2017-05-21 20:04:00

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചരിത്രസ്മൃതികള്‍


മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചരിത്രത്തിലേയ്ക്ക് ഒരെത്തിനോട്ടം 

 

അപ്പസ്തോലകാലം മുതല്ക്കേ മലയാളക്കരയില്‍ രൂഢമൂലമായ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ചരിത്രസ്മൃതിയിലേയ്ക്കും സഭൈക്യശ്രമങ്ങളിലേയ്ക്കും ഒരു എത്തിനോട്ടമാണിത്. 

അവതരിപ്പിക്കുന്നത്, റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി, ഫാദര്‍ വിവേക് വര്‍ഗ്ഗിസ് കുടശ്ശനാട്.

നിങ്ങള്‍ ലോകമെങ്ങും പോയി എന്‍റെ സാക്ഷികളാകുവിന്‍, എന്ന ക്രിസ്തുവിന്‍റെ ആഹ്വാനം ശിരസ്സാവഹിച്ചുകൊണ്ട് പെന്തിക്കോസ്തി ദിനത്തിലെ പരിശുദ്ധാത്മ ആവാസത്തെ തുടര്‍ന്ന്, സുവിശേഷദൗത്യവുമായി ഏഷ്യാഭൂഖണ്ഡത്തിന്‍റെ ദക്ഷിണ ഭാഗത്ത് സ്ഥിതിചെയ്യുന്ന് ഭാരത ഭൂമിയിലേയ്ക്ക് ദിദിമോസ് എന്ന മറുപേരുള്ള തോമാശ്ലീഹാ കടന്നുവരുമ്പോഴാണ് ഭാരതത്തിലെ ക്രൈസ്തവ വിശ്വാസ ചരിത്രത്തിന് നാന്ദികുറിക്കപ്പെടുന്നത്. 

ഒന്നാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍, അതായത് ക്രിസ്തുവര്‍ഷം 52-ല്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ തുറമുഖമായ മസിരീസില്‍ കപ്പലിറങ്ങിയ തോമാശ്ലീഹാ രണ്ട് പതിറ്റാണ്ട് നീണ്ട സുവിശേഷീകരണത്തിന് നേതൃത്വംനല്കി. ഈ കാലയളവില്‍ മാല്യങ്കര, ചാട്ടുകുളങ്ങര, പാലൂര്‍, കോട്ടക്കാവ്, ഗോക്കമംഗലം, ചായല്‍, നിരണം, കുകകേണി, കൊല്ലം, തിരുവതാംകോട് എന്നിവിടങ്ങളിലായി ക്രൈസ്തവ സമൂഹങ്ങള്‍ സ്ഥാപിക്കുകയും, നാലു കുടുംബങ്ങളില്‍നിന്ന് തിരഞ്ഞെടുത്ത വ്യക്തികളെ വൈദികരായി വാഴിക്കുയും ചെയ്തു.  കേരളതീരത്ത് അടിസ്ഥാനമിടപ്പെട്ട ക്രിസ്തുമതം, തദ്ദേശീയ സംസ്ക്കരത്തിനും പൈതൃകത്തിനും അനുസരിച്ച് വികസിച്ച് ‘നസ്രാണി മാര്‍ഗം’ അഥവാ ‘മാര്‍ത്തോമായുടെ മാര്‍ഗ്ഗം’ എന്ന് അറിയപ്പെട്ടു. ഒരു മതവിശ്വാസം എന്നതിനെക്കാള്‍ ക്രിസ്തു വിശ്വാസത്തില്‍ അടിയുറച്ച ഒരു ജീവിതരീതിയായ് അത് രൂപപ്പെട്ടു.

1. ഗീതം -  പായും പാമരവും...

