2017-05-20 12:55:00

വിസ്മയമുണര്‍ത്തി പാപ്പാ വീട്ടു പടിക്കല്‍


പാപ്പാ റോമിന്‍റെ പ്രാന്തത്തിലുള്ള ഏതാനും ഭവനങ്ങള്‍ ആശീര്‍വ്വദിച്ചു.

കരുണയുടെ ജൂബിലിവര്‍ഷത്തില്‍ താന്‍ വ്യക്തിപരമായി ആരംഭിച്ച “കാരുണ്യവെള്ളി” ആചരണം ഇപ്പോഴും തുടരുന്ന ഫ്രാന്‍സീസ് പാപ്പാ ആ ആചരണത്തിന്‍റെ ഭാഗമായിട്ടാണ് വത്തിക്കാനില്‍ നിന്ന് 35 കിലോമീറ്ററോളം തെക്കു പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന ഓസ്തിയ എന്ന സ്ഥലത്തുള്ള “സ്തേല്ല മാരിസ്” അഥവാ, “സമുദ്ര താരം” ഇടവകയിലെ ഒരു കെട്ടിട സമുച്ചയത്തിലെ പന്ത്രണ്ടോളം വീടുകള്‍ ഈ വെള്ളിയാഴ്ച വൈകുന്നേരം (19/05/17) ആശീര്‍വ്വദിച്ചത്.

ഇടവകകളില്‍ ആണ്ടിലൊരിക്കല്‍, പെസഹാക്കാലത്തില്‍ പതിവുള്ള ഭവനാശീര്‍വ്വാദകര്‍മ്മം സാധാരണ ഇടവകവികാരിയൊ, ആ ഇടവകയില്‍ സേവനമനുഷ്ഠിക്കുന്ന മറ്റേതെങ്കിലും വൈദികനൊ ആണ് നിര്‍വ്വഹിക്കുക.

എന്നാല്‍, പതിവുപോലെ ഭവനാശീര്‍വ്വാദത്തിന് ഒരു വൈദികന്‍ എത്തുമെന്ന മുന്നറിയിപ്പുണ്ടായിരുന്നതനുസരിച്ച് അതിനായി കാത്തുനിന്നിരുന്ന കുടുംബങ്ങള്‍ മണിയടി കേട്ട് വാതില്‍ തുറന്നപ്പോള്‍ കണ്ടത്  പതിവുകള്‍ തെറ്റിക്കുന്ന പതിവുള്ള ഫ്രാന്‍സീസ് പാപ്പായെയാണ്.

വീടുകള്‍ വെഞ്ചെരിക്കാന്‍ എത്തിയ പാപ്പാ ജപമാല സമ്മാനമായി നല്കുകയും, ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണമെന്നും, എന്നാല്‍ താന്‍ ആ കെട്ടിടസമുച്ചയത്തിന്‍റെ  പ്രവേശനകവാടത്തില്‍ പതിച്ചിരിക്കുന്ന അറിയിപ്പനുസരിച്ചുള്ള, നിശബ്ദത പാലിക്കപ്പെടേണ്ട ഉച്ചവിശ്രമ സമയത്തെ മാനിച്ചുവെന്നും സരസരൂപേണ പറഞ്ഞു.

റോമിന്‍റെ പ്രാന്തത്തില്‍ വസിക്കുന്ന കുടുംബങ്ങളോടുള്ള സാമീപ്യത്തിന്‍റെ  അടയാളമാണ് പാപ്പായുടെ ഈ ഭവാനശീര്‍വ്വാദ കര്‍മ്മമെന്ന് പരിശുദ്ധസിംഹാസാനത്തിന്‍റെ വാര്‍ത്താവിനിമയ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ്  ഇതെക്കുറിച്ചുള്ള പത്രക്കുറിപ്പില്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.