2017-05-27 12:35:00

ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ ജേനൊവയില്‍


ഫ്രാന്‍സീസ് പാപ്പാ ഇറ്റലിയിലെ ജേനൊവ അതിരൂപതയില്‍ ഇടയസന്ദര്‍ശനം നടത്തി.

വത്തിക്കാനില്‍ നിന്ന് 500 കിലോമീറ്ററിലേറെ അകലെ ഇറ്റലിയുടെ വടക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന തുറമുഖപട്ടണമായ ജേനൊവയില്‍ പാപ്പാ എത്തിയത് ശനിയാഴ്ച(27/05/17) ആണ്.

ഫ്രാന്‍സീസ് പാപ്പാ ഇറ്റലിക്കുള്ളില്‍, റോം രൂപതയ്ക്ക് വെളിയില്‍ നടത്തിയ പതിനഞ്ചാമത്തെ ഇടയസന്ദര്‍ശനമായിരുന്നു ഇത്.

വത്തിക്കാനില്‍ നിന്ന് പ്രാദേശിക സമയം രാവിലെ 7 മണിക്ക്, ഇന്ത്യയിലെ സമയം രാവിലെ 10.30 ന് റോമിലെ ചെറിയ വിമാനത്താവളമായ ചമ്പീനൊയിലേക്ക് കാറില്‍ പുറപ്പെട്ട പാപ്പാ അവിടെ നിന്ന് വിമാനത്തിലാണ് ജേനൊവയില്‍ എത്തിയത്.

തൊഴില്‍ ലോകവുമായുള്ള കൂടിക്കാഴ്ച ആയിരുന്നു പാപ്പായുടെ ഈ സന്ദര്‍ശനത്തിലെ പ്രഥമ പരിപാടി. തുടര്‍ന്ന് പാപ്പാ ജേനൊവ അതിരൂപതയും ഉള്‍ക്കൊള്ളുന്ന ലിഗൂറിയ പ്രദേശത്തെ കത്തോലിക്കാമെത്രാന്മാരും, വൈദികരും, സെമിനാരിവിദ്യാര്‍ത്ഥികളും സമര്‍പ്പിതരും, അരമനയിലെ അല്മായസഹകാരികളും വിവിധമതപ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. വിശുദ്ധ ലോറന്‍സിന്‍റെ  നാമത്തിലുള്ള കത്തീദ്രലില്‍ നടന്ന ഈ കൂടിക്കാഴ്ചകള്‍ക്കുശേഷം പാപ്പാ കാവലാളായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ ദേവാലയത്തില്‍‍ വച്ച് യുവജനങ്ങളുമായി സംഭാഷണത്തിലേര്‍പ്പെട്ടു. ജേനൊവയിലെ കാരഗൃഹവുമായി വീഢിയോ ബന്ധം ഒരുക്കിയിരുന്നതിനാല്‍ തടവുകാര്‍ക്ക് വീഡിയോ സംവിധാനത്തിലൂടെ ഈ കൂടിക്കാഴ്ചയില്‍ പങ്കുചേരാന്‍ കഴിഞ്ഞു.

ഈ ദേവാലയവളപ്പിലെ ഒരു ശാലയില്‍വച്ച് പാപ്പാ പാവപ്പെട്ടവരും അഭയാര്‍ത്ഥികളും പാര്‍പ്പിടരഹിതരും തടവുകാരുമടങ്ങുന്ന ഏതാനും പേരുമൊത്തു ഉച്ചഭക്ഷണം കഴിച്ചു.

ഉച്ചതിരിഞ്ഞ് പാപ്പാ, ജേനൊവയില്‍ കുട്ടികള്‍ക്കായുള്ള ആശുപത്രിയായ “ജന്നീന ഗസ്ലീനി” സന്ദര്‍ശിച്ചു. തദ്ദനന്തരം പാപ്പാ കെന്നഡി ചത്വരത്തില്‍ വിശുദ്ധകുര്‍ബ്ബാന അര്‍പ്പിക്കുകയും വത്തിക്കാനിലേക്കു മടങ്ങുകയും ചെയ്തു.








All the contents on this site are copyrighted ©.