തദ്ദേശിയമായ സംസ്കൃതിയില്‍ നിലനില്ക്കുമ്പോള്‍ത്തന്നെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ക്രൈസ്തവ സഭകളുമായി ശക്തമായ ബന്ധം പുല്‍ത്തുവാന്‍ മലങ്കരസഭയ്ക്ക് കഴിഞ്ഞുവെന്നത് പിന്നീടുള്ള ചരിത്രത്തില്‍ കാണുവാന്‍ കഴിയും. രണ്ടാം നൂറ്റാണ്ടില്‍ മറ്റൊരു ക്രൈസ്തവസഭയായ അലക്സാന്ത്രിയന്‍ സഭയുമായി ഇവിടത്തെ നസ്രാണി സമൂഹം ബന്ധംപുലര്‍ത്തിയിരുന്നു. മൂന്നാം നൂറ്റാണ്ടിന്‍റെ അവസാന ദശകം മുതല്‍ മാര്‍ത്തോമാശ്ലീഹായുടെ പ്രേഷിത പ്രവര്‍ത്തനത്തിന്‍റെ മറ്റൊരു ഫലമായ പേര്‍ഷ്യന്‍ സഭയുമായും ഒന്നര സഹസ്രാബ്ദത്തിലധികംകാലം ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. നാലം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ഉണ്ടായ ക്രൈസ്തവ പീഡനത്തെ അതിജീവിക്കുവാനായി ക്നായി തോമാ എന്ന വ്യാപാരപ്രമുഖന്‍റെ നേതൃത്വത്തില്‍ നടന്ന കുടിയേറ്റവും, ഒന്‍പതാം  നൂറ്റാണ്ടില്‍ മാര്‍ സാപ്പോര്‍, മാര്‍ ഫ്രോത്ത് എന്നീ പിതാക്കന്മാരടെ ആഗമനവും മലങ്കര നസ്രാണികളും പേര്‍ഷ്യന്‍ സഭയും തമ്മിലുള്ള ബന്ധങ്ങളുടെ തെളിവായിരുന്നു.   ഈ നാടിന്‍റെ സംസ്കൃതിയോടും ധര്‍മ്മത്തോടും ഇഴുകിചേര്‍ന്ന നസ്രാണി സമൂഹത്തിന് നാട്ടുരാജാക്കന്മാര്‍ അടക്കമുള്ള ഭരണാധികാരികള്‍, എന്നും ആദരവും പ്രത്യേക ആനുകൂല്യങ്ങളും നല്‍കിയിട്ടുണ്ട്. അതിന്‍റെ ഏറ്റവും മികച്ച ഉദാരഹണമാണ് തരീസാപള്ളി ചെപ്പേടുകള്‍. എ.ഡി. 849-ല്‍ വേണാട് നാട് ഭരിച്ചിരുന്ന് രാജാവ്, മാര്‍ത്തോമാ നസ്രാണികള്‍ക്ക് നിരവധി പ്രത്യേക അധികാരങ്ങളും ആനുകൂല്യങ്ങളും ചെപ്പേടുകളില്‍ എഴുതി നല്കി.  കച്ചവടം നടത്തുവാനും, വ്യാപാരങ്ങള്‍ നിയന്ത്രിക്കുവാനും, സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുവാനും ഇതുമൂലം സാദ്ധ്യമായി. കേരളത്തില്‍ നിലനിന്നിരുന്ന മതസൗഹാര്‍ദ്ദാന്തരീക്ഷത്തിന്‍റെ പ്രീതമകായ ഈ ചെപ്പേടുകള്‍ ഇന്നും മലങ്കര സഭയുടെ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയില്‍ സൂക്ഷിച്ചിട്ടുണ്ട്.

