2017-05-23 12:23:00

അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റ് പാപ്പായെ സന്ദര്‍ശിച്ചു


അയര്‍ലണ്ടിന്‍റെ പ്രസിഡന്‍റ് മൈക്കിള്‍ ഡാനിയേല്‍ ഹിഗ്ഗിന്‍സിനെ ഫ്രാന്‍സീസ് പാപ്പാ വത്തിക്കാനില്‍ സ്വീകരിച്ചു.

തിങ്കളാഴ്ച (22/05/17) ആയിരുന്നു ഈ കൂടിക്കാഴ്ച.

അയര്‍ലണ്ടിനെയും പരിശുദ്ധസിംഹാസനത്തെയും ഒന്നിപ്പിക്കുന്ന രചനാത്മക ബന്ധങ്ങള്‍ ഈ സൗഹൃദസമാഗമത്തില്‍ പാപ്പായും പ്രസിഡന്‍റും അനുസ്മരിച്ചുവെന്ന് പരിശുദ്ധസിംഹാസനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം (പ്രസ്സ് ഓഫീസ്) ഒരു പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.

മനുഷ്യജീവന്‍റെ എല്ലാ ഘട്ടങ്ങളിലും മനുഷ്യാവകാശവും മാനവാന്തസ്സും സംരക്ഷിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത, കുടിയേറ്റ പ്രശ്നം, അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്കല്‍, പരിസ്ഥിതി പരിപാലനം, സ്ഥായിയായ വികസനം, യുവജനം, കുടുംബം തുടങ്ങിയവയും ചര്‍ച്ചാവിഷയങ്ങളായി എന്നും പത്രക്കുറിപ്പില്‍ കാണുന്നു.

ആഗോളവത്ക്കരണം, സര്‍വ്വോപരി, സാമ്പത്തിക മേഖലയില്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടുന്നതില്‍ ധാര്‍മ്മിക മാനദണ്ഡങ്ങളു‌ടെ പ്രാധാന്യത്തിന് പാപ്പായും പ്രസിഡന്‍റും തമ്മിലുള്ള ചര്‍ച്ചയില്‍ ഊന്നല്‍ നല്കപ്പെട്ടു. യൂറോപ്പിനെ സംബന്ധിച്ച ഭാവി വീക്ഷണങ്ങളും ഇരുവരും പങ്കുവച്ചു.

പാപ്പായുമായുള്ള കൂടിക്കാഴ്ചാനന്തരം പ്രസിഡന്‍റ് മൈക്കിള്‍ ഡാനിയേല്‍ ഹിഗ്ഗിന്‍സ് വത്തിക്കാന്‍ സംസ്ഥാന കാര്യദര്‍ശി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍, വത്തിക്കാന്‍റെ വിദേശകാര്യവകുപ്പിന്‍റെ ചുമതലയുള്ള ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ്  ഗാല്ലഗെര്‍ എന്നിവരുമായും സംഭാഷണത്തില്‍ ഏര്‍പ്പെട്ടു.








All the contents on this site are copyrighted ©.