2017-05-22 13:35:00

സൗമ്യതയും പരസ്പരാദരവും


സൗമ്യതയും അപരനോടുള്ള ആദരവും ആണ് ക്രൈസ്തവന്‍റെ ഭാഷയെന്ന് മാര്‍പ്പാപ്പാ.

റോം രൂപതയുടെ മെത്രാനെന്ന നിലയില്‍ ഫ്രാന്‍സീസ് പാപ്പാ ഞായറാഴ്ച (21/05/17)  വൈകുന്നേരം റോം രൂപതയില്‍പ്പെട്ടതും, വത്തിക്കാനില്‍ നിന്ന് 20 കിലോമീറ്ററിലേറെ തെക്കു പടിഞ്ഞാറ് സ്ഥിതിചെയ്യുന്നതുമായ  വിശുദ്ധ പിയെര്‍ ദമിയെന്‍റെ നാമത്തിലുള്ള ഇടവക സന്ദര്‍ശിച്ചവേളയില്‍ അവിടെ അര്‍പ്പിച്ച ദിവ്യബലിമദ്ധ്യേ നടത്തിയ സുവിശേഷപ്രഭാഷണത്തിലാണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

സൗമ്യതയുടെയും ആദരവിന്‍റെയുമായ ഈ ഭാഷ ക്രൈസ്തവരെന്ന നിലയില്‍ നമ്മുടെ മനോഭാവം എന്താണെന്ന് വിലയിരുത്താന്‍ നമ്മെ സഹായിക്കുമെന്നും പാപ്പാ പറഞ്ഞു.

ഇതു പരിശുദ്ധാരൂപിയുടെ ഭാഷയാണെന്നും സൗമ്യതയോടും ആദരവോടും കൂടി ക്രൈസ്തവന്‍ ഈ അരൂപിയെ കാത്തുസൂക്ഷിക്കണമെന്നും ഓര്‍മ്മിപ്പിച്ച പാപ്പാ  ഇടവകകളില്‍ സമാധാനവും സൗമ്യതയും ആദരവും തേടിയെത്തുന്നവര്‍ വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും പരദൂഷണവും മത്സരവും കണ്ടെത്തുകയാണെങ്കില്‍ അത് അക്രൈസ്തവികമാണെന്ന് വിശദീകരിച്ചു.

ഈ ഇടവകസന്ദര്‍ശനവേളയില്‍ ഫ്രാന്‍സീസ് പാപ്പാ ബാലികാബാലന്മാരുമായും രോഗികളുമായും കത്തോലിക്കാവിശ്വാസാര്‍ത്ഥികളായ മുതിര്‍ന്നവരുടെ സമൂഹവുമായും കാരിത്താസ് ഉപവിപ്രവര്‍ത്തന സംഘടനയുടെ സേവനം ലഭിക്കുന്ന പാവപ്പെട്ടവരും പാര്‍പ്പിടരഹിതരുമടങ്ങിയവരുമമായും, പ്രത്യേകം പ്രത്യേകം കൂടിക്കാഴ്ച നടത്തുകയും ഏതാനും പേരുടെ കുമ്പസാരം കേള്‍ക്കുകയും ചെയ്തു.

കുട്ടികളുമായുള്ള കൂടിക്കാഴ്ചാവേളയില്‍ പാപ്പാ അവരുടെ ചോദ്യങ്ങള്‍ക്കു  മറുപടി പറഞ്ഞു. ലോകത്തെ രക്ഷിക്കുന്നതിന് പ്രാര്‍ത്ഥനവഴി കുട്ടികള്‍ക്ക്   സാധിക്കുമെന്ന ആശയത്തിനൂന്നല്‍ നല്കുന്നതായിരുന്നു പാപ്പായുടെ ഉത്തരം.

പാവപ്പെട്ടവര്‍ സഭയുടെ നിധിയായണെന്നും സഭ അവരെകാത്തുസൂക്ഷിക്കണമെന്നും പാപ്പാ കാരിത്താസ് ഉപവിപ്രവര്‍ത്തന സംഘടനയുടെ സേവനം ലഭിക്കുന്ന പാവപ്പെട്ടവരുമായുള്ള കൂടിക്കാഴ്ചയുടെ അവസരത്തില്‍ പറഞ്ഞു.

 








All the contents on this site are copyrighted ©.