2. ഓ മരിയാമേ...   ആലാപനം -  ഫാദര്‍  ഡോ. എം. പി. ജോര്‍ജ്ജ് 

നസ്രാണി സമൂഹത്തിന്‍റെ ഇടവകകളില്‍ ഭരണം നിര്‍വ്വഹിക്കുന്നതിനായി പള്ളിയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നതും, പള്ളിയോഗങ്ങളുടെ ആകമാന സമിതിയായി മലങ്കര പള്ളിയോഗങ്ങളും അതിന്‍റെ അദ്ധ്യക്ഷനായി ‘ജാതിക്ക് കര്‍ത്തവ്യന്‍’ എന്ന് മറുപേരുള്ള ‘അര്‍ക്കദിയാക്കോന്‍’ ഉണ്ടായിരുന്നുവെന്നതും നസ്രാണി സമൂഹത്തിന്‍റെ ഭരണ നിര്‍വ്വഹണ നൈപുണ്യതയെ എടുത്തുകാട്ടുന്ന ഒന്നാണ്. 1653-ലെ കൂനന്‍ കുരിശു സത്യത്തിനുശേഷം അര്‍ത്തദിയോക്കാനിന്‍ കേന്ദ്രീകൃതമായ ഭരണവ്യവസ്ഥിയില്‍നിന്ന് എപ്പസ്ക്കോപ്പായില്‍ കേന്ദ്രീകൃതമായ ഭരണവ്യവസ്ഥിതിയില്യേക്ക് സഭ മാറി.  പ്രഥമ തദ്ദേശീയ മെത്രാന്‍ മാര്‍ത്തോമാ ഒന്നാമന്‍ എന്ന പേരില്‍ വാഴിക്കപ്പെട്ടു. അദ്ദേഹത്തിന്‍റെ പിന്‍ഗാമികളായ മെത്രാന്മാരും ‘മാര്‍ത്തോമ’ എന്ന പേരില്‍ത്തന്നെ അറിയപ്പെട്ടു. ഈ കാലഘട്ടത്തിലാണ് സുറിയാനി പാരമ്പര്യത്തിലേയ്ക്ക് സഭ ബന്ധപ്പെടുന്നത്. ‘മാര്‍ത്തോമാ’ എന്ന സ്ഥാനനാമത്തില്‍ അറിയപ്പെടുന്ന സഭാതലവന്‍ പിന്നീട് മലങ്കര മെത്രാപ്പോലീത്ത എന്നും അറിയപ്പെട്ടു. 1912-ല്‍  കാതോലിക്കാ സിംഹാസനത്തിന്‍റെ ആവിഷ്ക്കാരത്തോടു സഭാതലവന്‍ ‘കാതോലിക്കാ’ എന്നും അറിയപ്പെടുവാന്‍ തുടങ്ങി.

18-Ɔ൦ നൂറ്റാണ്ടുവരെ മലങ്കര സഭയില്‍ വൈദിക വിദ്യാഭ്യാസം, ഭാരത സങ്കല്പത്തിലെ ഗുരുകുലം സമ്പ്രദായത്തോടു സാമ്യമുള്ള മല്പാന്‍ പാഠശാലകളിലായിരുന്നു നടന്നത്. 1815-ല്‍ കോട്ടയത്ത് മീനച്ചിലാറിന്‍റെ തീരത്ത് കേന്ദ്രീകൃത വൈദിക പരിശീലനത്തിനായി തിരുവതാംകൂറിന്‍റെ റാണി ഗൗരി പാര്‍വ്വതി ഭായി തമ്പുരാട്ടി കരം ഒഴിവാക്കി നല്കിയ സ്ഥലത്ത് ‘പഠിത്തവീട്’ എന്ന നാമത്തില്‍ സെമിനാരി സ്ഥാപിക്കപ്പെട്ടു. 2015-ല്‍ ഇരുന്നൂറാം വാര്‍ഷികം ആഘോഷിച്ച പഴയ സെമിനാരിയെക്കൂടാതെ നാഗപൂരില്‍ മറ്റൊരു സെമിനാരികൂടി മലങ്കര സഭയ്ക്കുണ്ട്.

3.  ഓര്‍ത്തഡുക്സോ

സഭയിലെ പ്രഖ്യപിത പരിശുദ്ധന്മാരായ പരുമലത്തിരുമേനി കബറടങ്ങിയിരിക്കുന്ന പരുമല പള്ളിയും മോര്‍ ദിവന്ന്യാസിയോസ് പിതാവ് അന്ത്യവിശ്രമംകൊള്ളുന്ന പഴയ സെമിനാരി ചാപ്പലും ഇന്ന് കേരളത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളാണ്. ആരാധന സംഗീതത്തില്‍ സുറിയാനി പാരമ്പര്യം സഭ ഇന്നും പിന്‍തുടരുന്നു. സുറിയാനി ഈണങ്ങളുടെ ക്രമത്തില്‍ ചിട്ടപ്പെടുത്തിയിരിക്കുന്ന ആരാധനഗാനങ്ങള്‍ പൗരാണികമായ ആരാധനാരീതിയിലേയ്ക്ക് വിശ്വാസിസമൂഹത്തെ കണ്ണിചേര്‍ക്കുന്നു. സുറിയാനി സംഗീത പരിശീലനവും ഗവേഷണവും ലക്ഷ്യമാക്കി ഒരു പഠനകേന്ദ്രം “ശ്രുതി” ആരാധനാഗാനങ്ങള്‍ക്കായുള്ള വിദ്യാലയം Sruti School of Liturgical Music കോട്ടയത്തെ സെമിനാരിയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു.

