, ആവിഷ്ക്കരിക്കുന്നു.  ചിലപ്പോള്‍ കലാകാരന്‍റെ ഇന്ദ്രീയാതീതമായ ചൈതന്യവും വര്‍ണ്ണനാചിത്രങ്ങളില്‍ ഉള്‍ച്ചേരുന്നുണ്ട്. പരമ്പരാഗതമായി ഒരു വര്‍ണ്ണനാചിത്രീകരണത്തില്‍ മൂന്നു വ്യക്തികളുടെ സാന്നിദ്ധ്യം കണക്കാക്കപ്പെടുന്നുണ്ട്. – ചിത്രത്തില്‍ വിഷയീഭവിക്കപ്പെടുന്ന പ്രധാന വ്യക്തിത്വമാണ് ആദ്യത്തേത്. ചിത്രകാരന്‍ രണ്ടാമത്തേതും,  മൂന്നാമതായി കാഴ്ചക്കാര്‍, അല്ലെങ്കില്‍ ആസ്വാദകര്‍ - അവര്‍ ചിത്രത്തെ ധ്യാനിക്കുന്നവരാണ്. 

7. ചിത്രണരീതിയിലെ ചായങ്ങളും വസ്തുക്കളും     ഭൂമിലെ വസ്തുക്കളുടെ ഉപയോഗത്തിലൂടെയാണ് ദൈവിക കാഴ്ചപ്പാട് കലാകാരന്‍ സൃഷ്ടിചെയ്യുന്നത്. അങ്ങനെ ഭൗമിക വര്‍ണ്ണനകള്‍ ഉപയോഗിച്ച് സ്വര്‍ഗ്ഗീയ ചിന്തകള്‍ സൃഷ്ടിക്കുന്നതാണ് ഈ കിഴക്കന്‍ ചിത്രണരീതി. വരയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്രഷും, വര്‍ണ്ണപ്പൊടികള്‍ ചാലിക്കാനുള്ള ദ്രാവകവും ജന്തുലോകത്തെ പ്രതിനിധാനംചെയ്യുന്നു.   ചിത്രത്തിനു ചുവരാകുന്ന മരപ്പലകയും അതിന്‍റെ ചട്ടവും സസ്യലോകത്തെയും, സ്വര്‍ണ്ണത്തട്ടും കമ്മായപ്പൊടിയും  നിറങ്ങള്‍ക്കായി ചേര്‍ക്കുന്ന പച്ചിലയും ധാതുക്കളും ഭൂമിയുടെ പ്രതീകമാണ്. അങ്ങനെ നിറക്കൂട്ടിന്‍റെ പ്രക്രിയയില്‍ വര്‍ണ്ണചിത്രം ആത്മീയതയുടെ സംവേദന മാധ്യമമായി ഭവിക്കുന്നു.  പ്രകൃതിയിലെ പദാര്‍ത്ഥങ്ങള്‍ കൂട്ടിയും ചാലിച്ചും കലാകാരന്‍ എല്ലാറ്റിലും എല്ലാമായ ക്രിസ്തുവിനെ രൂപപ്പെടുത്തുന്നു. അങ്ങനെ വര്‍ണ്ണനാചിത്രം ക്രിസ്തുകേന്ദ്രീകൃതമാണ്. അത് വരയിലും വര്‍ണ്ണത്തിലും ക്രിസ്തുവിനെ വര്‍ണ്ണിക്കുന്നു. ദൈവത്തിന്‍റെ പ്രതിച്ഛായയാണ് ക്രിസ്തു. അവിടുന്നു ദൈവമാണ്. അതിനാല്‍ വര്‍ണ്ണനാചിത്രം അല്ലെങ്കില്‍ ‘ഐക്കണ്‍’ നമ്മെ ദൈവോത്മുഖരാക്കുന്നു. അതില്‍ത്തന്നെ ഒരു പ്രാര്‍ത്ഥനയായി മാറുന്നു. വര്‍ണ്ണപ്പകിട്ടാര്‍ന്നൊരു ഗീതമായി ലയിക്കുന്നു.

