2017-05-25 19:50:00

ജനോവയിലെ രോഗികളായ കുട്ടികള്‍ക്ക് പാപ്പായുടെ ഫോണ്‍വിളി...!


മെയ് 27-Ɔ൦ തിയതി ശനിയാഴ്ച അരങ്ങേറാന്‍ പോകുന്ന വടക്കെ ഇറ്റലിയിലെ ജനോവ അതിരൂപതയിലേയ്ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ഏകദിന ഇടയസന്ദര്‍ശനത്തിനു മുന്‍പാണ് അവിടത്തെ ഗസ്ലീനി (Gaslini Pediatric Hospital)   ആശുപത്രിയിലെ കുട്ടികളെ പാപ്പാ ടെലിഫോണില്‍ വിളിച്ചത്.

ജനോവ അതിരൂപതയുടെ സ്വകാര്യറോഡിയോ “സ്വരലയ” വഴിയാണ് (Fra le Note) മെയ് 24-Ɔ൦ തിയതി ബുധനാഴ്ച വൈകുന്നേരം കുട്ടികളോട് പാപ്പാ ഫ്രാന്‍സിസ് ടെലിഫോണിലൂടെ വിശേഷങ്ങള്‍ പറഞ്ഞതെന്ന് ആശുപത്രിയില്‍ അജപാലന ശുശ്രൂഷചെയ്യുന്ന വൈദികന്‍, ആല്‍ദോ കംപോണെ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. ജനോവ ഇടയസന്ദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ ആശുപത്രി സന്ദര്‍ശനം.

ശനിയാഴ്ച നേരില്‍ കാണുംമുന്‍പേ സ്നേഹം അറിയിക്കാനാണ് വിളിച്ചത്. സുഖമില്ലാതിരിക്കുന്ന കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ശനിയാഴ്ച നേരില്‍ കാണാന്‍ കാത്തിരിക്കയാണ്. സാന്ത്വനപ്പെടുത്തുകയും സുഖപ്പെടുത്തുകയും ചെയ്യുന്ന  യേശുവിന്‍റെ സ്പര്‍ശം എല്ലാവരുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു. വേദനിക്കുകയും ക്ലേശിക്കുയുംചെയ്യുന്ന എല്ലാവരുടെയും ചാരത്ത് യേശുവുണ്ട്, പ്രത്യേകിച്ച് കുട്ടികളുടെ സമീപിത്ത്. വിഷമങ്ങളില്‍ യേശു പ്രത്യാശയും സമാശ്വാസവുമായിരിക്കട്ടെ! രോഗികളായവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും, തനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും അവശ്യപ്പെട്ടുകൊണ്ടാണ് പാപ്പാ ടെലിഫോണ്‍ വച്ചത്.

പാപ്പായുടെ ടെലിഫോണ്‍ സന്ദേശം കുട്ടികള്‍ക്കൊപ്പം ശ്രവിച്ച ഫാദര്‍ ആള്‍ദോ കംപോണെ ജനോവയില്‍നിന്നും മെയ് 25-Ɔ൦ തിയതി രാവിലെ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചതാണ് പാപ്പായുടെ ടെലിഫോണ്‍ വിളിയുടെ വാര്‍ത്തയും വിശദാംശങ്ങളും.








All the contents on this site are copyrighted ©.