4. അബൂന്‍ ദ,ശ്മായോ

ഭാരതത്തിനകത്തും പുറത്തുമായി 30 ഭദ്രാസനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയാണ്. പരിശുദ്ധ പിതാവിനൊപ്പം 26 മെത്രാപ്പോലീത്താമാരും പരിശുദ്ധ സഭയില്‍ അജപാലന ശുശ്രൂഷ നിര്‍വ്വഹിക്കുന്നു.   ഓറിയെന്‍റല്‍ ഓര്‍ത്തഡോക്സ് സഭാ കുടുംബത്തിലെ അംഗമായ മലങ്കര ഓര്‍ത്തഡോക്സ് സഭ, എക്യുമെനിക്കല്‍ ബന്ധങ്ങള്‍ക്ക് എന്നും മുന്‍തൂക്കം നല്കിയിരുന്നു. 1948-ല്‍ അഖില ലോക സഭകളുടെ കൗണ്‍സില്‍ (World Council of Churches) രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് എക്യുമെനിക്കല്‍ ബന്ധങ്ങളിലെ നാഴികക്കല്ലായിരുന്നു. കോട്ടയം പഴയ സെമിനാരിയുടെ പ്രിന്‍സിപ്പലും ഡല്‍ഹി ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്തയുമായിരുന്ന ഡോ. പൗലോസ് മാര്‍ ഗ്രിഗോരിയോസ് മെത്രാപ്പോലീത്ത ലോക സഭാ കൗണ്‍സിലിന്‍റെ പ്രസിഡന്‍റായി പ്രവര്‍ത്തിച്ചത് സഭൈക്യ ബന്ധങ്ങള്‍ കൂടുതല്‍ ആഴപ്പെടുത്തുവാന്‍ സഹായിച്ചു.

1971 മുതല്‍ കത്തോലിക്കാ സഭയുമായി ഐക്യുമേനിക്കല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും വിവിധ മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. 1964-ല്‍ പരിശുദ്ധ ബസേലിയോസ് ഔഗേന്‍ ഒന്നാമന്‍, പരിശുദ്ധ പോള്‍ ആറാമന്‍ പാപ്പായും തമ്മില്‍ ബോംബെയില്‍വച്ച് നടന്ന കൂടിക്കാച ഇരുസഭകളുടെയും നവമായ ബന്ധങ്ങള്‍ക്ക് തുടക്കംകുറിച്ചു.  1983-ല്‍ റോമില്‍വച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് പ്രഥമന്‍ ബാവായും പരിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുമായി നടത്തിയ കൂടിക്കാഴ്ചയും, വീണ്ടും 1986-ല്‍ കോട്ടയത്ത് മലങ്കര സഭാദ്ധ്യക്ഷന്‍റെ ആസ്ഥാനദേവാലയത്തില്‍വച്ച് വിശുദ്ധനായ ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പായും മാത്യൂസ് പ്രഥമന്‍ ബാവായും തമ്മില്‍ നടന്ന നേര്‍ക്കാഴ്ചയും സഭൈക്യചര്‍ച്ചകള്‍ക്ക് കൂടുതല്‍ കരുത്തേകി.