8.  ദൈവോന്മുഖരാക്കുന്ന ചിത്രണരീതി     മിഴിച്ച കണ്ണുകളും, അടഞ്ഞ ചുണ്ടും, നീണ്ടുമെലിഞ്ഞ മൂക്കുമെല്ലാം വര്‍ണ്ണനാചിത്രത്തിന്‍റെ  പൊതുവായ പ്രത്യേകതകളാണ്. ഇതെല്ലാം ഭൗമികമായൊരു കാഴ്ചപ്പാടില്‍നിന്നും നമ്മെ ആത്മീയകാഴ്ചപ്പാടിലേയ്ക്ക് ഉയര്‍ത്തുന്നു. ചിത്രത്തിലെ എല്ലാ ബിംബങ്ങളും കാഴ്ചക്കാരിലേയ്ക്ക് ദൃഷ്ടിപതിപ്പിക്കുന്ന രീതിയിയും വര്‍ണ്ണനാചിത്രത്തിന്‍റെ സവിശേഷതയാണ്. ഈ ചിത്രങ്ങളില്‍ നിഴല്പാടുകള്‍ shades, shadows ഇല്ലെന്നതും മറ്റൊരു പ്രത്യേകത തന്നെ! ഒരു വര്‍ണ്ണനാചിത്രം പഠിക്കുകയോ, അതിനുമുന്നില്‍ പ്രാര്‍ത്ഥിക്കുകയോ ചെയ്യുമ്പോള്‍ നമ്മുടെ മനസ്സും ശരീരവും ചിത്രത്തിലെ വ്യക്തിയോടും വിഷയത്തോടും സംയോജിപ്പ് ഒരു അള്‍ത്താരവേദിയായി അല്ലെങ്കില്‍ ഒരു സമര്‍പ്പണവേദിയായി നാം മെല്ലെ സജ്ജമാക്കപ്പെടുന്നു, പരിവര്‍ത്തനംചെയ്യപ്പെടുന്നു.

വളരെ ചെറുപ്രായത്തിലേ നിത്യസഹായമാതവിന്‍റെ അത്ഭുതചിത്രത്തിന്‍റെ പകര്‍പ്പ് കണ്ടിട്ടുണ്ട്. അതിന്‍റെ ഓര്‍മ്മയും അതിനു മുന്നിലെ പ്രാര്‍ത്ഥനയും മനസ്സിന് സന്തോഷവും സമാധാനവും തരുന്നതാണ്. മാലാഖമാരുടെ കൈകളിലെ പീഡകളുടെ അടയാളങ്ങള്‍ കണ്ട് ഭയന്ന ഉണ്ണിയേശുവിന് അമ്മ നല്കുന്ന അഭയസങ്കേതമാണ് ചിത്രത്തിന്‍റെ ആകര്‍ഷണം. വേദനയെയും ആശങ്കയെയും ധൈര്യമാക്കി മാറ്റുന്നത് അമ്മയുടെ ആശ്ലേഷമാണ്. അതിനാല്‍ യേശുവിന്‍റെ അമ്മ ഇന്ന് ജീവിതക്ലേശങ്ങളില്‍ ഭയന്നു ജീവിക്കുന്ന നമ്മെ എല്ലാവരെയും ആശ്ലേഷിച്ച്  ആത്മവിശ്വാസം നല്കും. യേശുവിന്‍റെ പീഡകളില്‍ ചാരത്തുണ്ടായിരുന്ന  അമ്മയുടെ ചിത്രത്തിരുനടയില്‍ നമുക്കും നില്ക്കാം,  സഹായം തേടാം...  അമ്മ നിത്യസഹായിനിയാണ്...! 








All the contents on this site are copyrighted ©.