2017-05-27 12:42:00

അപകടാവസ്ഥയിലാകുന്ന തൊഴില്‍


തൊഴിലിന്‍റെ മാഹാത്മ്യവും തൊഴില്‍ പ്രദാനം ചെയ്യുന്ന അന്തസ്സും കണക്കിലെടുക്കാത്ത ഒരു ലോകത്തില്‍ ഇന്ന് തൊഴില്‍ അപകടാവസ്ഥയിലാണെന്ന് മാര്‍പ്പാപ്പാ.

ശനിയാഴ്ച (27/05/17) രാവിലെ ജേനൊവ സന്ദര്‍ശനവേളയില്‍ പ്രഥമ ഔദ്യോഗിക പരിപാടിയായിരുന്ന തൊഴില്‍ ലോകവുമായുള്ള കൂടിക്കാഴ്ചാവേളയില്‍ ഫ്രാന്‍സീസ് പാപ്പാ അവര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മുന്നൊരുക്കമില്ലാതെ മറുപടിപറയുകയായിരുന്നു.

ചോദ്യകര്‍ത്താക്കളില്‍ തൊഴില്‍ സംരംഭകനും ഉള്‍പ്പെട്ടിരുന്നതിനാല്‍ പാപ്പാ, സമ്പദ്ഘടനയില്‍ നല്ല തൊഴില്‍ സംരംഭകര്‍ക്കും തൊഴില്‍ സംരംഭങ്ങള്‍ക്കുമുള്ള പ്രാധാന്യം എ​ടുത്തുകാട്ടുകയും നല്ല തൊഴില്‍ സംരംഭകന്‍ നല്ലൊരു തൊഴിലാളി ആയിരിക്കണമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

തൊഴില്‍ സംരംഭകര്‍ ഊഹക്കച്ചവടക്കാരായി പരിണമിക്കുന്ന അപകടകരമായ അവസ്ഥയിലേക്കും പാപ്പാ വിരല്‍ ചൂണ്ടി.

ഊഹക്കച്ചവട പ്രവണതയുള്ള തൊഴില്‍ സംരഭകന് സ്വന്തം വ്യവസായ ശാലയെയും തൊഴിലാളികളെയും സ്നേഹിക്കാന്‍ കഴിയില്ലെന്നും അയാള്‍ ആ വ്യവസായശാലയെയും തൊഴിലാളികളെയും ലാഭമുണ്ടാക്കുന്നതിനായി ഉപയോഗിക്കുകയായിരിക്കും ചെയ്യുകയെന്നും പറഞ്ഞു.

വ്യവസായ സംരഭകന്‍ ഊഹക്കച്ചവടക്കാരനാകുന്നതോടെ സമ്പദ്ഘടനയ്ക്ക് മുഖം നഷ്ടപ്പെടുകയാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.

തൊഴിലില്‍ കഠിനാദ്ധ്വാനം അന്തര്‍ലീനമാണെന്നും അദ്ധ്വാനത്തെയും വിയര്‍പ്പിനെയും വിലമതിക്കുന്ന ഒരു സംസ്കൃതി അനിവാര്യമാണെന്നും ഈ സംസ്കൃതിയുടെ അഭാവത്തില്‍ തൊഴിലുമായുള്ള നൂതനമായൊരു ബന്ധം കണ്ടെത്താന്‍ നമുക്കു സാധിക്കില്ലെന്നും പാപ്പാ വിശദീകരിച്ചു.








All the contents on this site are copyrighted ©.