2013 സെപ്തംബര്‍ 5-ന് മലങ്കര സഭയുടെ ഇപ്പോഴത്തെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ ബാവായും പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായും തമ്മില്‍ നടന്ന കൂടിക്കാഴ്ചയും സഭൈക്യ ചരിത്രത്തിലെ നിര്‍ണായക നിമിഷങ്ങളായിരുന്നു. രണ്ട് പൗരാണിക ശ്ലൈഹിക സിംഹാസനങ്ങളുടെ പിന്‍തുടര്‍ച്ചക്കാരായ അദ്ധ്യക്ഷന്‍മാരുടെ പരസ്പരമുള്ള ഹൃദയബന്ധങ്ങളുടെ ഊഷ്മളതയായിരുന്നു പ്രതിഫലിപ്പിച്ചത്. കൂടിക്കാഴ്ചയില്‍ പത്രോസിന്‍റെ സിംഹാസനസ്ഥനായ പാപ്പായുമായുള്ള സഹോദര്യബന്ധത്തിന്‍റെ അനുഭവം കാതോലിക്കാ ബാവ പങ്കുവച്ചപ്പോള്‍, മാര്‍ത്തോമാശ്ലീഹായുടെ പൈതൃകത്തില്‍ വളര്‍ന്ന മലങ്കസഭയുടെ പരമാദ്ധ്യക്ഷനുമായുള്ള നേര്‍ക്കാഴ്ചയില്‍ പാപ്പാ ഫ്രാന്‍സിസ് അതിയായ സന്തോഷം പ്രകടിപ്പിച്ചു.

ഇന്ന് ലോകം ഏറെ ആദരിക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായ ഫ്രാന്‍സിസ് പാപ്പായുടെ ജീവിതവും വാക്കുകളും തന്നെ ഏറെ ആകര്‍ഷിച്ചിട്ടുണ്ടെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരിക്കുന്നു. പാപ്പായുടെ ജീവിതം ലോകത്തിനു മുന്‍പില്‍ വലിയ ഒരു മാതൃക സൃഷ്ടിക്കുന്നുവെന്ന ബാവാ തിരുമേനിയുടെ വാക്കുകള്‍ക്ക്, പാപ്പാ മറുപടി പറഞ്ഞത്, താന്‍ ഒരു സാധാരണക്കാരാനാണെന്നും. അങ്ങയുടെ പ്രാര്‍ത്ഥനകള്‍ തന്നെ ബലപ്പെടുത്തട്ടെ എന്നുമായിരുന്നു.

സഭാപ്രതിനിധികളെ അഭിസംബോധനചെയ്യുന്നതിന് മുന്‍പ് നടന്ന രണ്ടു പരിശുദ്ധ പിതാക്കന്മാരുടെ സ്വകാര്യ സംഭാഷണത്തിന് മൂന്‍കൂട്ടി നിശ്ചയിച്ചിരുന്ന 10 മിനിറ്റില്‍നിന്നും 45 മിനിറ്റിലേയ്ക്ക് നീണ്ടുപോയതും, പരസ്പരം ഉപഹാരങ്ങള്‍ കൈമാറിയതും, ഒന്നിച്ചുള്ള നര്‍മ്മ സംഭാഷണങ്ങളും ആതിഥേയനായ പാപ്പായുടെ വിലമതിക്കാനാവാത്ത  ജീവിതമാതൃകയുടെ നേര്‍ക്കാഴ്ചകളായിരുന്നു.  എല്ലാറ്റിനും ഉപരി, അതിരാവിലെ വത്തിക്കാനില്‍നിന്ന് യാത്രപുറപ്പെടുവാന്‍ തുടങ്ങിയ പരിശുദ്ധ കാതോലിക്കാ ബാവയെയും സംഘത്തെയും നേരില്‍ കാണാനും യാത്രപറയാനും എല്ലാ ഔപചാരികതകളും മറന്ന് കാറിന്‍റെ സമീപം കാത്തുനിന്ന പാപ്പായുടെ ജീവിതശൈലി ക്രിസ്തീയ ഇടയ ശുശ്രൂഷയ്ക്ക് ഉത്തമമാതൃകയാണ്. വ്യത്യാസങ്ങളെ മാനിച്ചും അംഗീകരിച്ചുംകൊണ്ടും ഒരുമിച്ച് പ്രവര്‍ത്തിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ദൈവസ്നേഹം നമ്മെ സഹായിക്കട്ടെ!

5. കുഷ്ഠംപൂണ്ടു...

ഈ ചിന്താമലരുകളില്‍ ചേര്‍ത്തിരിക്കുന്ന ആരാധനാഗാനങ്ങള്‍ പാടിയത്  കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി അദ്ധ്യാപന്‍ ഫാദര്‍ ഡോ. എം. ജി ജോര്‍ജ്ജും അദ്ദേഹത്തിന്‍റെ വൈദിക വിദ്യാര്‍ത്ഥികളുമാണ്
All the contents on this site are copyrighted ©.