2017-05-23 10:00:00

ജനങ്ങള്‍ക്ക് അസൗകര്യമാകുന്ന തിരുനാള്‍ പാപ്പാ മാറ്റിവച്ചു


ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്ന തിരുനാള്‍ പാപ്പാ ഫ്രാന്‍സിസ് മാറ്റിവച്ചു.

റോമാനഗരത്തില്‍ ഒരു പ്രവൃത്തിദിനത്തില്‍ ആചരിച്ചിരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാളും (Solemnity of Corpus Domini) പ്രദക്ഷിണവുമാണ് പാപ്പാ ഫ്രാന്‍സിസ് ഞായറാഴ്ചത്തേയ്ക്ക് ജനങ്ങളുടെ സൗകര്യാര്‍ത്ഥം മാറ്റിവച്ചത്. ത്രിത്വത്തിന്‍റെ തിരുനാള്‍ കഴിഞ്ഞുവരുന്ന വ്യാഴാഴ്ച പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ആചരിക്കുന്ന പഴയ പാരമ്പര്യമാണ് പാപ്പാ ഫ്രാന്‍സിസ് ഞായറാഴ്ചയിലേയ്ക്ക് മാറ്റുന്നത്.

നഗരമദ്ധ്യത്തിലെ നീണ്ട പ്രദക്ഷണിവും, പാപ്പായുടെ യാത്രയും, വിശ്വാസികളുടെ കൂട്ടവും സാധാരണജനങ്ങള്‍ക്ക് അസൗകര്യമാകുന്ന വിധത്തില്‍ ഗതാഗതതടസ്സവും, അങ്ങിങ്ങ് ഗതാഗതകുരുക്കുകളും സൃഷ്ടിക്കുന്നതു മനസ്സിലാക്കിയാണ് ഈ തിരുനാള്‍ ആചരണം വ്യാഴാഴ്ചത്തെ പ്രവൃത്തി ദിനത്തില്‍നിന്നും ഞായറാഴ്ചത്തെ അവധിദിനത്തിലേയ്ക്ക് മാറ്റിവയ്ക്കാന്‍ പാപ്പാ ഫ്രാന്‍സിസ് നിര്‍ദ്ദേശം നല്കിയത്. പ്രവൃത്തിദിനം ഒഴിവാക്കുന്നതുവഴി കൂടുതല്‍ ജനപങ്കാളിത്തവും സാദ്ധ്യമാണെന്ന് വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഗ്രെഗ് ബേര്‍ക്ക് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

ഇതുപ്രകാരം 2017-ലെ പരിശുദ്ധ കുര്‍ബ്ബാനയുടെ തിരുനാള്‍ ജൂണ്‍ 18-Ɔ൦ തിയതി ഞായറാഴ്ചയായിരിക്കും റോമാനഗരത്തില്‍ ആചരിക്കപ്പെടുന്നത്.

റോമാനഗരത്തിന്‍റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ജോണ്‍ ലാറ്ററന്‍ ബസിലിക്കയിലാണ് പരിശുദ്ധ കുര്‍ബാനയുടെ മഹോത്സവം പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റോമാരൂപതയില്‍ പരമ്പരാഗതമായി അനുഷ്ഠിച്ചുപോരുന്നത്. പാപ്പാ അദ്ധ്യക്ഷനായ റോമാരൂപതയുടെ ഭദ്രാസന ദേവാലയമാണ് ലാറ്ററന്‍ ബസിലിക്ക. അതുകൊണ്ടു തന്നെയാണ് സഭയിലെ ഈ മഹോത്സവം അവിടെ നടത്തപ്പെടുന്നത്. ബസിലിക്കയിലെ സാഘോഷമായ ദിവ്യബലിയെ തുടര്‍ന്നുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം ചരിത്രപുരാതനമായ മെരുളാനാ വീഥിയിലൂടെ മേരി മേജര്‍ ബസിലിക്കവരെ നീളുന്നതാണ്. പാപ്പായുടെ കാര്‍മ്മികത്വത്തിലുള്ള സമൂഹബലിയര്‍പ്പണത്തിലും പ്രദക്ഷിണത്തിലും ദിവ്യകാരുണ്യാശീര്‍വ്വാദത്തിലും പങ്കെടുക്കാന്‍  റോമാ നഗരവാസികളെക്കൂടാതെ, മറ്റു രാജ്യങ്ങളില്‍നിന്നും സന്ദര്‍ശകരും തീര്‍ത്ഥാടകരുമെത്തുന്നത് പതിവാണ്.

‌മെയ് 18-Ɔ൦ തിയതി പുറത്തുവിട്ട വത്തിക്കാന്‍റെ പ്രസ്താവനയാണ് ജനസൗകര്യാര്‍ത്ഥം പാപ്പാ ഫ്രാന്‍സിസ് കൊണ്ടുവരുന്ന മാതൃകയാക്കാവുന്ന മാറ്റത്തെക്കുറിച്ച് അറിയിച്ചത്.








All the contents on this site are copyrighted ©.