2017-05-20 12:46:00

മനുഷ്യവ്യക്തിയില്‍ അധിഷ്ഠിതമാകണം സാമ്പത്തിക പ്രക്രിയ-പാപ്പാ


മനുഷ്യവ്യക്തിയില്‍ ഊന്നി നില്ക്കുന്ന ഒരു സാമ്പത്തിക പ്രക്രിയ സാമൂഹ്യ സാകല്യത്തെയും ഫലദായക ഐക്യദാര്‍ഢ്യ സംസ്കൃതിയെയും ഊട്ടി വളര്‍ത്തുമെന്ന് മാര്‍പ്പാപ്പാ.

വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പാ പുറപ്പെടുവിച്ച “ചെന്തേസിമൂസ് ആന്നൂസ്” അഥവാ, “നൂറാം വര്‍ഷം” എന്ന ചാക്രികലേഖനത്തില്‍ അടങ്ങിയിരിക്കുന്ന അടിസ്ഥാന സാമൂഹ്യ പ്രബോധന തത്ത്വങ്ങള്‍ ഉചിതമായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനും പരിശുദ്ധസിംഹാസനത്തിന്‍റെ സാമ്പത്തിക ചിലവുകള്‍ക്കായി പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിനും വേണ്ടി ഒന്നു ചേര്‍ന്നിരിക്കുന്ന കത്തോലിക്കാ സാമ്പത്തിക വ്യവസായിക വിദഗ്ദ്ധരടങ്ങിയ “ചെന്തേസിമൂസ് ആന്നൂസ് പ്രൊ പൊന്തേഫിച്ചെ” ഫൗണ്ടേഷന്‍റെ വത്തിക്കാനില്‍ ചേര്‍ന്ന ത്രിദിന അന്താരാഷ്ട്രയോഗത്തില്‍ (18-20/05/2017) സംബന്ധിച്ച 250 ഓളം പേരുടെ സംഘത്തെ സമ്മേളനത്തിന്‍റെ സമാപന ദിനത്തില്‍, ശനിയാഴ്ച (20/05/17) സംബോധന ചെയ്യുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

മനുഷ്യവ്യക്തിയില്‍ അധിഷ്ഠിതമായ സാമ്പത്തിക പ്രക്രിയകള്‍ നൂതനസംരംഭങ്ങള്‍ക്കും രചനാത്മകതയ്ക്കും വ്യാവസായികചൈതന്യത്തിനും തൊഴില്‍ വ്യവസായ കൂട്ടായ്മയ്ക്കും പ്രചോദനം പകരുമെന്നും പാപ്പാ വിശദീകരിച്ചു.

സമഗ്രമായ മാനവ പുരോഗതിക്ക് ജനങ്ങളു‌ടെ ആവശ്യങ്ങളും അഭിലാഷങ്ങളുമായുള്ള ഇടപഴകലും സംഭാഷണവും, അതുപോലെ തന്നെ, ദരിദ്രരെ ശ്രവിക്കുകയും അവരുടെ ഇല്ലായ്മയുടെ അനുദിനാനുഭവങ്ങള്‍ മനസ്സിലാക്കുകയും ചെയ്യേണ്ടതും ആവശ്യമാണെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.

പാവപ്പെട്ടവര്‍ മുഖ്യ നായകരും ഗുണഭോക്താക്കളുമാകുന്ന ഒരു പ്രക്രിയയക്ക് തുടക്കംകുറിച്ചുകൊണ്ട് വ്യക്തികളെയും വിഭവങ്ങളെയും ഒറ്റക്കെട്ടായി നയിക്കാന്‍ കഴിവുറ്റ മദ്ധ്യസ്ഥ സംവിധാനങ്ങള്‍ സമൂഹങ്ങള്‍ക്കുള്ളിലും, സമൂഹങ്ങള്‍ക്കും വ്യാവസായികലോകത്തിനുമിടയിലും രൂപം കൊ‌ടുക്കേണ്ടതും ഒരാവശ്യമാണെന്നും പാപ്പാ വിശദീകരിച്ചു.

സാങ്കേതിക വിദ്യയിലും, പാഴാക്കലിന്‍റെ സംസ്കൃതിയിലും ദരിദ്രരെ അവഗണിക്കുകയും ബലഹീനരെ നിന്ദിക്കുകയും ചെയ്യുന്ന ജീവിതശൈലിയിലും നിന്നുയിര്‍കൊണ്ട അധികാരത്തിന്‍റെ രൂപങ്ങളും പുത്തന്‍ മാതൃകകളും പ്രബലപ്പെടുന്നതുയര്‍ത്തുന്ന ധാര്‍മ്മികവെല്ലുവിളികളോടു പ്രതികരിക്കുന്നതിന് സമ്പദ്ഘടകളെയും വികസനത്തെയും വ്യവസായത്തെയും സമ്പന്ധിച്ച നൂതനമായ വീക്ഷണങ്ങള്‍ കൊണ്ടുവരാന്‍ “ചെന്തേസിമൂസ് ആന്നൂസ് പ്രൊ പൊന്തേഫിച്ചെ” ഫൗണ്ടേഷന്‍ നടത്തുന്ന ശ്രമങ്ങളെ പാപ്പാ ശ്ലാഘിക്കുകയും ചെയ്തു.

1993 ജൂണ്‍ 13ന് വിശുദ്ധ രണ്ടാം ജോണ്‍ പോള്‍ മാര്‍പ്പാപ്പയാണ് ഈ ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.  








All the contents on this site are copyrighted ©.